ഉൾക്കുളിരേകിപ്പക്ഷികൾപെയ്യും
നൽക്കളകളധാരകൾ;
കൊച്ചലകളിയറ്റും, പുല്ലണി-
പ്പച്ചമൈതാനഭൂമിയിൽ
മോടിയിൽക്കാണാമാട്ടിടയന്മാ-
രാടുമേയ്ക്കുന്ന കാഴ്ചകൾ!
ലോലസൗരഭമോരുമായിരം
മാലതീമലർമൊട്ടുകൾ;
ഉൾപ്പുളകമിയറ്റുള്ളസൽ-
പ്പൊൽപ്പനീരലർത്തൊത്തുകൾ;
വാരി വാരി വിതറിയിട്ടുള്ള
വാരിളംകുളിർമെത്തകൾ;
സജ്ജമാക്കും നിനക്കിവിടെ ഞാൻ
വിശ്രമിക്കുവാനോമനേ!
കണ്ണിണ കവർന്നീടുമാറൊരു
കമ്രപുഷ്പകോടീരകം;
നൽത്തമാലത്തളിരുകളാലൊ-
രത്യമലോത്തരീയകം
ആത്തമോദം ചമച്ചു നൽകും ഞാൻ
ചാർത്തുവാൻ നിനക്കോമനേ!
അച്ഛകാന്തി വഴിഞ്ഞ ഞങ്ങൾതൻ
കൊച്ചു ചെമ്മരിയാടുകൾ
തന്നിടും ലോലരോമലൂതകൾ
തുന്നിച്ചേർത്ത തുകിലുകൾ;
പട്ടുവാറിൽ പൊതിഞ്ഞു, പൊന്നാണി-
യിട്ട, കൊച്ചു ചെരിപ്പുകൾ,
ആത്തമോദം രചിച്ചു നൽകും ഞാൻ
ചാർത്തുവാൻ നിന്നക്കോമനേ!
പൊൽക്കുതിരവാൽപ്പുല്ലുകൾ മെട-
ഞ്ഞക്കണിക്കൊന്നപ്പൂക്കളാൽ
കിങ്ങിണികൾ കോർത്തിട്ടു, വിദ്രുമ-
ക്കുഞ്ഞലുക്കിട്ടിടയ്ക്കിടെ
ഹീര-ഗൗര-വൈഡൂര-വൈരക-
ചാരുമേഖലയൊന്നു, ഞാൻ
ആത്തമോദം രചിച്ചു നൽകുവൻ
ചാർത്തുവാൻ നിനക്കോമനേ
താൾ:കല്ലോലമാല.djvu/15
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു