<poem>
ഞാനാ മഹാനുമതുമട്ടവിടുന്നെനിക്കും സ്നാനാശനസ്വപനകേളിവയസ്യരായി ഈ നാൾവരയ്ക്കിളയിൽ വാണതു വിസ്മരിച്ചു ഭൂനാഥമൗലി ഭുവനാന്തരപാന്ഥനായി! 8
സൗഹാർദ്ദമെന്ന പദമെത്ര മഹ,ത്തതിന്റെ
മാഹാത്മ്യമെത്ര വിലയേറിയതെന്ന തത്വം
സ്നേഹാർദ്രമായ മിഴികൊണ്ടവിടുന്നു തന്റെ
ദേഹാത്യയംവരെയെനിക്കറിയിച്ചുപോന്നു. 9
ആമട്ടമർന്നൊരവിടുന്നകലത്തു മാറി:
വാമത്വമാർന്നു വിധി; വഞ്ചിതബന്ധുവായ് ഞാൻ
ഹാ! മന്ദഭാഗ്യരിൽ മികച്ചവനാമെനിക്കെ—
ന്തീമർത്ത്യജന്മമിനിമേലിരുളേണ്ടതുള്ളു! 10
ഹാ! പന്തളംനൃപനു മദ്ധ്യവയസ്സിലീമ-
ട്ടാപത്തണഞ്ഞിടുവതാരു നിനച്ചിരുന്നു!
സ്വാപത്തിലും കരുതിയില്ലിതു ദൈവമേ ഞാൻ!
നീ പശ്യതോഹരരിൽ നിഷ്പ്രതിമാഗ്രഗാമി. 11
വാരുറ്റവാഴ്ചയവിടേയ്ക്കു വരും, നിനക്കു
പേരും തുലോം പെരുമയും പെടു,മെന്നു ഞങ്ങൾ
ആരും നിനച്ചതതിശീഘ്രമബദ്ധമാക്കി
കാരുണ്യമറ്റ വിധി; കൈരളി! കഷ്ടകാലം! 12
പൂമെത്ത പുകരുതു കൈരളി! മേലിൽ നിന്നെ—
ക്കൈമെയ്‌മറന്നു...കമിതാക്കളില്ലേ
നാമെന്തു ചെയ്യുവതു! ദൈവവിധക്കെവർക്കു—
മോമെന്നു മൂളുവതിനേ തരമുള്ളുവല്ലോ. 13
ധീവമ്പു, വൈദുഷി, രസജ്ഞത, സൽകവിത്വം,
ശ്രീവർദ്ധനത്തിനുതകും ശിവമായ ശീലം
ഈ വശ്യവസ്തുനിര കൂട്ടിയിണക്കി വിശ്വൈ—
കാവർജ്ജനത്തിനവിടുന്നവതാരമാർന്നു. 14
മായം വെടിഞ്ഞഹഹ! മാംസളഹർമ്മ്യരത്ന—
ച്ഛായയ്ക്കു മിന്നിയൊരു നൽഗുണതല്ലജങ്ങൾ
സായന്തനാർക്കരുചിതട്ടിയ ശക്രചാപ—
ച്ചായങ്ങളെന്നകഥ ഞങ്ങൾ ധരിച്ചതില്ല. 15