ന്നാ നന്മന്ദഹാസംതാ നന്ത്യമാമാച്ഛാദനം;
എന്നു ഞാനറിഞ്ഞുപോയ് സൂക്ഷ്മമാ, യയ്യോ പിന്നെ-
യെന്നുടപ്പിറപ്പേ! ഞാനേതുമുട്ടുഴലേണ്ടൂ!
ഘാതകന്മാരുണ്ടതാ തയ്യാറായ് വാതിൽ,ക്ക”ലെ-
ന്നോതിയും പൊട്ടിക്കരഞ്ഞോരോന്നു പുലമ്പിയും
താഴെ വീണുഴന്നിടും തന്വിയെത്താങ്ങികൊണ്ടു
പാഴുറ്റുത്തരം ദാസി ഭാവജ്ഞ ചൊന്നാളേവം;
"വേണ്ടവേണ്ടമ്മേ! ഖേദം; ഞാനിതിന്നൊരുവഴി
വേണ്ടമട്ടുണ്ടാക്കീടാം; വിശ്വേശൻ തുണയ്ക്കട്ടേ!
തന്നുണ്ണിത്തമ്പുരാന്റെ ചാരുവേഷഭൂഷക-
ളെന്നുണ്ണി പൂണ്ടിപ്പൊഴിത്തൊട്ടിലിൽക്കിടക്കട്ടെ!
ഏതൊന്നിനായ് മാത്രം ഞാ, നേകിനേൻ പിറപ്പവ,-
ന്നേതൊന്നു ചെയ്താലവൻ പൗരനും പുമാനുമാം,
സ്വാമിക്കുവേണ്ടിത്തന്റെ ജീവനെ ത്യജിക്കെന്നോ-
രാ മഹത്താം ധർമ്മത്തെ-യാത്മജന്മോദ്ദേശ്യത്തെ-
ഇപ്പോഴോ പത്തൻപതു വത്സരം കഴിഞ്ഞിട്ടോ
മൽപുത്രൻ സാധിച്ചാലേ മാതാവേ! മതിവരൂ!
പിന്നെ ശ്ശുഭസ്യശീഘ്ര'മെന്നില്ലേ? നടക്കട്ടേ-
യിന്നു വേണ്ടതാം കാര്യമീ മുഹൂർത്തത്തിൽത്തന്നെ.
പങ്കമേ പറ്റാത്തതാം പ്രായത്തിൽ ചെയ്തീടട്ടെ-
യെങ്കിക്കിടാവതിൻകൃത്യമേകാഗ്രഹൃദ്യയമായ്.
തന്നെത്തൻകുലത്തോടും തജ്ജന്മദേശത്തോടും
ധന്യമാക്കീടട്ടേയപ്പൈതലിൻപ്രാണാധ്വരം.
ഇപ്പോഴേ ചക്രവർത്തിക്കൊച്ചുതമ്പുരാനെ ഞാ-
നിപ്പുഷ്പമഞ്ജുഷയിൽ മറ്റൊരു പൂമാലയായ്
വച്ചൊളിച്ചുകൊണ്ടുപോയ് വല്ലേടത്തും ചെന്നെത്തി
നിശ്ചയം വളർത്തുവൻ നിന്തിരുവടിയാണേ!"
ഏവമോതിനാൾ ഹീര-യല്ല, ധീര-യെന്നിട്ടു
ദേവിയെസ്സാകൂതമായ് നോക്കിനാളരക്ഷണം
ആ മഹാരാജ്ഞിയസ്തപ്രജ്ഞയായ്ക്കിടക്കുന്നു;
താമസിച്ചാലോ തെറ്റീ സർവ രക്ഷോപായവും;
നന്മയിൽപ്പെട്ടെന്നുണ്ണിത്തമ്പുരാന്റെ വേഷത്തിൽ-
ത്തൻമണിക്കിടാവിനെത്തങ്കത്തൊട്ടിലിൽ ചേർത്താൽ,
കണ്ടാലും കരഞ്ഞാലും രണ്ടുമൊപ്പംതാനെന്നു
കൊണ്ടാടിവാഴ്ത്തിക്കൊണ്ടാളുൾപ്പൂവാൽ സർവ്വേശനെ,
തന്മുഖം കുനിച്ചതിൻ താരിതൾക്കവിൾത്തട്ടി-
ലമ്മയൊന്നുമ്മവച്ചാ ളശ്രുമുത്തണിയിച്ചാൾ.
ശീഘ്രമായ്പ്പിന്നെക്കൊച്ചുമന്നൻതൻ പൂമെയ്മാല
പ്പൂക്കുടയ്കത്താക്കിപ്പുരിച്ച മോദത്തോടും
താൾ:കിരണാവലി.djvu/29
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു