ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
നാലു ഭാഷാകാവ്യങ്ങൾ 37


ഓർക്കാതെ തീണ്ടിയൊരു നൽച്ചെറുമിക്കു മാലു
തീർക്കാൻ തെളിഞ്ഞു ചിലതൊക്കെയുടൻകൊടുത്ത്
പാർക്കാതെ പാലിവളെടുത്തുവരുമ്പൊഴെയ്ക്കും
നേർക്കാപ്പടിയ്ക്കൽ വരികിൽത്തരമാകുമെല്ലാം.'       70

ഓർക്കാതെവന്ന തെളിവാലവൾ നാണമേതും
നോക്കാതെ കണ്ണനടലിന്നുടനാടലാറ്റി
ഊക്കാർന്നിടുന്നതിനിവണ്ണമുരച്ചു പുല്‌കി
നിൽക്കാതെ കൺമുനയവങ്കലണച്ചുപോയി.        71

കണ്ണ,ന്നമൊത്ത നടയാളിടയിൽ തിരിച്ചാ-
ക്കണ്ണന്നു നേർക്കടവൊടങ്ങിനെ നോക്കി നോക്കി
തിണ്ണന്നു തന്നുടയവീടൊടടുത്തുചെന്നാ-
പ്പെണ്ണന്നുടൻ പടികടന്നു മറഞ്ഞു പിന്നെ.        72

അന്നപ്പടിക്കു നടകൊണ്ടൊരവൾക്കു പിമ്പേ
പിന്നെപ്പടിക്കുലുഴലാതെ നടന്നു കണ്ണൻ
ചെന്നപ്പൊഴെയ്ക്കുമവൾ പാലുമെടുത്തുകൊണ്ടു-
വന്നപ്പടയ്ക്കു നടകൊൾവവനായ്‍ക്കൊടുത്തു.        73

വേണ്ടുന്നതൊക്കയവർ തമ്മിലുരച്ചു വീണ്ടും
വീണ്ടും മിഴിത്തലകളാലെ പുണർന്നു പിന്നെ
മണ്ടുന്നനേര, 'മിനിയിന്നിരവിങ്കലെ'ന്നുൾ-
ക്കൊണ്ടുള്ള നൽക്കൊതിയോടോതി നടന്നു കണ്ണൻ.        74

നല്ലാരിൽമുത്തരിയകണ്‌മുനയെത്തുണയ്ക്കായ്-
ച്ചെല്ലാനയച്ചതിലുയർന്ന മിടുക്കിനോടും
നില്ലാതെ പോയരിയമാറ്റലർനാട്ടിലെത്തി
ചൊല്ലാളിടുന്ന പടയാളി തളർന്നിടാതെ.        75

കാട്ടിക്കൊടുത്തു ചിലർ, മന്നനടക്കി മണ്ണാർ-
ക്കാട്ടിൽപ്പെടുന്നൊരവനുള്ള നിലങ്ങളപ്പോൾ
ആട്ടിക്കളഞ്ഞിതവിടെപ്പണി ചെയ്യുവോരെ-
പ്പൊട്ടിപ്പൊടിച്ചുയരുമീറയൊടേറ്റു കണ്ണൻ.        76

പേടിച്ചുമണ്ടുമവർ ചൊല്ലിയറിഞ്ഞു കൂട്ടർ
കൂടിച്ചൊടിച്ചരചനുക്കെഴുമാനയിന‍‍്മേൽ
മോടിപ്പകിട്ടൊടു കരേറീയടല‍‍്‍ക്കു വട്ടം
കൂടിപ്പുകഴ്ന്നൊരെതിരാളിയൊടന്നടുത്തു.        77

"https://ml.wikisource.org/w/index.php?title=താൾ:കണ്ണൻ.djvu/10&oldid=216570" എന്ന താളിൽനിന്ന് ശേഖരിച്ചത്