ചതവുടവിവയില്ല മെയ്യിലെങ്ങും;
ശകലമിടയ്ക്കൊരു പോറൽപോലുമില്ല;
ചടമൊരു ലവമില്ല; നെറ്റിയിന്മേൽ
ശ്രമജലബിന്ദുവുമൊന്നുകൂടിയില്ല! 69
ശിരസ്സിൽ മകുടത്തൊടും നിറുകയിൽ ത്രിപുണ്ഡ്രത്തൊടും
കഴുത്തിലിഴമുത്തൊടും കരതലത്തിലസ്ത്രത്തൊടും
കടന്നു ഗുരുവിന്റെ കാൽത്തളിരിലാശു സാഷ്ടാംഗമായ്
പ്പതിച്ചു സുരവൈരികൾക്കശനിപാണി വൈരോചനി. 70
കന്യാകുമാരിയിലെ സൂര്യോദയം
നിത്യനായുള്ള ഭഗവാനേ! പോറ്റി! നീ
സത്യത്തൂണൊന്നു നടുക്കു നാട്ടി;
മുറ്റും നീലാംബരംകൊണ്ടു മേൽക്കെട്ടിയും
ചുറ്റും വെളിയടപ്പട്ടും കെട്ടി;
സൂരസുധാകരവൈദ്യുതറാന്തലും
താരകഗ്ലോപ്പും മുകളിൽത്തൂക്കി;
ആഴിയാം മാഹേന്ദ്രനീലക്കൽ ചുറ്റിലു-
മൂഴിയാം പച്ചക്കൽ മദ്ധ്യത്തിലും
മേനിയിൽ വച്ചുറപ്പിച്ചു വിളങ്ങുമീ
മാനുഷഗോളമണിക്കൂടാരം
നാലുവഴിക്കും മനോജ്ഞമിരുപത്തി-
നാലും മണിക്കൂറുമേതുനാളും!
എങ്കിലുമെൻ വിഭോ! നേരം പുലരുമ്പോ-
ളെങ്കരൾത്താമരത്തൂമലരിൽ
ചെങ്കതിരോന്റെ തിരുപ്പുറപ്പാടേകും
വൻകുതുകോന്മദമൊന്നു വേറെ!
നിന്തിരുമേനിയെ നേരിട്ടു കണ്ടു ഞാൻ
ബന്ധവിമുക്തനായ്ത്തീരുവോളം
അന്യപ്രകൃതിപ്രദർശനമെന്തെന്നെ-
ദ്ധന്യനാക്കാനുള്ളു തമ്പുരാനെ!
പാരിച്ച വാനിൻനിഴൽപോലെ മൂടിയ
കൂരിരുൾക്കട്ടിക്കരിമ്പടത്തേ
തന്മെയ്യിൽനിന്നു വലിച്ചകലെക്കള-
ഞ്ഞിമ്മഹീമണ്ഡലപ്പൊൻ മണ്ഡപം
മൂരിനിവർന്നെഴുന്നേറ്റൊരു നോക്കതാ!
നേരേ കിഴക്കോട്ടു നോല്ലിനില്പൂ.
അന്തിതുടങ്ങി വെളുപ്പോളം കൂത്താട്ടം