1zqjab'"(){}<x>:/1zqjab;9
ആ വീട്ടിലപ്പോളങ്ങൊരാശ്ചര്യം! അകസ്മാത്താ-
യേവനോ സാർത്ഥവാഹനൊരുവൻ കണക്കന്ന്യേ
ആഹാരാദിവസ്തുക്കളവിടെക്കൊണ്ടുവന്നു
മഹാഭാഗ്യവാന്മാരാം ബാലൻതൻ പിതാക്കളെ
വേണ്ടവയെല്ലാം വേഗം വാങ്ങുവാൻ യാചിക്കുന്നു;
വേണ്ട വേണ്ടൊരുവകയെന്നവർ പിന്മാറുന്നു.
"അന്തിയായല്ലോ നേര,മരിയുംമറ്റുംകൊണ്ടു
പന്തിക്കു വന്നെത്തിടും ബാലകൻ കപീരിപ്പോൾ;
വേലചെയ്തു കിട്ടുന്ന കൂലിയൊന്നുകൊണ്ടത്രേ
കാലക്ഷേപം ഞങ്ങൾക്കു; കാംക്ഷയില്ലൊന്നിങ്കലും;
മറ്റുള്ളോരേകുന്നതു വാങ്ങിയാൽ കയർത്തിടും
മുറ്റുമബ്ബാലൻ, അവൻ മുഖത്തിൽ കറുപ്പാർന്നാൽ
നഷ്ടജീവരാം ഞങ്ങൾ; ധർമ്മം ചെയ്‌വാനങ്ങെയ്ക്കോ
പട്ടണം മുഴുവനും പാത്രങ്ങൾ സുലഭങ്ങൾ;
ആകയാലിവയെല്ലാമപരർക്കാർക്കാനുമ-
ങ്ങേകണ"മെന്നോതുന്ന ദമ്പതിമാരെ നോക്കി
ആ വണിക്ശ്രേഷ്ഠൻ ചൊന്നാൻ; "അക്കപീരാർജ്ജിച്ചതാ-
ണീവകയെല്ലാ,മിതിൽ ഞാൻ വെറും സംവാഹകൻ."
എന്നുരചെയ്തപ്പുമാനെങ്ങോ പോയദൃശ്യനായ്;
വന്നുകേറിനാനുള്ളിൽ ബാലനാം കപീരനും.
അത്താഴപ്പട്ടിണിക്കു ഹാ! താൻ വാങ്ങിയ ചീട്ടു
തത്താതമാതാക്കളെക്കാണിപ്പാൻ സന്നദ്ധനായ്
വന്നൊരബ്ബാലൻ കണ്ട കാഴ്ചയെന്തോതീടേണ്ടൂ?
കുന്നുപോൽ പൊന്നും നെല്ലുമന്നവും കറികളും
എങ്ങനെയവയങ്ങു വന്നുചേർന്നതെന്നവൻ!
എങ്ങനെയവയവൻ നേടിക്കൊണ്ടതെന്നവർ!
സംഗതി ധരിച്ചപ്പോൾ സന്തുഷ്ടരായ് മൂവരും;
മംഗലസ്വരൂപനാം ദൈവത്തെ വാഴ്ത്തിക്കൊണ്ടാർ.
പിന്നെയാ രാത്രിതന്നെ ചുറ്റിലും വസിപ്പോരെ-
ച്ചെന്നുകൂട്ടിക്കൊണ്ടു വന്നവർക്കാസ്സാമാനങ്ങൾ
ഒന്നൊഴിയാതെ നൽകിയുദഞ്ചദ്രോമാഞ്ചനായ്
തന്നുടെ ശയനീയം തേടിനാൻ കപീർദാസൻ.
ആദിത്യനുദിക്കവേ പിറ്റെന്നുമെഴുന്നേറ്റു
പാതി താൻ തലേദ്ദിനം നെയ്തൊരുക്കിയ വസ്ത്രം
പൂർത്തിയാക്കിച്ചന്തയിൽകൊണ്ടുചെന്നവൻ വിറ്റു
പേർത്തുമത്താഴം തന്റെ പിതാക്കൾക്കൂട്ടിടിനാൻ.
അന്നാളത്തെയത്താഴമസ്സലാമമൃതവും.
1zqjab'"(){}<x>:/1zqjab;9