ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
38 കുണ്ടൂർ നാരായണമേനോൻ


പോരാളിമാരരിവാളുമെടുത്തു പത്തു-
നൂറാളൊടൊത്തരചനിങ്ങിനെ പോർക്കടുക്കേ,
മാറാതെ വാൾപ്പിടി പിടിച്ചുറതന്നിൽനിന്ന-
തൂരാതെ നിന്നു മലപോലിളകാതെ കണ്ണൻ:        78

'ആരിക്കുറുമ്പുടയ പോക്കിരിയെന്റെ വേല-
ക്കാരിൽ കടന്നു തകരാറുകൾ ചെയ്തിടുന്നോൻ?
നേരിട്ടു കൊൽകിവനെ' യെന്നരുൾ ചെയ്തിടുന്ന
പാരിൻമണാളനൊടു കണ്ണനുരച്ചിതപ്പോൾ:        79

'കോലാട്ടെയീ മുതൽ പിടിച്ചുപറിച്ചതൊട്ടും
ചേലായതില്ലറികൊരാണവിടെപ്പിറന്നു
മേലാലുമിങ്ങനെ നടക്കുകവയിതേകാ-
ഞ്ഞാലാടലാ,മടലിൽ നിൻ‌തല ഞാനെടുക്കും.        80

പോരെങ്കിലായതിനൊരുങ്ങിടുകാളു തെല്ലു
പോരെങ്കിലൊട്ടിനിയുമിങ്ങുടനേ വരുത്തു
നേരെങ്കലുണ്ടരിയവാളിതുമുണ്ടു, നേരി-
ട്ടാരെങ്കിലും വരികിനിക്കളയായ്ക നേരം.'        81

എന്നോതി വാളുമുറയൂരിയുലച്ചു മഞ്ഞിൻ-
കുന്നോടിടഞ്ഞുടുമുറപ്പുടയോരു കണ്ണൻ
നിന്നോരുനേരമൊരു നൂറെതിരാളിമാരൊ-
ത്തന്നോടിയെത്തിയടലിന്നുടനങ്ങെതിർത്തു.        82

ഒന്നായിവണ്ണമവരാടുകളൊത്തൊരൂക്കൻ-
ചെന്നായയോടെതിരിടുന്നതിനെന്നപോലെ,
ചെന്നായവന്നരികിലായതു കണ്ടു വാളും
നന്നായുലച്ചവരോടന്നടലാടി കണ്ണൻ.        83

വട്ടമ്പെടും പരിചയാലവരന്നു വെട്ടും
വെട്ടന്നു വാട്ടമണയാതെ തടുത്തടുത്ത്
കൂട്ടത്തൊടെത്തുമവർതന്തല കൊയ്തൊരമ്മാ-
നാട്ടംതുടങ്ങിയടവിൽ പിഴയാതെ വമ്പൻ.        84

നേരിട്ടെതിർത്തൊരവർതൻ തല വെട്ടി നീളെ-
പ്പാരിൽ പരത്തിയവനങ്ങു വിളങ്ങിടുമ്പോൾ
പോരിന്നു പേടികലരാതെഴുമാനയിൻ‌മേ-
ലേറിക്കടുത്തടലിനോടിയടുത്തു മന്നൻ.        85

"https://ml.wikisource.org/w/index.php?title=താൾ:കണ്ണൻ.djvu/11&oldid=216571" എന്ന താളിൽനിന്ന് ശേഖരിച്ചത്