ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഹന്ത, മറക്കരുതച്ഛനിക്കാര്യ, മി-
തെന്തിനാണീവിധം കോപഭാവം!
അന്തഃപുരാന്തത്തെ സൂക്ഷിച്ചുപോരുമ-
ച്ചെന്താമരാക്ഷിമാർക്കല്ലാതാർക്കും,
ഇല്ലച്ഛാ, സാധിക്കുകില്ലിന്നക്കല്പക-
വല്ലീമതല്ലി പിളർത്തിടുവാൻ!"

ഭാഗം നാല്

"ആരെടാ, നീയിദം ചൊല്ലുവാൻ?- " കേൾക്കായി-
താ രാജസിംഹിതന്നട്ടഹാസം.
"നീയൊരടിമതന്നാത്മജൻ, നിന്നുടെ
ജായയോ ദുർവൃത്തതന്നെയല്ലോ!
നിന്നെപ്പുരുഷനായ്ത്തീർക്കുവാനിന്നോള-
മുന്നിയ ഞാനെത്ര ബുദ്ധിഹീനൻ?
വിൽഞാൺ വലിച്ചു കുലയ്ക്കേണ്ടതല്ലയോ
ചൊല്ലുക നിന്നുടെ പാണി രണ്ടും?
പോരിനായശ്വപരീക്ഷകൾ ശീലിച്ചു-
പോരേണ്ടതല്ലീ നിൻകാലമിപ്പോൾ.
അങ്ങനെയുള്ള നീ വെൺനുരപ്പൂഞ്ചിരി
ചിന്നുന്ന കൊച്ചുപൂഞ്ചോലകളും
പാതി വിടർന്ന പനീരലർമൊട്ടുകൾ
പാടേ പരന്ന പൂവാടികളും
തേടിത്തളർന്നേവം നിന്നുടെ യൗവ്വന-
ധാടി നശിപ്പിക്കയല്ലേ? കഷ്ടം!
നിർണ്ണയം നീയൊരു പെണ്ണിനേക്കാട്ടിലും
പെണ്ണായിത്തീരുവാനാണു ഭാവം.
ആക്രമിച്ചീടട്ടേ സാമ്രാജ്യം ശത്രുക്ക-
ളാർക്കെന്തതു നോക്കീട്ടെന്തു കാര്യം?
ചന്ദ്രനും, മിന്നലും മന്ദാരവാടിയും
ചന്ദനക്കാറ്റുമുണ്ടെങ്കിൽപ്പോലും
അത്ഭുതമത്ഭുതമെന്നോടിതോതുവാ-
നല്പവും ലജ്ജ നിനക്കില്ലല്ലോ!
ആകട്ടെ; ഭൃത്യ സുലൈഖയെ, വേഗം പോ-
യാനയിച്ചീടുകെൻ സന്നിധിയിൽ.
നിൽക്കിതുകൂടിപ്പറയട്ടെ:-യങ്ങോട്ടു
നോക്കുക; മേലാൽ സുലൈഖയെങ്ങാൻ
അന്തഃപുരംവിട്ടു പോയാ,ലതാ ദൂരെ
പൊന്തൻമരമൊന്നു കാണുന്നില്ലേ?
ഉണ്ടതിൽ നീണ്ട കയറൊന്നിന്നും; നിന്റെ
കണ്ഠം മുറുകെപ്പുണർന്നുകൊൾവാൻ!"

"https://ml.wikisource.org/w/index.php?title=താൾ:കല്ലോലമാല.djvu/30&oldid=172997" എന്ന താളിൽനിന്ന് ശേഖരിച്ചത്