ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ദുഃഖം

(ഒരു റഷ്യൻ നാടോടിപ്പാട്ട്)

എവിടെ ഞാൻ, സുന്ദരി, ദുഖത്തിൻ പിടിയിൽനി-
ന്നെവിടെ ഞാനൊന്നിനി പാഞ്ഞൊളിക്കും?
പരിതാപത്തിൻ ചാരെനിന്നു വനാന്തത്തിൽ
പറപറക്കുന്നു ഞാനെന്നിരിക്കൽ
വിടുകില്ലെൻ പിന്നാലേ പാഞ്ഞെത്തിടുമഴൽ
കൊടുതാം മഴുവൊന്നു കൈയിലേന്തി
കടവെട്ടും പച്ചതരുനിരതൻ കടവെട്ടും ഞാൻ...
കമനിയെത്തിരയും കണ്ടെത്തിടും ഞാൻ...
പരിതാപത്തിൻ ചാരെനിന്നു പാടത്തേക്കു
പറപറക്കുന്നു ഞാനെന്നിരിക്കൽ
വിടുകില്ലെൻ പിന്നാലേ പാഞ്ഞെത്തിടുമഴൽ
കൊടുതാമരിവാളൊന്നു കൈയിലേന്തി.
അരിയും ഞാൻ വയൽമുഴുവനുമരിയുമന്വേഷിക്കു-
മരുവയർമണിയെക്കണ്ടെത്തിടും ഞാൻ...
എവിടെയാണെവിടെയാണഴലിൻ പിടിയിൽനി-
ന്നെവിടെപ്പന്നൊന്നിനി ഞാൻ പാഞ്ഞൊളിപ്പൂ?
പരിതാപത്തിൻചാരെനിന്നുമാ നീലമാം
പരവയിലേക്കു ഞാൻ പറപറക്കിൽ,
വിടുകി,ല്ലെൻ പിന്നാലെപാഞ്ഞെത്തിടുമൊരു
കൊടുതാമൊരു മത്സ്യത്തിൻമാതിരിയിൽ.
മുഴുവൻ കുടിക്കും വിഴുങ്ങും ഞാൻ നീലക്കടൽ
തിരയും ഞാൻ കളമൊഴിയെക്കണ്ടുമുട്ടും.
പരിതാപത്തിൻ ചാരെനിന്നഭയംതേടി-
പ്പരിണയത്തിങ്കൽ ഞാനണയുന്നെങ്കിൽ
വിടുകില്ലെൻ പിന്നാലെ പാഞ്ഞെത്തിടുമഴൽ
കൊടുതാം സ്ത്രീധനമെന്ന വടിവുമേന്തി
അഴലിൻ പിടി വിട്ടൊന്നു രക്ഷനേടിടാ,നെൻ
ശയനീയം പ്രാപിക്കുംവേളയിങ്കൽ
ഫലമെന്തു?-പിൻവാങ്ങുകയില്ലവിടേയുമെൻ
തലയണതന്നരികിലുണ്ടഴലിരുപ്പൂ!
കുതിർമണ്ണിനകമൊടുവിൽ കദനത്തെ വിട്ടു ഞാൻ
കുതികൊണ്ടൊളിക്കുമാ വേളയിലും,
വിടുകില്ലെൻ പിന്നാലെ പാഞ്ഞെത്തും പരിതാപം
കൊടുതാമൊരു കൈക്കോട്ടും കൈയിലേന്തി,
എന്നിട്ടഴലെൻമീതെ വന്നു നിന്നുച്ചത്തിൽ
ചൊന്നിടും വിജയസ്വരത്തിലേവം:
"ആട്ടിയോടിച്ചു ഞാൻ കുതിർമണ്ണിനുള്ളിലെ-
ക്കാട്ടിയോടിച്ചു ഞാൻ സുന്ദരിയെ!"

--1948
"https://ml.wikisource.org/w/index.php?title=താൾ:കല്ലോലമാല.djvu/33&oldid=173000" എന്ന താളിൽനിന്ന് ശേഖരിച്ചത്