ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പ്രണയഭാരം താങ്ങുമാത്മാവിനാശ്വാസം, ചെ-
റ്റണയിക്കുവാൻ രഹഃസമയങ്ങളിലെല്ലാം
സ്നേഹം പോൽ മധുരമാം സംഗീതാമൃതപൂരം
മോഹനനികുഞ്ജങ്ങൾ തുളുമ്പും മട്ടിൽത്തൂകി
തന്നണിമണിമാളികയ്ക്കകം വന്നീടുമൊ-
രുന്നതകുലജാതയാകും പെൺകൊടിയെപ്പോൽ;

ഹിമപൂരിതമാകും ഗിരിസാനുവിൽത്തൃണ-
സുമപാളികൾ തന്മെയ് മറച്ചുപിടിക്കവേ,
ഉന്നതമാം തൽക്കാന്തിയാരുമേ കണ്ടീടാതെ
ചിന്നിടുമൊരു പൊന്നുതൈജസകീടമ്പോലെ;

തന്നിലപ്പടർപ്പിനാൽ മറയപ്പെട്ടൂ മന്ദം
മന്ദോഷ്ണമരുത്തിനാൽ പുഷ്പങ്ങൾ കൊഴിയവേ,
ഭാരിച്ച ചിറകേലും തസ്കരന്മാരാക മീ-
മാരുതപോതങ്ങളെ മൂർച്ഛിപ്പിച്ചീടും മട്ടിൽ
ഈടേറും പരിമളപൂരത്തെ പ്രസരിപ്പി-
ച്ചീടുന്നോരിളംപനീർച്ചെമ്പകച്ചെടിയെപ്പോൽ
പരിപാവനാനന്ദസങ്കേതമാകും നിന്നെ-
പ്പരിചിൽ വാഴ്ത്തീടുവാൻ ഞങ്ങൾക്കു പദമില്ല!

വാസന്തകാലപ്പുതുമാരി മിന്നിടും പിഞ്ചു-
ഭാസുരശഷ്പങ്ങളിയറ്റും നാദത്തെയും,
മഴപെയ്യലാൽ തട്ടിയുണർത്തപ്പെട്ട കൊച്ചു-
മലരിൻ നിരയേയു,മെന്നുവേണ്ടുലകത്തിൽ,
ആനന്ദഭരിതമായ് നിഷ്കളങ്കമായ് നവ്യ-
മായ് മിന്നിത്തിളങ്ങീടും സർവ്വവസ്തുക്കളേയും,
വെന്നിടുന്നു, ഹാ, വിണ്ണിൽനിന്നു നീ ചൊരിയുന്ന
സുന്ദരസുധാമയസംഗീതതരംഗിണി.

ഏവമേവനുമിമ്പമേറ്റിടും ഭവാനൊരു
ദേവനാകിലും കൊള്ളാം, പക്ഷിയാകിലും കൊള്ളാം-
സന്തതമധുരമാം നിന്മനോഭാവനക-
ളെന്തെല്ലാമാണെന്നു നീ ഞങ്ങളെപ്പഠിപ്പിക്കൂ!
ഇത്ര മേലനവദ്യമായീടുമൊരാനന്ദ
സത്തുറഞ്ഞെവിടെയുമൊഴുകിപ്പിക്കുന്നതായ്
പ്രേമത്തെയല്ലെന്നാകിൽ മദ്യത്തെ സ്തുതിക്കുന്ന
കോമളസ്തുതിയും ഞാൻ കേട്ടിട്ടില്ലൊരിക്കലും.

കല്യാണവേളയിലെസ്സംഗീതസമ്മേളന-
കല്ലോലങ്ങളോ, ജയകാഹളധ്വനികളോ

"https://ml.wikisource.org/w/index.php?title=താൾ:കല്ലോലമാല.djvu/25&oldid=172991" എന്ന താളിൽനിന്ന് ശേഖരിച്ചത്