വാണിയെബ്‌ഭജിക്കുവാൻ; അമ്മട്ടിലവിടുന്നും
സ്യാനന്ദൂരത്തെ വിട്ടു മഹിഷപുരത്തിങ്കൽ
കേരളീയനാമസ്മദാചാര്യൻ പ്രതിഷ്ഠിച്ച
ശാരദാപീഠമിന്നുമന്നാട്ടിൽ വിളങ്ങുന്നു;
ആ ദേശം സ്പഷ്ടദൃഷ്ടമാനസ, നർവാചീന-
വൈദേഹരാജർഷിതൻ വായ്പെഴും വാസസ്ഥാനം.
മുന്നാൾ ത്വൽസമാഖ്യനാം ത്വല്പൂർവ്വനൊരു മഹാൻ
വെന്നാൻപോലങ്ങുള്ളോരെപ്പോരാളിക്കൈവാളിനാൽ;
സ്വച്ഛന്ദമക്കൂട്ടരെ വെന്നുപോല,ങ്ങിന്നാളും
ചക്ഷുസ്സാൽ-സ്മിതത്തിനാൽ-വാക്കിനാൽ-ഹൃദയത്താൽ.
ക്ഷോണിയിൽപ്പലേത്തും ഛിന്നമായ്ക്കിടക്കുന്ന
വാണിതൻ വരങ്ങളാം മൗക്തികരത്നങ്ങളെ
ശേമുഷീസൂത്രത്തിൽക്കോർത്തവിടുന്നണിയുന്നു
കാമനീയകം വായ്ക്കും കണ്ഠത്തിലേകാവലി.
അമ്മനസ്വിനി വെൽവൂ മേൽക്കുമേലവിടുത്തേ-
യമ്മയാം ശ്രീമൽ സേതുപാർവ്വതീമഹാറാണി;
കേരളക്ഷിത്യംബയ്ക്കു രോമാഞ്ചപ്രദായനി;
ഭാരതസ്ത്രീലോകത്തിൻ ഭാവുകചിന്താമണി.
ധീരയാമദ്ദേവിതൻ സംസ്കാരപൂതം ചിത്തം
ക്ഷീരസാഗരംപോലെ വിശദം വിശങ്കടം;
താൾ:ചിത്രോദയം.djvu/9
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു