ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആ നെടുവീർപ്പു സാക്ഷാലദ്രിസമ്രാട്ടാം രത്ന-
സാനുവിൻ ഹൃത്തട്ടിൽനിന്നുയർന്നതത്രേ.
ആശ്ചര്യമത്യാശ്ചര്യമായതിൻ മൂലമെന്തേ-
ന്നാച്ചെറുപക്ഷിയോർത്തോർത്തമ്പരന്നു.
ഏതും പൊരുൾ തിരിയാഞ്ഞേറുമാ യാതനതൻ
ഹേതു ഹേമാദ്രിയോടു ചോദ്യം ചെയ്തു;
"എന്തന്തെന്തെൻ പിതാവേ! കേൾപ്പതെൻ‌ചെവി? ദുഃഖം
നിന്തിരുമേനിയിലും നിലീനമെന്നോ.
സാനുവും നിതംബവും ശൃംഗവുമാമൂലാഗ്രം
നൂനമങ്ങേയ്ക്കു പൊന്നും മണിയുമല്ലേ?
സൂര്യബിംബവും സാക്ഷാൽ ശൗരിതൻ തൃച്ചക്രവു-
മാര്യനാമങ്ങേശ്ശിലാശകലമല്ലേ?
ഇത്രിലോകത്തയ്യലിന്നങ്ങല്ലേ മാർത്തട്ടിലേ
മുത്തണി...യും കെടാവിളക്കും?
നന്ദനാരാമംവിട്ടു നാഥരൊത്തെത്തും നാക--
സുന്ദരിമാർക്കെങ്ങല്ലേ സുഖൈകഗേഹം?
കാമമെന്തങ്ങേക്കിനിക്കൈവരേണ്ടതൊന്നുള്ളൂ
കാമനീയകക്കതിർക്കളിത്തിടമ്പേ?

ഓതിനാൻ പ്രത്യുത്തരമുത്തമാദ്രീന്ദ്രൻ: "അഴ-
ലേതെനിക്കെന്നോ? കേൾ നീ! കിളിക്കിടാവേ.
മുന്നം ഞാനുണ്ടായനാൾ മുറ്റുമെൻമെയ്യിങ്കലും
നിന്നോടോപ്പം രണ്ടസ്സൽച്ചിറകിരുന്നു
അച്ചിറക്-അയ്യയ്യോ! മദ്‌ഭാഗ്യവിപര്യയമേ!‌-
വജ്രമുലച്ചു വെട്ടിക്കളഞ്ഞു ശക്രൻ.
ഞാനവനോടൊന്നിനും പോയതി"ല്ലെന്നന്വയ-
മൂനപക്ഷമാക്കാനന്നുഴറി വജ്രി.
ആ വഴിക്കേറ്റു ഞാനും ഹാ! ശതകോടിപാത-
മാവാതെ'ന്തന്നുമുതൽക്കിവണ്ണമായി.
എന്തിനു ദൈവമെനിക്കേകിയാപ്പക്ഷച്ഛദം?
എന്തിനു പിന്നീടതു തിരിച്ചെടുത്തു?
സൂരദത്തമാം പക്ഷം സുന്ദരം വീണ്ടുമാർന്ന
ശൂരസമ്പാദി വത്സൻ സുകൃതിതന്നെ;
ആവിധമൊരു മോക്ഷമാരെനിക്കേകുന്നു? ഞാൻ
ഹാ! വിധേ! ജീവച്ഛവം കടശ്ശിയോളം!
വാസവൻ വാനോർകുലനാഥനെന്നെത്തൻസുഖ-
വാസഗേഹമായിത്തീർപ്പൂ മഹാമദാന്ധൻ;
ആയിരമുണ്ടെങ്കിലുമക്ഷിയെന്നുൾത്തട്ടിലെ-
ത്തീയവൻ കാണുന്നീല ദയാദരിദ്രൻ.
ആർപ്പും വിളിയുമാളും തദ്വധുക്കൾക്കെൻ നെടു-

"https://ml.wikisource.org/w/index.php?title=താൾ:കിരണാവലി.djvu/34&oldid=173034" എന്ന താളിൽനിന്ന് ശേഖരിച്ചത്