ന്യായസ്ഥനായും സമദർശിയായും
ജഗന്നിയന്താവു ജയിച്ചിടുന്നു;
കാലജ്ഞനക്കർഷകനോർമ്മയുണ്ടു
വിത്തിട്ടവണ്ണം വിളയിച്ചുകൊൾവാൻ.
മൂഡന്റെ പൊന്നും മണിയും മനീഷി
കാണുന്നു ചോറും ചരലും കണക്കേ;
വരും പണം പോകുമതൊന്നിലല്ലീ--
യാത്മാവുറപ്പിച്ചതു വിശ്വശീല്പി.
പോ! തോഴി! പോ! നീ പതറാതെ നിന്റെ
പൊട്ടപ്പുരക്കൂട്ടിനുമേലുമിപ്പോൾ
സുധാമയൂഖൻ ഗഗനത്തിൽനിന്നു
തൂവെൺകുതിരപ്പൂനിര തൂകുമല്ലോ!
അന്തർവിടങ്കത്തിൽ നിനക്കു കത്തു-
മവ്യാജവിശ്വേശ്വരഭക്തിദീപം
അഖണ്ഡനിർവാണപദത്തിലെത്താ-
നറ്റംവരയ്ക്കും വഴികാട്ടിടട്ടേ"
തായേവമോരോന്നുരചെയ്തതിന്റെ
താത്പര്യമെന്തച്ചെറുപൈതൽ കണ്ടു?
എന്നാലുമക്കുഞ്ഞു പറഞ്ഞു; "പാവം!
ഹാ പാവമേ! നമ്മുടെ നീലി"യെന്നായ്.
മലർന്നു മങ്കയ്ക്കതു കേട്ടനേരം
വക്ത്രാബ്ജ,മെന്നിട്ടിവ"ളീ വിചാരം
എന്നോമനയ്ക്കേറണമെന്നുമെന്നു--"
മെന്നോതിയക്കുട്ടനെയുമ്മവയ്പൂ.
ശ്രീമൂലനക്ഷത്രമാല
ശ്രീപത്മനാഭചരണാംബുജമുൾക്കുരുന്നിൽ--
ക്കാപട്യമ്റ്റു കരുതിക്കലിതാണുഭാവം.
സ്വാപത്തിലും സുകൃതിയായ് വിലസുന്നു മൂല--
ഭൂപർഷഭൻ ഭുവനമംഗലരത്നദീപം. 1
സത്യത്തോടുള്ള രതി, സാധൂജനാനുകമ്പ,
കൃത്യത്തിൽ നിഷ്ഠ, കൃതകേതരദൈവഭക്തി,
അത്യന്തമാം വിനയ,മാത്മദമം തുടങ്ങി
സ്തുത്യർഹമായ സുഗുണം പലതും കലർന്നോൻ 2