ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
47
കുണ്ടൂർ നാരായണമേനോൻ
 


ഇന്നാളുമീറയൊടുമെത്തിയെതിർക്കുമെന്നെ-
ക്കൊന്നാൽ കുരുത്തുടയകണ്ണനതോർത്തിടേണം.       149

കൊണ്ടാടിടുന്ന പതിനെട്ടടവും തിരിഞ്ഞു-
കൊണ്ടാണിരിപ്പതു പടയ്ക്കു മിടുക്കെഴുന്നോൻ
തിണ്ടാടി നേർക്കുമെതിരാളികളെത്രകൂടി-
ക്കൊണ്ടാലുമാ മിടുമിടുക്കനു പുല്ലുപോലെ.       150

പണ്ടാരുമീ നിലയിലുള്ളഴകോടുകൂടി-
യുണ്ടായതില്ലരിയൊരപ്പടയാളിതന്നെ
തണ്ടാരിടഞ്ഞ മിഴിമാരൊരു കണ്ണുനോക്കി-
ക്കണ്ടാൽ മയങ്ങൂ, മിവളിൽപ്പിഴവെന്തു പിന്നെ?       151

നന്നായിതൊക്കെയുടനോർത്തിവൾ തന്നെ വേൾക്കു-
കെന്നായ്ക്കൊടുത്തിടുക കണ്ണനു നിങ്ങളിപ്പോൾ
എന്നാൽ നമുക്കു തറവാടിനു വാട്ടമറ്റോ-
രുന്നായി വന്നിടുമടർക്കടവുള്ള കണ്ണൻ.       152

നല്ലാരിൽമുത്തിനുടെ മാറ്റലരെപ്പുകഴ്ത്തും
ചൊല്ലാലെ നെയ്യു പകരുന്നൊരു തിയ്യുപോലെ
വല്ലാതെ വാച്ചിടുമൊരീറയൊടന്നു തന്നേ
കൊല്ലാനയച്ചിതവരാക്കരികൂന്തലാളെ.       153

കൈവന്നൊരീറയൊടുമിങ്ങിനെ കൊച്ചുതന്നെ-
ക്കാവൽക്കുവേണ്ട പടയാളികളോടുകൂടെ
ആ വമ്പരും കൊലനിലത്തിനയച്ചു കണ്ണ-
നായ്വമ്പടയ്ക്കുടനിറങ്ങണമെന്നുറച്ചു.       154

നില്ലാതെ കൊച്ചിനെയുടൻ കഴുവിന്മേലേറ്റി-
കൊല്ലാനുറച്ചു പലരിങ്ങനെ വാളുമേന്തി
വല്ലാത്ത കൂട്ടരവർ പോയ്ക്കഴിവുള്ളിടത്തു
ചെല്ലാനടുത്തളവിലന്നൊരു കാഴ്ച കണ്ടു.       155

പോരാളിമാരരിയവാളുമെടുത്തു പത്തു
പേരാളുമുങ്കൊടണയുന്നതിനൊട്ടു മുമ്പിൽ
പേരാടിടുന്ന പടയാളിയൊരുത്തനോടി-
പ്പാരാതെ മാന്മിഴിയെഴുന്നൊരിടത്തിലെത്തി.       156

കയ്യും പിടിച്ചവളെയുക്കൊടു പിന്നിലാക്കി-
'ചെയ്യും നിനക്കു തുണയെന്നുടെ കൂട്ടരെ'ന്നായ്
പെയ്യുന്നൊരുൾക്കനിവൊടായവളോടുരച്ചു
തിയ്യും തൊഴുന്നൊരു മിടുക്കൊടടർക്കടുത്തു.       157

"https://ml.wikisource.org/w/index.php?title=താൾ:കണ്ണൻ.djvu/20&oldid=216580" എന്ന താളിൽനിന്ന് ശേഖരിച്ചത്