ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


"ഇവിടമിനി വെടിഞ്ഞു ശിഷ്യരെക്ക-
ണ്ടിതിനുടെ മേല്പണി നോക്കിടേണട"മെന്നായ്
ത്സടിതി മുനി നിനച്ചു ചെന്നു ചേർന്നൂ
ചരമശിലോച്ചയചാരുശൃംഗഭൂവിൽ.       15

മയനുടെ കരശില്പസൂമയായും,
മഹിതമഹീധരമൗലിഭുഷയായും,
അവിടെയതിമനോജ്ഞഹർമ്മ്യമൊന്നു-
ണ്ടരിയ വിരോചജനാധിവാസഗേഹം.       16

ചപലത ലവമറ്റു മിന്നുവോരോ-
ച്ചരമഗിരീശ്വരശാശ്വതാർക്കബിംബം
കടുതരവിവൃതാസ്യമാം തമസ്സാൽ
കബളിതമായ്ക്കരിതേച്ചപോലിരുന്നു.       17

തുരുതുരെയവിടത്തിൽനിന്നു പൊങ്ങും
തുമുലരവം, മുനിയൊട്ടടുത്തനേരം
കടലിനുടെയിരമ്പലല്ല മുറ്റും
ക്രതുഭുഗരാതിവിലാപമെന്നറിഞ്ഞു;       18

തവിടുപൊടി തകർന്നുതാഴെവീഴും
തനതുമനോരഥമേട നോക്കിനോക്കി
തരളമതി തപസ്വി പാഞ്ഞുചെന്നു
ദനുജകുലാധിപരാജധാനിതന്നിൽ,       19

അതിനകമുശനസ്സണഞ്ഞനേര-
ത്തഹഹഹ! കണ്ടൊരുകാഴ്ചയെന്തു ചൊൽവൂ?
കഠിനം! അസുരർതന്നവസ്ഥയാർക്കും
കരളുരുകുംപടി കഷ്ടമായിരുന്നു       20

ഉടലൊടു തല വേർപിരിഞ്ഞു;വക്ഷ-
സ്സടവുകലർന്നു, കരോടി ചൂർണ്ണമായി,
കഴൽ കരമിവയ,റ്റസൃക്കിൽമുങ്ങി-
ക്കവി പല ശിഷ്യകളേബരങ്ങൾ കണ്ടു.       21

നടുപദവിയിൽ വിപ്രചിത്തി,ജംഭൻ,
നമുചി, വലൻ മുതലായ സൈന്യനാഥർ
തടിയിടിപൊടിയായ്ക്കിടപ്പു ഹാ ഹാ!
തപനതനുജനികേതനാദ്ധ്വനീനർ       22

വളരെയസുരവീരർ ഗോർദ്ദ, മന്ത്രം
വപയിവ വൈകൃതമായ് വെളിക്കു ചിന്നി
ചുടുനിണവുമണിഞ്ഞു ഹാ ശയിപ്പൂ
ചുവടുമറിഞ്ഞ മരാമരങ്ങൾപോലെ       23

"https://ml.wikisource.org/w/index.php?title=താൾ:കിരണാവലി.djvu/44&oldid=173045" എന്ന താളിൽനിന്ന് ശേഖരിച്ചത്