ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തുംഗമംഗളാനന്ദദായികളായീടുന്ന
സംഗീതമയങ്ങളാം സവർനാദത്തേക്കാളും
ഗ്രന്ഥസഞ്ചയങ്ങളിലാകവേ കണ്ടെത്തീടും
ബന്ധുരനിധികളേക്കാളുമൊട്ടുപരിയായ്
കവിക്കു, ഭഗദീയപാടവം നൽകീടുന്നു
ഭുവിയെ വെറുത്തിടും ദ്വിജമേ, കൗതൂഹലം!

നിന്നുടെ മസ്തിഷ്കത്തിന്നറിയാവുന്നാനന്ദ-
മെന്നെ നീ, സഖേ, പാതിയെങ്കിലും പഠിപ്പിക്കൂ.
ഇത്തരം മാധുര്യസമ്പൂർണ്ണമാം സ്വരോന്മാദം
സത്വരം മമാധരത്തിങ്കൽനിന്നുതിരട്ടെ!
എന്നാൽ, ശ്രദ്ധിക്കുമായതു കേൾപ്പാൻ നൂന-
മിന്നിപ്പോൾ ശ്രദ്ധിച്ചുതാനിരുന്നു. കേൾക്കുമ്പോലെ!

സുലൈഖ

(ഒരു തുർക്കി കഥ--ബൈറൺ)

ഭാഗം ഒന്ന്

പാരാകെപ്പേർകേട്ടൊരാ രാജ്യമന്നൊക്കെ-
ച്ചാരുശ്രീയേലുന്നതായിരുന്നു
പശ്ചിമസാമ്രാജ്യപ്പട്ടുടലാൾ തൊട്ട്
കൊച്ചുതിലകമാണപ്രദേശം.
പൊന്നൊളിചിന്നുന്ന പിഞ്ചിളംപൂവുക-
ളെന്നുമവിടെ വിരിഞ്ഞുലയും.
തൻകരരാജിയാലന്നാടിലാദിത്യൻ
തങ്കപ്പൊടിപൂശുമേതുനാളും.
താരുണ്യലാവണ്യം വീശുന്ന ചെമ്പനീർ-
ത്താരണിവാടിയിലാടിയാടി
സുന്ദരസൗരഭം, പൂശിയങ്ങെന്നെന്നും
മന്ദസമീരണൻ സഞ്ചരിക്കും.
മാമരച്ചാർത്തുകൾ സന്തതം തേനൊലി-
ക്കോമളപക്വങ്ങളേന്തിനിൽക്കും.
ഭൂമിതൻ ഭാസുരമായ വിലാസവും
വ്യോമത്തിൻ വാരഞ്ചും കാന്തിവായ്പും.
ഭിന്നത വർണ്ണത്തിൽ വന്നാലും ഭംഗിയി-
ലൊന്നുപോലെന്നെന്നുമുല്ലസിക്കും.
മംഗലാപാംഗികളാണവിടെക്കാണു-
മംഗനാവല്ലികളാകമാനം.
ഓരോ ഞരമ്പിലും ചോരയേറ്റുന്നതാ-
ണാരാജ്യത്തിന്റെ കഥകളെല്ലാം

"https://ml.wikisource.org/w/index.php?title=താൾ:കല്ലോലമാല.djvu/27&oldid=172993" എന്ന താളിൽനിന്ന് ശേഖരിച്ചത്