അതുലപ്രഭർ ബാലർ വാപിയെക്ക—
ണ്ടിതു വൈവസ്വതവക്ത്രമെന്നപോലെ. 101
വടിവൊത്ത തറയ്ക്കു നല്ല ശീമ—
സ്ഫടികക്കല്ലു പതിച്ചുവച്ചപോലെ
അടിയപ്പടി കാണുമാറു വാപീ—
മുടിമുക്താമണി മുറ്റുമന്നു മിന്നി. 102
ഒളിയാർന്ന വിയൽപ്പടത്തിനോമൽ—
ക്കുളിർക്കണ്ണാടിയിൽ മുടിയിട്ടപോലെ
നളിനീമണി, തന്നടിക്കു താരാ—
മിളിതാബ്ജാദിപദാർത്ഥമേന്തി മിന്നി. 103
ദിനവൃത്തി കഴിഞ്ഞു നിദ്രയിൽത്താൻ
നിനവായ് ശയ്യയണഞ്ഞവങ്കണക്കെ
അനഘപ്രഭമത്തടാകമേതും
സ്വനമില്ലാതെയനക്കമറ്റിരുന്നു. 104
ഇളക്കൊല്ല ഗഭീരരാകിലെന്നോ
വിളയാട്ടത്തിനതല്ല കാലമെന്നോ
ഇളതൻ വരരോടു നിശ്ചലസീ—
വിളയും വാപി കഥിച്ചപോലെ തോന്നി. 105
നളിനാനനമാകെ വാടിയോള—
ക്കളിവിട്ടതൽ മുഴുത്തു ചത്തമട്ടിൽ
കുളിർവാപി കുമാരർതന്നുദർക്കം
തെളിവായ്ക്കണ്ടതുപ്പൊൽ മയങ്ങി വാണു. 106
ഖലനെത്തി കരയ്ക്ക, വൻ തുടങ്ങും
പലദുഷ്കർമ്മവുമായതൊക്കെ നോക്കാൻ
ബലമില്ല മനസ്സിനെന്നുവച്ചോ
ജലഞന്തുക്കളകത്തു പോയ്മറഞ്ഞു? 107
അഗമങ്ങളനങ്ങിയില്ല ലേശം;
മൃഗവും പക്ഷിയുമൊച്ചവച്ചതില്ല;
ഗഗനത്തിന്നുമൂർവരയ്ക്കുമൊപ്പം
വിഗളത്തായ് ഢൃതിയെന്നപോലെ തോന്നി. 108
നൃവരാർഭകർ വാപി നോക്കിടുമ്പോ—
ളവർതന്നോലകൾ നോക്കി ചിത്രഗുപ്തൻ;
ജവമോടവർ നീറ്റിലേക്കിറങ്ങി
ദിവസേശാത്മജഭൂതർ ഭൂവിലേക്കും. 109
ഒളിയേന്തിടുമക്കിടാങ്ങളേയും
കുളിർത്തിങ്കൾക്കിയലും നിലാവിനേയും
നളിനം വിരിയാത്ത പൊയ്കയേയും
വെളിവിൽക്കണ്ടരി നീചനേവമോർത്താൻ: 110
താൾ:ഉമാകേരളം.djvu/78
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല