മറ്റു പൂമാലത്തോഴർ ചൂഴവേ പോയാൽ, കൊണ്ടു
തെറ്റെന്നക്ഷൃഹം വിട്ടു ധീരോദാത്തയാം സതി.
ജയിക്കു രാജഭക്തി നാരിയായ് ജനിച്ചോളേ!
ജയിക്കൂ രാജസ്ഥാനസാമ്രാജ്യം രക്ഷിച്ചോളേ!
എത്രമേലമാവാസ്യക്കൂരിരുട്ടെതിർത്താലു-
മുൾത്തിങ്കൾ മാർഗ്ഗം കാട്ടും; പോക നീ സഹോദരീ!
ചേലിൽ നിൻ ഭാരം സാക്ഷാൽ ശ്രീഭൂകാന്തനെങ്കില-
ക്കാളിന്ദീപ്രവാഹം നിൻ കാല്പടം നനയ്ക്കുമോ?
കേവലം ഭീരുവല്ല നീയിപ്പൊ, ളേതോ മഹാ-
ദേവതാചൈതന്യം നിൻ ദേഹത്തിൽ സ്ഫുരിക്കുന്നു!
വീണില്ല ബോധം റാണിക്ക, പ്പോഴേയ്ക്കുമങ്ങെത്തി
പാണിയിൽ ഖഡ്ഗംപൂണ്ട പാപികൾ രണ്ടാളുകൾ;
പ്രാണിപീഡാരാക്ഷസീപാണിപീഡനം കോലും
ക്ഷോണിതൻ കളങ്കങ്ങൾ; മർത്ത്യമെയ്ക്കശാപ്പുകാർ;
കാലണയ്ക്കേവന്റെയും കണ്ഠഖണ്ഡനംചെയ്തു
കാലനൂണേകീടുന്ന കാരിരുമ്പിൻതുണ്ടുകൾ
കേറിനാർ തുറന്നിട്ട വാതിൽമാർഗ്ഗമായുള്ളിൽ;
തേറിനാർ മഹാരാജ്ഞി സുപ്തയെ, ന്നനന്തരം
തോട്ടിലിൽപ്പതുക്കെപ്പോയ് നോക്കിനാരുറങ്ങുന്ന
കുട്ടിയെ-ദ്ദൈവത്തിന്റെ കോമളപ്രതിമയെ.
പാതിക്കൺ മിഴിച്ചിട്ടും പാതി വാ തുറന്നിട്ടും
പാതി വെൺപൂപ്പുഞ്ചിരിപ്പാൽ മെയ്യിൽ പകർന്നിട്ടും;
ചേലിൽക്കേൾക്കയുംചെയ്താർ പൈതലിൻ രണ്ടോ മൂന്നോ
കാലണിത്തങ്കത്തളക്കാതിമ്പക്കിലുക്കങ്ങൾ.
ജന്തുജീവാപഹാരം നിത്യകർമ്മമാവോരോ-
ടെന്തുതാനാക്കാഴ്ചയ്ക്കും കേൾവിക്കും സാധിക്കാവൂ?
ചെന്തീക്കും ശുഷ്കമാകുമിന്ധനത്തൊടാം പ്രിയം;
ഹന്തുകാമന്നോ തുല്യം ഡിംഭനും സ്ഥവിരനും!
മറ്റെന്തുരപ്പൂ രണ്ടു മാരണക്കാർകൊണ്ടലും
തെറ്റെന്നു ഹാഹാ! തൻ കൈമിന്നൽ വാളുലയ്ക്കുന്നു;
താഴുന്നു ചെന്നൊന്നതിൽത്താരൊളിത്തങ്കത്തിന്റെ
പാഴറ്റു വായ്പോരിളങ്കണ്ഠകന്ദളത്തിങ്കൽ.
തൃഷ്ണയാം പിശാചിയെത്തൃപ്തയാക്കാനക്കൂട്ടർ
പൊട്ടിച്ച ഗൗരീഗാത്രത്തേങ്ങതൻ മുറിരണ്ടും
ചുറ്റുഭാഗവും കാൺമൂ ശോണമാ, യുഴിഞ്ഞിട്ട
തെറ്റിപ്പൂക്കളാൽപ്പോലെ, ചെഞ്ചോരക്കണങ്ങളാൽ
സ്വാമിക്കായ് പ്രാണാഹുതി ശൈശവത്തിലേ നൽകു-
മാ മണിക്കുഞ്ഞിൽദേഹിയംബരത്തിൽ പാഞ്ഞുപോയ്
പുത്തനാം നക്ഷത്രമായ്-ദൈവത്തിൻകരത്തിൽ നി-
ന്നിത്രിലോകി നേടിന കീർത്തിമുദ്രയായ്‌മിന്നി
താൾ:കിരണാവലി.djvu/30
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു