ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

"അയ്യോ, ചതിച്ചു വിധിയെന്നെ,യെനിക്കതൊട്ടും
വയ്യേ സഹിപ്പതി, നിതെന്തിനു വന്നുകൂടി?
അയ്യോ, വിധേ, പരമദുർഭഗ ഞാ,നെനിക്കു
വയ്യേ ജഗത്തിലിനിയെന്തിനു ഞാനിരിപ്പൂ?"

കുറിപ്പ്
സ്റ്റ്യൂ-മാഹ് സ്യാങ്-ജൂ ചെറുപ്പക്കാരനായ ഒരു കവി ആയിരുന്നു. ശാരീരികമായ അസ്വാസ്ഥ്യം നിമിത്തം രാജധാനിയിലെ ഉദ്യോഗം അദ്ദേഹത്തിന് നഷ്ടമായി.

ധനാഢ്യനായ ഒരു മാടമ്പിയുടെ മകളായിരുന്നു ചൊ-വെൻ-ചൂൺ. ഒരു ദിവസം അവളുടെ പിതാവ് പ്രമാണികളായ പലരേയും ക്ഷണിച്ചുവരുത്തി ഒരു സത്കാരം നടത്തി. ഹ്സ്യാങ്-ജൂ അതിൽ പങ്കുകൊണ്ടിരുന്നു. അദ്ദേഹം മധുരമായി പാടി. ആ പാട്ടിൽ മയങ്ങിപ്പോയ അവൾ അന്നു തന്നെ അദ്ദേഹവുമൊന്നിച്ച് അവിടെനിന്നും ഒളിച്ചോടി.

ദൂരെയുള്ള ഒരു നഗരിയിൽച്ചെന്ന് ഒരു 'വൈൻകട' നടത്തിക്കൊണ്ടു പാർപ്പുറപ്പിച്ചു. അധികനാൾ കഴിയുന്നതിന്നുമുമ്പ് ഒരു കവിയെന്ന നിലയിൽ ഹ്സ്യാങ്-ജൂവിന്റെ കീർത്തി നാടെങ്ങും പരന്നു. എന്നാൽ അതോടൊപ്പം പണക്കൊതിയും പെൺകൊതിയും അദ്ദേഹത്തെ അധഃപതിപ്പിക്കാൻ തുടങ്ങി. പ്രേമഗാനരചന അദ്ദേഹം ഒരു വ്യാപാരമാക്കി. ചക്രവർത്തിയുടെ പ്രീതി സമ്പാദിക്കുന്നതിനായി കൊട്ടാരത്തിലെ സ്ത്രീകൾ ആ കവിതകൾ വിലയ്ക്കുവാങ്ങിക്കൊണ്ടുപോയി തിരുമുൽക്കാഴ്ചവച്ചുപോന്നു...

മോ-ലിംങിലെ സ്ത്രീകൾക്കു വിലപിടിച്ച പല സമ്മാനങ്ങളും കൊടുത്ത് അദ്ദേഹം സുന്ദരിയായ ഒരു യുവതിയെ തന്റെ വെപ്പാട്ടിയാക്കി വെച്ചുകൊണ്ടിരുന്നു. അദ്ദേഹത്തിന്റെ അനാശാസ്യമായ ഒരു പ്രവൃത്തിയാണ്, സാധ്വിയും സുശീലയുമായ ചൊ-വെൻ-ചൂണിന്റെ 'ദുരന്തരാഗം' എന്ന പദ്യത്തിലെ വിഷാദാത്മകത്വത്തിന് അടിസ്ഥാനം.

സംതൃപ്തി

(താ വോ ചീൻ)

മാമരത്തോപ്പൊന്നു നില്പൂ തണലിട്ടു
മാമകമന്ദിരത്തിൻ പുരോഭൂമിയിൽ
കാളും നിദാഘത്തിലെന്നങ്കണാങ്കത്തിൽ
നീളെ നിറയുന്നു നീലനിഴലുകൾ.
സന്തതം വേനലിൻസ്യന്ദനത്തെ സ്വയം
പിന്തുടർന്നീടുന്നു ദശക്ഷിണാത്യാനലൻ
തൽപ്രയാണോദിതവിശ്ലഥവീചികൾ
തട്ടി ത്രസിപ്പിതെന്നംശുകത്തുമ്പുകൾ!

കൃത്യാന്തരങ്ങൾതൻ ചങ്ങലച്ചുറ്റുക-
ളറ്ററ്റൊടുവിൽ സ്വതന്ത്രനാണിന്നു ഞാൻ.

"https://ml.wikisource.org/w/index.php?title=താൾ:കല്ലോലമാല.djvu/2&oldid=172985" എന്ന താളിൽനിന്ന് ശേഖരിച്ചത്