ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

മെല്ലവേ തെല്ലു വെളിക്കു കാട്ടി
ചെല്ലച്ചെറുചിരിക്കള്ളത്താൽ തത്വം നീ
ചൊല്ലിത്തരുന്നു; ഞാൻ വിഡ്ഢിതന്നെ!
ആയായ്! ഈ മൺകളിപ്പണ്ടങ്ങളെങ്ങോ? നി-
ന്നായത്താനന്ദമുറക്കമെങ്ങോ ?
നിദ്രയാം ദേവിതൻ വാത്സല്യപൂർണ്ണമാം
ഭദ്രദപ്പൊൽക്കരത്താലോലത്തിൽ
ഞങ്ങൾക്കു ചിന്തിപ്പാൻപോലുമശക്യമാം
മംഗളമല്ലോ നിനക്കധീനം.
വാനത്തുനിന്നു വരിവരിയായെത്ര
വാനവമാനിനിമൗലിമാരോ
തിങ്കൾക്കുളിർക്കതിർക്കോണിവഴിയായ് വ-
ന്നെൻകുഞ്ഞേ! നിന്മെയ്‌തലോടി നില്പൂ!
ബ്രഹ്മാനന്ദപ്രദമായ്ച്ചില പാട്ടുക-
ളമ്മാൻകിശോരമിഴിമാർ പാടി
മെല്ലവേ പീയൂഷയൂഷം പൊഴിപ്പൂ നിൻ
ചെല്ലക്കുരുന്നു ചെവിയിണയിൽ.
വിണ്ണവർകോനുടെ പള്ളിവില്ലിൽപ്പെടും
വർണ്ണങ്ങൾകോലും കിളിച്ചെണ്ടുകൾ
കല്പകപ്പൂക്കളാൽക്കെട്ടിക്കളിപ്പാനെ-
ന്നപ്പനു നല്കുന്നുണ്ടാ വധുക്കൾ.
പാലാഴിപെറ്റ സുരഭിയാം പൈയിനെ-
ച്ചാലേ കറന്നു ചുടുനറുംപാൽ
അപ്പാലു കാച്ചിയുറച്ച തയിർ കട-
ഞ്ഞപ്പാടേ നേടിയ വെണ്ണയുമായ്
മംഗല്യഗാത്രിമാരാമവർ നല്കുന്നു-
ണ്ടെൻ കണ്മണിക്കു ഭുജിച്ചുകൊൾവാൻ.
വാരാശിമേഖലത്തയ്യലാളാമമ്മ!
നാരായണസ്വാമിയാകുമച്ഛൻ;
ദേവതമാരാകും ചേടിമാർ; ഓമന-
പ്പൂവൽമെയ്ത്താരങ്ങളാ വയസ്യർ;
ഈവണ്ണമുള്ളോരാൽ പോഷിതമാകും നിൻ
കേവലസ്വപ്നസുഷുപ്തിസൗഖ്യം
എൻപാഴുറക്കുപാട്ടെന്തിന്നു ഭഞ്ജിപ്പു?
നിൻപാട്ടിൽ നീയുറങ്ങെന്റെ തങ്കം!
എന്മാംസദൃഷ്ടികൾക്കെത്രയോ ദൂരയാ-
ണിമ്മാന്യഗാർഹികയോഗക്ഷേമം.
ശൈശവസ്വാപസുഖാവൃതനാം നിന-
ക്കാശീർവചസ്സെന്തു ഞാനുരയ്പൂ?
എന്തധികാരമെൻ നാവിന്നതോതുവാൻ!

"https://ml.wikisource.org/w/index.php?title=താൾ:കിരണാവലി.djvu/8&oldid=173076" എന്ന താളിൽനിന്ന് ശേഖരിച്ചത്