ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

<poem>

തീർത്തു വിരിഞ്ചൻ വിഷാദവിഷവഹ്നി പേർത്തും ജ്വലിപ്പിപ്പൂ നാലുപാടും.

പൂരുഷർക്കുള്ള വിളയാട്ടുപണ്ടങ്ങൾ; പാരിൻ വെളിപ്പുറം മാത്രം കാണ്മോർ

ഹാ പരമാർത്ഥപ്രകൃതികൾ; വേഗത്തിൽ താപവും ഹർഷവും മാറി വായ്‌പോർ;--

മംഗല്യജീവിതസർവസ്വമെന്തുള്ളൂ ഞങ്ങൾക്കു മന്നിലപത്യമെന്ന്യേ?

സന്തതിയൊന്നല്ലോ സാധുക്കൾ ഞങ്ങൾക്കു ഹന്ത! തപസ്സിൻഫലപ്രകാണ്ഡം

മണ്ണിലുരുണ്ടുവരുന്ന മനോജ്ഞരാ- മുണ്ണിക്കിടാങ്ങൾതൻ പൂവൽമേനി

പുത്തൻ ചെഞ്ചായം പുരട്ടും പുടവയാൽ മുഗ്ദ്ധത ഞങ്ങൾക്കിരട്ടിക്കുന്നു.

പൈതലിൻ ശാഠ്യമിവർക്കു വിനോദനം; രോദനം നൂതനവീണാഗാനം;

ലീലാസന്താഡനം കല്പകപ്പൂവർഷം; ലാലാനിപാതം പയോഭിഷേകം.

നാളിൽ നാളിൽ ഞങ്ങളിങ്ങനേ ബാലരേ ലാളിച്ചും പോറ്റിയും നിർവിശങ്കം

ഏകാന്തസ്വപ്നസുഖാമൃതാസ്വാദത്താൽ- ക്കൈകാര്യം ചെയ്തു കഴിപ്പൂ കാലം

അങ്ങനേയുള്ളോരബല ഞാൻ-എന്നോടെ- ന്തിങ്ങനേ കാട്ടുവാൻ ദുഷ്ടദൈവം?

[1]ധൂമോർണ്ണേ! മച്ചി നീ; അല്ലെങ്കിൽ നിൻപതി- ക്കീ മേദുരാംഹസ്സിൽ കൈയറയ്ക്കും.

മായമയമിപ്രപഞ്ചം നിരന്തര- മാ,യാമയം നൽകി ഞാൻ വലഞ്ഞേൻ,

മായാത നൂതനകീർത്തി പുലർത്തിന മായാതനൂജ! തുണയ്ക്കണമേ!

എങ്ങീ നിരാശ്രയയായ വിധവ ഞാൻ?

എങ്ങീ ഹതദൈവവജ്രാഘാതം?

  1. ധർമ്മരാജാവിന്റെ പത്നി
"https://ml.wikisource.org/w/index.php?title=താൾ:കിരണാവലി.djvu/19&oldid=173017" എന്ന താളിൽനിന്ന് ശേഖരിച്ചത്