ക്ഷമവന്നിടു,മോതുവിൻ,ഗത
ക്രമമെന്തോന്നു പിഴച്ചു പോയവൾ? 87
എരിതീക്കനലെന്ന ശങ്കയാൽ
ഹരി ഖദ്യോതമെടുത്തപോലവേ
പരിചോടു നിനച്ചു നിങ്ങളാൽ
ത്വരിതം ഭൂമി സനാഥയാകുവാൻ 88
മൃഗതൃഷ്ണയെ വ്യാപിയെന്നുതാൻ
നൃഗണം ഹൃത്തിലുറച്ചിരുന്നുപോയ്!
ഭഗവൽകരുണാംബു ഹന്ത! ദുർ-
ഭഗർ പൗരർക്കൊരു കാളകൂടമായ്! 89
ഇവൾതൻ ജഠരത്തിൽ മണ്ണടി-
ച്ചവനീമങ്കയെ വന്ധ്യമാക്കുവാൻ
ജവമോടു കിടാങ്ങളോർക്കുകിൽ
ശിവനേ! പിന്നെയിരിപ്പതെങ്ങനെ? 90
പുരുനന്ദികലർന്നു നിങ്ങൾതൻ
തിരുനാമങ്ങളുരച്ചു ചുറ്റുമേ
വിരുതറ്റു തിരഞ്ഞു നോക്കിടു-
ന്നൊരു തത്തമ്മകളാശ്വസിക്കുമോ? 91
അരുണോജ്ജ്വലമേടകൾക്കെഴു-
ന്നൊരു മുറ്റങ്ങളിലുച്ചനേരവും
ഇരുൾ ദർശനിശപ്പടിക്കിനി-
പ്പെരുകും; ഞനതു കാണ്മതെങ്ങനെ? 92
ഉരപൂണ്ടൊരു കേളിവസ്തുവിൻ
നിരയെൻ കുട്ടികൾ വിട്ട ഹേതുവാൽ
പരമാഭവെടിഞ്ഞുപോം ദൃഢം
ചരടറ്റുള്ള വധൂഗളങ്ങൾപോൽ 93
നലമേറിന നിങ്ങൾ കൈവിടും
മലർമഞ്ചങ്ങൾ മനോജ്ഞബാലരേ!
ജലമറ്റുവരണ്ട വാപികൾ-
ക്കുലകിൽസ്സോദരഭാവമേന്തിടും 94
ജലമറ്റൊരു വാപിയോ? ഹരേ!
ജലമേറുന്നൊരു വാപിയല്ലയോ
നലമാർന്ന് കിടാങ്ങൾതൻ കൊടും-
കൊലചെയ്തീടിന ദുഷ്ടരാക്ഷസി? 95
കുളമേ; കുളമേ! നിനക്കുമുൾ-
ക്കളമാർദ്രത്വമെഴാത്ത പാറയോ?
അളവറ്റിടുമശ്രു വീഴ്ത്തി നീ-
യിളയും നിന്നൊടു തുല്യമാക്കിയോ? 96
താൾ:ഉമാകേരളം.djvu/93
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല