കേവലം പരാർത്ഥമായല്ലയോ ജീവിക്കുന്നു
മാവേലി തൻ നാട്ടിലിപ്രഹ്ലാദൻ സ്വഭൂപ്രിയൻ?
കോടറ്റീ വിശ്വം കാക്കും കേവലാത്മാവിൻ നേർക്കു
കോടിയിൽക്കൂടും കൈകൾ കോരകീഭവിക്കട്ടെ!
ഇച്ചിത്രാതാരോത്ഭവൻ ദേവനെപ്പാലിച്ചാലും
സച്ചിദാനന്ദമൂർത്തേ! സർവലോകകാന്തര്യാമിൻ!
അൻപതിൽപ്പരം ലക്ഷം സാധുഹൃൽക്കേത്രത്തിലി—
ത്തമ്പുരാൻ വാഴ്വൂ —ഭവൽസന്നിധാനത്തിൽ സ്വാമിൻ!
ഞങ്ങൾതന്നാശാങ്കുരം സർവ്വവും ചിത്രോത്ഭവ,—
മങ്ങതിന്നധിഷ്ഠാതാ, വക്ഷയപ്രാണപ്രദൻ.
ഈ വഞ്ചിയങ്ങേവഞ്ചി;യിന്നതിൻ നിയന്താവി—
ദ്ദേവൻ ത്വദ്ദാസൻ; ഞങ്ങളേവരും യാത്രക്കാരർ.
സേവ്യസേവകർ നിങ്ങൾ; ഞങ്ങളിൽ ഭവാനാരു
സേവ്യധർമ്മോപദേശം ചെയ്യുവാനധികാരി?
മേലും ഹാ! സർവ്വാതീതനങ്ങയെ പ്രാർത്ഥിക്കുവാൻ
കാലദേശാവച്ഛിന്നർ ഞങ്ങൾക്കു കഴിവുണ്ടോ?
ആയുരാരോഗ്യൈശ്വര്യശബ്ദങ്ങൾക്കോരോന്നിനു—
മാശയോടടുക്കുമ്പോളവ്യാപ്തിദോഷംവായ്പൂ.
എത്രമേൽ പൂർവ്വക്ഷണം നേർന്നാലുമതൊക്കെയു—
മുത്തരക്ഷണത്തിന്റെ ദൃഷ്ടിയിലപര്യാപ്തം.
താൾ:ചിത്രോദയം.djvu/12
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു