ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആദ്യത്തിൽ നിന്ദാരസതിക്തമായു-
മനന്തരം വത്സലചതുരമായും
തൻമാതൃവാഗാമലകീഫലത്തെ
മന്നന്റെ കർണ്ണം സുഖമായ് ഭുജിച്ചു.       26

അടിക്കലം വിട്ടെഴുനേറ്റു ശീഘ്രം
കൈവറ്റുകൂടിക്കഴുകാതെ മന്നൻ
തൻവാൾ വലിച്ചൂരിയുലച്ചുകൊണ്ടു
സംഗ്രാമികക്ഷോണിയിലേക്കു പാഞ്ഞു.       27

കണ്ണീർക്കണത്താൽ നനയാതിരുന്ന
കൈയക്കുമാരൻ രണഭൂവിലെത്തി
പ്രക്ഷാളനംചെയ്തു വിപക്ഷസേനാ
കണ്ഠസ്ഥലീഗൈരികനിർത്സരത്തിൽ.       28

അടർക്കളപൊയ്കയിലുല്ലസിച്ചൊ-
രരാതിഭൂപാലയശോമൃണാളം
അന്നാൾ ബുഭുക്ഷയ്ക്കടിപെട്ടിരുന്നൊ-
രാ രാജഹംസം വഴിപോലശിച്ചു.       29

രണാങ്കണത്തിങ്കലസുക്കളറ്റു
വീണാൻ നൃപൻ സാധിതപൂരുഷാർത്ഥൻ;
കല്യാണമാല്യം ജയലക്ഷ്മി ചാർത്തീ
വീരവ്രണം മിന്നിന തൻഗളത്തിൽ.       30

തത്ത്വചിന്ത

ന്നവൻതന്മുടിത്തങ്കകിരീടത്തിൽ
മിന്നിത്തിളങ്ങുന്ന വൈരങ്ങളേ!

ഒന്നു വല്ലപ്പോഴുമോർകുകപോലുമി-
ല്ലുന്നതർ നിങ്ങൾ കഴിഞ്ഞകാര്യം.

ആദിത്യരശ്മിയടുക്കലണയാത്ത
പാതാളലോകപ്പടുകുഴിയിൽ

കൂരിരുട്ടിൽപ്പെട്ടു, ദുർവിഷക്കാറ്റേറ്റു,
ചേറിൽ പുതഞ്ഞോരു മേനിയുമായ്

അങ്ങെങ്ങോ ദൂരത്തനേകായിരം വർഷം
മങ്ങിമയങ്ങിക്കിടന്നോർ നിങ്ങൾ

സാഹസവൃത്തിയിൽ സാധകം ചെയ്തോരാ
ലോഹഖനിക്കൂലിവേലക്കാരൻ

"https://ml.wikisource.org/w/index.php?title=താൾ:കിരണാവലി.djvu/39&oldid=173039" എന്ന താളിൽനിന്ന് ശേഖരിച്ചത്