ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


കരുണാംബുധേ! ഭവന്മണികളേതെല്ലാമെ-
ന്നറിവാനാകുന്നതില്ലലർമാതിനുപോലും.
അർത്ഥിതൻ കൈക്കുമ്പിളിന്നാകൃതിയളന്നല്ല
വിത്തവാൻ ചെയ്യേണ്ടതു വിഭവോചിതം ദാനം.

"ഓരോരോ നവീനമാമുത്തമപരിഷ്ക്കാരം
പേരോലും വഞ്ചിക്ഷമാദേവിതൻ തിരുമെയ്യിൽ
തൽപ്രിയൻ ചാർത്തീടട്ടേയിന്നൃപൻ വിശിഷ്ടയാ-
മപ്പട്ടമഹിഷിതൻ സ്ഥാനത്തിനൊക്കുംവിധം.

ആർജ്ജവം, ശമം, ദമം, കാരുണ്യം, സമഭാവ-
മീച്ചൊന്ന ഗുണങ്ങളാം ഹൃന്നാകതരുക്കളാൽ
ഇദ്ദേവൻ ചൊരിയട്ടേ നിത്യവും ജയംപൂണ്ടു
വർത്തിക്കും വഞ്ചിക്കുമേൽ നന്മപ്പൂമലർമാരി.

ഏതുനാൾ നാരായണൻ ഭൂമിജനരകാന്തം
സാധിച്ചു ദീപാവലി പാരെങ്ങും ജ്വലിപ്പിച്ചു;
അന്നാളിലവതാരമാർന്നൊരീ വിഷ്ണ്വംശജൻ
മന്നന്നുമക്കാര്യമേ സാധ്യമായ് ഭവിക്കട്ടെ!

ഓജസ്സും പ്രസാദവും തുല്യമായ് സൂര്യേന്ദുക്കൾ
യോജിച്ചു ഭൂവിൻദീപ്തിക്കുത്ഭവിച്ചതുപോലെ
രാപ്പകൽഭേദംവെടിഞ്ഞെപ്പോഴും വിളങ്ങട്ടെ-
യപ്പുമാൻ രഥാങ്‌ഗവും ചെമ്പോത്തും വാഴ്ത്തുംവണ്ണം.

"https://ml.wikisource.org/w/index.php?title=താൾ:ചിത്രോദയം.djvu/13&oldid=173105" എന്ന താളിൽനിന്ന് ശേഖരിച്ചത്