ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അത്യുൽക്കടാംഹശ്ശാഖിയപ്പൊഴേ ഫലം കായ്ക്കു-
മിത്തത്വമാ പ്രത്യൂഷം വ്യക്തമായ് വ്യാഖ്യാനിച്ചു.
യോഗ്യനായ് രാജ്യംവാഴും ദ്രോഹിതാൻ തത്സ്വാമിതൻ
പാഴ്ക്കൃതാന്തനെന്നപ്പോൾ പൗരന്മാർ ബോധിക്കയായ്,
തൽസുതൻതന്നെക്കൊൽവാൻ ധാർഷ്ട്ര്യവാനാമപ്പാപി-
ക്കൗൽസുക്യം തലേദ്ദിനം വാച്ചതും ധരിക്കയായ്.
സംഘംചേർന്ന ദുഷ്ടനെസ്സക്രോധം വധിച്ചാര-
സ്സംവർത്തകാലോന്മീലച്ചണ്ഡസ്പ്താർച്ചിസ്സുകൾ.
ചേണുറ്റ സിംഹാസനം വാഴുവാൻ ദൈന്യം‌വാച്ച
റാണിയെത്താൻ കല്പിച്ചാർ രാജഭക്താഗ്രേസരർ.

റാണിയും മന്ത്രീന്ദ്രരാൽ ചൂഴപ്പെട്ടുടൻ ഹീര
വാണിടും ഗൂഢസ്ഥാനം പ്രാപിച്ചാൾ ദുഃഖാർത്തയായ്.
ശങ്കവിട്ടമ്മങ്കതന്നങ്കപര്യങ്കത്തിങ്കൽ
തങ്കുന്നു തൻകൺമണി രിംഖൽ തങ്കക്കിങ്കിണി.
തന്റെ വംശസ്ഥാപനം സാധിച്ച തൻദാസിയെ-
യിണ്ടൽ‌പൂണ്ടശ്രു വാർത്തു മാറിൽച്ചേർത്തണച്ചവൾ
ഉണ്ടായവൃത്തമൊട്ടുക്കോതിനാളൊരുമട്ടിൽ-
ത്തൊണ്ടയിൽ തടഞ്ഞീടും വാക്കാലുമാംഗ്യത്താലും.
ആ വർത്തമാനം കേട്ടാളാദ്യന്തം മനസ്വിനി
ഭാവഭേദമേശാതെ, ധന്യയായ്, സംതൃപ്തയായ്.
തന്മണിക്കുഞ്ഞിൻ നഷ്ടം തപ്തബാഷ്പം വീഴാതെ-
യമ്മങ്ക കാതാൽ വാങ്ങിജ്ജന്മസാഫല്യം പൂണ്ടാൾ
'ഹീരേ! മദ്ധീരേ! പോകാം കോലകത്തേ'യ്ക്കെന്നോതു-
മാ രാജ്ഞിയാളെത്തടുത്തപ്പുറമുണർത്തിനാൾ:
'സ്വീകരിച്ചാലും ശീഘ്രം! സ്വീകരിച്ചാലും ദേവി!
ലോകാനന്ദകന്ദമാമീയോമൽക്കിടാവിനെ.
ഈ മണിത്തിങ്കൾത്തെല്ലിൻ പൂനിലാവിനാൽ മേന്മേൽ
വ്യോമവും പാരും നേടും ശൈത്യവും ധാവള്യവും.
കുട്ടനെക്കൈയാൽ വാങ്ങിക്കൊണ്ടുപോയ്‌ക്കൊട്ടാരത്തിൽ
ഭട്ടിനി! വളർത്താലും! ഭാവുകം ഭവിക്കട്ടെ!
ഞാനെന്റെ ജന്മോദ്ദേശം സാധിച്ചോൾ; മേലെന്തിനി-
ക്കൂനമറ്റനുഷ്ഠിപ്പാനൂഴിയിൽ കൃത്യാന്തരം?

അങ്ങതാ!-വാനത്തുനിന്നൻപാർന്ന നിൻ‌തായെയെൻ
മംഗലപ്പൊൻപൈതലേ! മാടി നീ വിളിക്കുന്നോ?
എന്മുലപ്പാൽ ഞാൻ നിനക്കേകുവാനിതാ വന്നു!
കണ്മണി! കരയാതെ കാൽക്ഷണം കിടക്കണേ!,
എന്നോതിയെങ്ങോ പോവാൻ തയ്യാറായ് നിന്നാൾ ഹീര;
തന്നോടു ചൊല്ലും തത്ത്വം രാജ്ഞിയും ധരിച്ചീല.
"ഹീരേ! ഹാ| ഹീരേ! നീയെന്തോതുന്നു പിച്ചും ഭ്രാന്തും?
പോരൂ, പോരെന്നോടൊപ്പം കോലകത്തേയ്‌ക്കെൻസഖി!

"https://ml.wikisource.org/w/index.php?title=താൾ:കിരണാവലി.djvu/32&oldid=173032" എന്ന താളിൽനിന്ന് ശേഖരിച്ചത്