ഹാ! ദിഷ്ടമിങ്ങനെ മറിഞ്ഞു തമോമയന്മാ-
രാദിത്യരാജശുഭമണ്ഡലമാക്രമിക്കേ
ആ ദിക്കിലുള്ള പുരവാസികളാകമാനം
ഖേദിച്ചു ബാഷ്പജലരാശിയിൽ മഗ്നരായി. 47
ആ രാജവൈരികളെയെട്ടരയോഗമെന്നു
പേരാർന്ന ഗോഷ്ഠിയിലെഴും ദ്വിജർ, നാടടക്കാൻ
നേരായ്ത്തുണച്ചു, കടുവേനലിൽ വീടെരിപ്പാൻ
പാരാതെ പാവകനെ മാരുതനെന്നപോലെ. 48
ഹുങ്കാളുമപ്പുരുഷർ നല്ലവരെന്നുവച്ചാ-
മൺകാക്കുവോനവരെയേറ്റവുമാദരിച്ചു.
വൻകാളഭോഗികളെയുല്പലപുഷ്പദാമ-
ശങ്കാകുലൻ ഗളതലത്തിലിടുന്നപോലെ. 49
പങ്കം വെടിഞ്ഞ നൃപനായവർ ദുഷ്ടരെന്ന
ശങ്കയ്ക്കു തെല്ലുമവകാശമുദിച്ചതില്ല;
തൻകണ്ണു നല്ലവനു നല്ലതുതന്നെ കാട്ടും
തിങ്കൾക്കുളിർക്കതിരിലഞ്ജനവും വെളുക്കും. 50
കണ്ടാലമിത്രയമനായൊരു കൊച്ചുതമ്പാ-
നുണ്ടായിരുന്നു രവിവർമ്മ, നിളേശമന്ത്രി
പണ്ടാരമാം മുതലു കന്മണിപോലെ കാത്തു-
കൊണ്ടാനവൻ നൃപനു ദക്ഷിണ ബാഹുതുല്യൻ. 51
കൂറ്റന്നുതക്ക ചുമൽ, മുട്ടുതൊടുന്ന കൈകൾ,
മാറ്റമ്പി നിർഭരമുയർന്നു തടിച്ച മേനി,
ഊറ്റം നിറഞ്ഞ മുഖലക്ഷ്മി, വിരിഞ്ഞ വക്ഷ,-
സ്സേറ്റം കരുത്തു,മവനാണ്ടു,രിപുക്കൾ ഭീയും. 52
ആയം വ്യയത്തിലധികം പ്രജകൾക്കു നിത്യ-
മായത്തമാക്കി, യവനിക്കഴലാകെയാറ്റി,
ആയംപെടും ഗുണഗണത്തിനു കേളിരംഗ-
മായസ്സുമന്ത്രസമനാം സചിവൻ വിളങ്ങി. 53
ആണുങ്ങൾതന്നണിമണിക്കിരുപത്തിനാലു
കാണും വയസ്സതിനിടയ്ക്കവനാജിഭൂവിൽ
വേണുംപടിക്കഹിതകീർത്തി ഹിമാനിയെത്തൻ
ചേണുറ്റ ബാഹുബലവഹ്നിയിലാവിയാക്കി. 54
വമ്പാർന്ന ദോർബ്ബലമിയന്നിടുമാ യുവാവാം
തമ്പാനെ, വൃദ്ധരിലെഴും കൊതിയൊക്കെനീക്കി,
വെൺപാൽപ്പുകൾക്കമനിപോയ്ത്തനിയേ പുണർന്നാൾ
ശമ്പാമതല്ലി നവവർഷഘനത്തിനെപ്പോൽ. 55
വഞ്ചിക്കു, മാരി, യിരുൾ, കാറിവ വാച്ച രാവിൽ
വഞ്ചിച്ചിടാത്തൊരു വിളക്കുമരം കണക്കേ.
താൾ:ഉമാകേരളം.djvu/6
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്