പ്രണയലോലരാം തരുണരാർജ്ജിപ്പൂ
പ്രണയിനിമാർതൻ സുഖസമ്മേളനം.
ഇളവെയിലേറ്റു രസിപ്പൂ സന്താന-
സുലഭകൾ, രാഗഭരപ്രഗല്ഭകൾ!
തെരുവുകൾതോറും, തരുനിരതോറും
തിരയടിക്കുന്നു തരളഗാനങ്ങൾ
പതംഗപാളികൾ പകർന്നൊഴിക്കുന്നു
പല കളകളസുധാലഹരികൾ!
ശാകുന്തളത്തിലെ ചില പദ്യങ്ങൾ
സലിലകണാർദ്രസമീരസാന്ദ്ര-
സരസിജപത്രത്താൽ, മന്ദംമന്ദം,
അരികിലിരുന്നൊരു താലവൃന്ത-
മനുപമേ, വീശിത്തരട്ടയോ ഞാൻ?
വടിവിൽനിൻ രംഭോരു സാദരമെൻ
മടിയിലെടുത്തുവെച്ചാത്തരാഗം,
തുടുചെന്താരൊത്ത നിൻചേവടികൾ
തടവിത്തരട്ടെയോ, ബാലികേ, ഞാൻ?
ചണ്ടികൾ മൂടിയിരിക്കിലെന്ത-
ത്തണ്ടാരിനാഭ കുറവതുണ്ടോ?
പങ്കമൊരല്പമിരിക്കിലെന്ത-
ത്തിങ്കളിനായതും ഭംഗിയല്ലേ?
ആവിധംതന്നെയിത്തയ്യലാളി-
ന്നാകർഷകമാണീ വല്ക്കലവും.
സുന്ദരമാമൊരു വിഗ്രഹത്തി-
നെന്തുവസ്തുക്കളും ഭൂഷണംതാൻ!
അതിലോലപല്ലവതല്ലജംപോ-
ലരുണമനോഹരമാമധരം
കുളിർകാറ്റിൽച്ചാഞ്ചാടും ചില്ലകൾപോൽ
കുതുകദമോമലിൻ പാണിയുഗ്മം.
നവയൗവനക്കുളിരുടലിൽ
നറുമലർപോലെ വിരിഞ്ഞുനില്പൂ.