ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അയിത്തമാം ബലിക്കേകി, യഹിലോകവാസം ഹരി-
ഹയസഹോദരനാമീ വാമനോപമൻ
അതുവരെയധഃസ്ഥരായശുദ്ധരായെവിടെയോ
ഗതികെട്ടു കിടന്നോരു ഹരിജനങ്ങൾ
സവർണർതൻ ക്ഷേത്രംകണ്ടാൽ ശത്രുദുർഗ്ഗമെന്നുകല്പി-
ച്ചവശരായരണ്ടോടുമശരണന്മാർ
കുളിച്ചോരോകുറിയിട്ടു വെളുത്തമുണ്ടുടുത്തതാ
വിളംബരവിമാനത്തിൽക്കയറി നീളേ
തൊഴുകൈപ്പൂമൊട്ടുയർത്തി മിഴിയിണയിങ്കൽനിന്നു
വഴിയുന്ന വിൺപുഴയിൽ വീണ്ടും മുഴുകി
അണിനിര,ന്നഴിനിലയക,ന്നകതളിർ തെളി-
ഞ്ഞണയുന്നു ദേവസേവയ്ക്കനന്യതന്ത്രർ
'വരുവിനിങ്ങോട്ടു;വേഗം വരുവിൻ നിങ്ങളെക്കാത്തു
മരുവുന്നു ഞങ്ങ'ളെന്നു സവർണമുഖ്യർ
പറയുന്നു; നയിക്കുന്നു ഭഗവാന്റെ തിരുമുമ്പിൽ
പരിചയിപ്പിച്ചിടുന്നു പരിസരങ്ങൾ
മൂർത്തിയേതെന്നറിവാനും കീർത്തനത്താൽ സ്തുതിക്കാനും
ക്ഷേത്രമര്യാദകൾ പേർത്തും ഗ്രഹിക്കുവാനും
അവർ പഠിച്ചവരല്ലെന്നിരിക്കിലെന്തൊരു ഹാനി?-
യവയൊന്നുമല്ലയല്ലോ യഥാർത്ഥഭക്തി.
അവർക്കില്ല കാണിക്കയ്ക്കു പണമെങ്കിൽ വേണ്ട; ദേവ-
ന്നവർകാഴ്ചവെയ്പതന്തഃകരണരത്നം
അന്തണനുമന്ത്യജനുമൊന്നുചേർന്നു കൈകൾകോർത്തു
ബന്ധുതപൂണ്ടമ്പലത്തിനകത്തുകേറി
താണു ജഗദീശ്വരനെക്കൈതൊഴുതു പോരും കാഴ്ച
കാണുമെന്റെ കണ്ണേ; നിനക്കെന്തു മേൽക്കാമ്യം?
ഇതുതാനോ നാമിന്നോളമിരുന്നതാം ലോകം? മാറ്റ-
മിതിന്നൊരുനിമിഷം കൊണ്ടിത്ര വരാമോ?
ഗാന്ധിജിക്കുപോലുമൊരു മോഹനമാം ദിവാസ്വപ്നം;
ഭ്രാന്തരാകും കവികൾക്കു ഭാവനാചിത്രം
വിപ്ലവത്തിൻ വിദൂരമാം വിഹായസമണ്ഡലത്തി-
ന്നപ്പുറത്തുള്ളൊരു ഗോള, മസ്പഷ്ടദൃശ്യം;-
അതിനെയിങ്ങാകർഷിച്ചു ഹസ്തഗതമാക്കിയല്ലോ
വിധിവത്താ,യൊരുസൂക്തമോതിയിദ്ദേവൻ
തന്നുടയ തൂലികയാം യോഗദണ്ഡം നിലത്തൂന്നി-
ത്തന്നുവല്ലോ നാകമൊന്നീ നവ്യഗാധേയൻ
വളരെവർഷങ്ങളായിസ്സഹസ്രശാഖകൾ വാച്ചു
വളർന്നീടുമയിത്തമാം വിഷവൃക്ഷത്തെ
ഒരുവെട്ടാഞ്ഞോങ്ങിവെട്ടി മുറിച്ചിട്ടുവല്ലോ താഴെ-
പ്പരശുരാമോർവിയിലിപ്പരശുരാമൻ

"https://ml.wikisource.org/w/index.php?title=താൾ:ചൈത്രപ്രഭാവം.djvu/10&oldid=173116" എന്ന താളിൽനിന്ന് ശേഖരിച്ചത്