പരിമൃദിതപരേതരാജദർപ്പൻ,
പശുപതി മൽഗുരു ഭക്തപാലനോല്ക്കൽ;
മൃഡനുടെ വരമെങ്ങു? തുച്ഛമാമീ
മൃതബലിജീവനമേ,ങ്ങതോർത്തുമോക്കൂ. 60
അസുരപതി മദീയശിഷ്യനെന്നു-
ള്ളറിവുവെടിഞ്ഞളികത്തികത്തിലാത്മയോനി
അതുമിതുമവതാളമായ് വരച്ചാ-
ലണകകുലാലരിലഗ്രഗണ്യനങ്ങോർ! 61
ചില ചെടി കവരം മുറിച്ചുവിട്ടേ
ചിതമൊരു വാച്ചു തഴച്ചിടുന്നുള്ളു;
പരകൃതപരിഭൂതി ദാനവർക്കും
പരമതുമട്ടിലുദർക്കഭവ്യഹേതു. 62
അരഞ്ഞൊടി പിരിയാത്ത ഞാനഹോ നി-
ന്നനുകനെയന്നനുയാത്ര ചെയ്തില്ല!
അവിരതമവിവേക പാദത്തി-
ന്നനുശയസസ്യമവശ്യഭാവിതന്നെ. 63
അതിനിതു ഫലമാട്ടെ; തോറ്റു നാമെ-
ന്നരികളുരയ്പതളീകവീരവാദം;
മഹിതസാരനദിക്കു മന്നിലെത്താൻ
മണലണകൊണ്ടൊരു മാർഗ്ഗരോധമുണ്ടോ? 64
കരയരുതു കുമാരി! കാൺക വേണ്ടേ
കളി ചിലതൊക്കെ നിനക്കു? കൺമിഴുക്കൂ!
മധുരതരമഹേന്ദ്രജാലവിദ്യാ-
മരതകപിഞ്‌ഛിക മത്തപോമതല്ലി," 65
ബഹുവിധമിതുമട്ടുരച്ചു കാവ്യൻ
ബലിദയിതയ്കു വിശേഷസ്വാന്തനമേകി;
ശവമൊരു വസന്തത്തിനാൽ മറച്ചാൻ;
ശ്രവണപുടങ്ങളിൽ മന്ത്രമുച്ചരിച്ചാൻ 66
അവയവതതി പാണികൊണ്ടു തൊട്ടാ-
നലിവൊടനന്തരമാനനം മുകർന്നാൻ;
ഒടുവിലുണരുകെൻറെ വത്സനെന്നാ;-
നെരുനിമിഷത്തിലിതൊക്കെയും കഴിഞ്ഞു. (യുഗ്മകം)67
ത്സടിതി "പശുപതേ! മദേകബന്ധോ!
ജയ ജയ ദേശിക! ഭാർഗ്ഗവാന്വയേന്ദോ!?"
ഇതി വിവിധവചസ്സുരച്ചുകൊണ്ട-
ന്നിളയെ വെടിഞ്ഞഴുന്നേറ്റു ദാനവേന്ദ്രൻ. 68