നാലു ഭാഷാകാവ്യങ്ങൾ | 41 | |
'അയ്യോ! ചതിച്ചു തകരാറു പിണഞ്ഞിതെ'ന്നായ്
തിയ്യോടിടഞ്ഞഴലിലുൾത്തളിർ വെന്തുരച്ചു
കയ്യോടെ കൊച്ചു കരൾ മങ്ങിയ കണ്ണനുള്ള
മെയ്യോടണഞ്ഞു തടിപോലെ മറിഞ്ഞുവീണു. 102
ഇമ്മാതിരിക്കകമുഴന്നുനടന്നു കണ്ണൻ-
തൻമാറിൽ വീണു കുറെയങ്ങു കിടന്നുണർന്നു
പൊന്മാനിനൊത്ത മിഴിയാളഴലാലെ കണ്ണീർ
വന്മാരിയെന്നപടി വാർത്തു കരഞ്ഞുരച്ചു: 103
'പെട്ടെന്നുകണ്ടളവു തമ്മിലിയന്ന വേഴ്ച-
യൊട്ടല്ല,തെൻകണവ! നീയുടനേ മറന്നു
വേട്ടന്നുതന്നെ കനിവറ്റിതുപോലെയെന്നെ
വിട്ടങ്ങു പോവതു കുറച്ചു കടുപ്പമല്ലേ? 104
വീടെന്റെയാങ്ങളകളമ്മതുടങ്ങിയോരെ-
ക്കൂടെക്കളഞ്ഞടിമപോലണയുന്നൊരെന്നെ,
നാടെങ്ങുമേ പുകൾ പരത്തിയെരങ്ങിവണ്ണം
കേടെന്തു കണ്ടു പറയാതെ വെടിഞ്ഞിടുന്നു? 105
മറ്റൊരുവീട്ടിലുടയോളിവളെങ്കിലും മാൽ
മാറ്റാനുറച്ചിവളിലങ്ങു കനിഞ്ഞപോലെ
മറ്റാരു ചെയ്യു,മലിവോടതുനേരമെൻമാ-
ലാറ്റാനെടുത്ത പണിയെങ്ങിനെ ഞാൻ മറക്കും ? 106
ചൊല്ലാളുമിപ്പെരിയ നന്മകളാർന്നൊരങ്ങു
വല്ലാതെ വാൾമുന തറച്ചിവിടെക്കിടക്കെ,
നില്ലാതെ മാലിലിവൾ വെന്തുരുകാത്തതെന്തു ?
നല്ലാർക്കെഴുംകരൾ കടുത്തൊരിരിമ്പുതന്നെ. 107
കണ്ണന്റെ തോഴരുടെയുണ്ണികണക്കുതാനെ
തിണ്ണനെതിർത്ത പല മാറ്റലരെപ്പൊതുക്കി
വിണ്ണങ്ങണഞ്ഞതു നിനച്ചു കരഞ്ഞീടാതി-
പെണ്ണങ്ങു പോയ വഴി നോക്കിയിതാ വരുന്നൂ.' 108
ചാവാനുറച്ചിതുമുരച്ചവൾ കണ്ണനേറ്റ
കൈവാൾ പറിക്കെ, മുറി നോവുകയാലുമൊപ്പം
മാൽവാച്ച കൊച്ചു മിഴിനീരു തളിക്കയാലും
പൂവായിടഞ്ഞ മിഴിയൊന്നു തുറന്നൂ കണ്ണൻ. 109