ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


നമ്മൾക്കും ഭാഗ്യത്തിനാൽ ചൈത്രർത്തുവുദിക്കുന്നു;
നമ്മെയും താരാർമണത്തെത്തൈന്നലുണർത്തുന്നു;
നാടെങ്ങും ജനങ്ങൾക്കിന്നുൾപ്പൂവു വിടരുന്നു
നാടെല്ലാമാശാവല്ലി ചെന്തളിരണിയുന്നു

മെയ്യെങ്ങും പൊൻപൂമ്പൊടിക്കോപ്പണിഞ്ഞാടിപ്പാടി-
പ്പയ്യവേ പറക്കുന്നൂ പന്തിയിൽക്കാർവണ്ടുകൾ;
സാനന്ദം കുയിൽക്കുലം പ്രകൃതിപ്രതീക്ഷകൾ
ഗാനത്തിൽപ്പകർത്തുന്നൂ ഭാവനാഗതിക്കൊപ്പം.

ലോകത്തിൻ തപശ്ചര്യാവല്ലിതൻ പരീപാക-
മേകമിച്ചൈത്രോത്സവം ഹൃദ്യങ്ങൾക്കെല്ലാം ഹൃദ്യം.
ഈക്കണിപ്ഫലം നമുക്കേവർക്കും നിസ്സംശയം
ഭാഗ്യലക്ഷ്മിതൻ സ്വയംഗ്രാഹമാം പരിഷ്വങ്ഗം.

നോക്കുവിൻ! ബാല്യത്തൊടും ഭോഗത്തെ ത്യജിച്ചൂഴി
കാക്കുവാൻ തുടങ്ങുമിക്കല്യാണധാമാവിനെ.
സ്വാർത്ഥത്തെ പ്രമാർജ്ജിപ്പാനല്ലയോ പതിക്കുന്നു
മൂർദ്ധാവിലിവിടേയ്ക്കു രാജ്യാഭിഷേകോദകം ?

"https://ml.wikisource.org/w/index.php?title=താൾ:ചിത്രോദയം.djvu/11&oldid=173103" എന്ന താളിൽനിന്ന് ശേഖരിച്ചത്