ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ചൈനീസ് കവിതകൾ

ദുരന്തരാഗം

(ചൊ വെൻ ചൂൺ)

ഹാ, മൽപ്രഭോ ഹൃദയനായക മാനസത്തിൽ
നാമന്നു കാത്തനുഭവിച്ച നവാനുരാഗം
ആ മാമലയ്ക്കുമുകളിൽ പതിവായ് പതിക്കും
തൂമഞ്ഞുപോൽ ധവളകോമളമായിരുന്നു.

ശ്രീതാവുമംബരതലത്തിലലഞ്ഞുലഞ്ഞു-
ള്ളേതാനുമഭ്രശകലങ്ങളിയന്നിണങ്ങി,
സ്ഥീതാഭമാമവയിലൂടവതീർണ്ണമാ,മ-
ശ്ശീതാംശുപോൽ ധവളകോമളമായിരുന്നു!

ഓതുന്നിതന്യർ തവ ചിന്തകൾ പെട്ടകൂടി
ചേതസ്സിൽ വിങ്ങിഞെരിയുന്ന വിനാശവൃത്തം.
ഏതാനുമുണ്ടു കഴിവെങ്കിലതൊറ്റയാക്കാ-
നേതാദൃശം കരുതിയെത്തി തവാന്തികേ ഞാൻ.

വന്നാലുമിന്നിനി നമുക്കവസാനമായി-
ട്ടൊന്നിച്ചിരുന്നു നറുമുന്തിരിയാസ്വദിക്കാം
എന്നിട്ടു,നാളെ,യവിടെപ്പുഴവക്കിലോള-
മൊന്നിച്ചുചേർന്നിരുവഴിക്കു പിരിഞ്ഞിപോകാം!

അത്തോടു ചെന്നവിടെവെച്ചിരുശാഖയായി-
ത്തത്തിപ്പിടഞ്ഞു പിരിയുന്നവിടത്തിലെത്തി
ചിത്താധിനായക, ഭവാനോടു യാത്രയും ചൊ-
ന്നുൾത്താപമോടിവൾ തനിച്ചു തിരിച്ചുപോരാം!

ഏകാന്തരംഗയുതനായ് നിജപത്നിതന്റെ
കാർകുന്തളത്തിൽ നവവെൺകളി വീശുവോളം
പോകാതെ, യേകനിയലായ്കിലൊരംഗനയ്ക്കു
ശോകാന്ധയായി വിലപിക്കണമിപ്രകാരം:

"https://ml.wikisource.org/w/index.php?title=താൾ:കല്ലോലമാല.djvu/1&oldid=172974" എന്ന താളിൽനിന്ന് ശേഖരിച്ചത്