പന്തിയിലാടിത്തളർന്ന ചന്ദ്രൻ
തൂനക്ഷത്രങ്ങളാം ചങ്ങാതിമാരോടും
വാനക്കളിത്തട്ടു വിട്ടുപോയി.
അങ്ങിങ്ങു താരങ്ങളൊന്നുരണ്ടൊട്ടൊട്ടു
മങ്ങിത്തിളങ്ങി മയങ്ങിക്കാണ്മൂ:
മാതാവായ് വേറിട്ടു മാർഗ്ഗം തിരിയാതെ
ഖേദിക്കും ഖേചരബാലർപോലെ;
തെറ്റിത്തറയിൽപ്പതിച്ച വിൺമങ്കത-
ന്നൊറ്റക്കൽമൂക്കുത്തി വൈരംപോലെ;
എന്തിന്നു ശങ്കിച്ചു നില്ക്കുന്നു വത്സരേ!
പിന്തിരിഞ്ഞങ്ങെങ്ങാനോടിക്കൊൾവിൻ;
ജ്യോതിസ്സ്വരൂപനെഴുനള്ളുമാറായി;
പാതയിൽനിന്നു വിലകിക്കൊൾവിൻ.
മന്ദാനിലൻ നവമാർജ്ജനിയാൽ തൂത്തും
മന്ദാകിനിപ്പുഴ നീർ തളിച്ചും
മന്ദാരശാഖി മലർനിര വർഷിച്ചും
നന്നായ്‌വിളങ്ങുമീയഭ്രവീഥി
കുഞ്ജരനേർനടമാരുടെ നർത്തന
മഞ്ജുളമഞ്ജീരശിഞ്ജിതത്താൽ
മാറ്റൊലികൊള്ളേണ്ട കാലമായ്! കൂട്ടരേ!
മറ്റൊരു ദിക്കിൽ മറഞ്ഞുകൊൾവിൻ.
ചിക്കെന്നു നോക്കുക! ചൊവ്വേ കിഴക്കോട്ടു
ചക്രവാളത്തിന്റെയറ്റത്തായി
മോടിയിൽ സാഗരം വിട്ടു കരയേറി
ക്രീഡിക്കും യാദോനികരംപോലെ;
അല്ലെങ്കിലാഴിയിൽ വാനോർ കൃഷിക്കായി-
ത്തല്ലിയുറപ്പിച്ച മുട്ടുപോലെ;
പോരെന്നാൽ തൻതല തെല്ലൊന്നുയർത്തിടും
വാരുറ്റ മൈനാകശൈലംപോലെ;
നീളെസ്സമുദ്രത്തെത്തൊട്ടുകിടക്കുന്ന
നീലവലാഹകമാലകളിൽ
ഈടെഴും ചീനാശുകത്തിന്റെയറ്റത്തു
പാടലപ്പെട്ടുകസവുപോലെ
തങ്കരേക്കിട്ടു തുടങ്ങി പുലർവേല
മങ്കയാൾ ചുറ്റിലും മന്ദമന്ദം.
ചേണാർന്ന നീലക്കൽക്കേമണത്തിൻ മീതെ
മാണിക്യരത്നം പതിക്കുകയോ;
ശാണോപലത്തിൽ തെരുതെരെയോരോ പൊൻ-
നാണയമാറ്റുര നോക്കുകയോ;
വൻഗജപങ്‌ക്തിയെ പ്രാങ്‌മുഖമായ് നിർത്തി-
താൾ:കിരണാവലി.djvu/51
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല