ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വലങ്കണ്ണുമിടങ്കണ്ണും മാറിമാറിത്തുറക്കുന്നു
വളരെനാളായിശ്ശൗരി പകലും രാവും.
"സൂര്യനായിക്കയർത്താലും ചന്ദ്രനായിച്ചിരിച്ചാലും
കാര്യമില്ല; സവർണ്ണർക്കു രണ്ടും സമാനം.
ദഹിപ്പിക്കാമെന്നുവെച്ചാൽത്തീക്കണ്ണില്ല; മനസ്സില്ല;
സഹിക്കാം ഞാനീയനീതി ചിലനാൾകൂടി."
എന്നു നിനച്ചടങ്ങിത്തൻ മെത്തയിന്മേൽക്കിടക്കയാ-
ണൊന്നുമറിയാത്തമട്ടിൽ ശ്രീപത്മനാഭൻ

5


ആന്ധ്യമത്ര കാൺകമൂലം ശ്രീവിവേകാനന്ദൻ മുന്നം
ഭ്രാന്തശാലയെന്നുചൊന്ന കേരളനാട്ടിൽ-
തൊട്ടുകൂടാ-തീണ്ടീക്കൂടാ-കണ്ടുകൂടാ-തുടങ്ങിയ
ചട്ടമിന്നും നിലനിൽക്കും ശ്വാപദക്കാട്ടിൽ-
ഘോരനാമിദ്ദുരാചാരതാരകനെക്കൊന്നൊടുക്കാ-
നേറെനാളായ് വിബുധന്മാർ ചെയ്ത തപസ്സാൽ
ശ്രീപാർവതീദേവിയുടെ തിരുവുദരത്തിലൊരു
ശോഭനനാം കുമാരൻ പോന്നവതരിച്ചു.
സ്തന്യപാനദശയിലും ധർമ്മവീരനന്നൃപേന്ദു-
വന്യദുഃഖമകറ്റുവാനൗത്സുക്യശാലി
കോലകത്തെഗ്ഗാനമൊന്നുമല്ല കേട്ടതവിടുന്നു,
മാലിയലുമധഃസ്ഥർതൻ തപ്തനിശ്വാസം;
കോമളമാം വസ്തുവൊന്നുമല്ല കണ്ടതവിടുന്നു,
ജാമദഗ്ന്യധരണിതൻ സവ്രീഡവക്ത്രം
അരുളീടുമനുകമ്പാവിവശനായ്ക്കൺനിറഞ്ഞു
തിരുമേനി: "ഇതെന്തൊരു നീതികേടമ്മേ?
അരയൊരു കീറക്കരിത്തുണിത്തുണ്ടുകൊണ്ടു മറ-
ച്ചരിവറ്റു കണ്ടിടാത്ത വയറുമായി
കവിളൊട്ടി, മിഴികുഴി,ഞ്ഞുടൽമെലി,ഞ്ഞെല്ലെടുത്തോ-
രിവരേവർ നമ്മെക്കണ്ടാലോടിയൊളിപ്പോർ?
ഇവരോടെന്തിതരന്മാരിത്തരത്തിൽപ്പെരുമാറാ-
നിവരുമെന്തിക്കണക്കിലൊഴിഞ്ഞുമാറാൻ?
ഇവരും ഹാ! ദയനീയർ നരരല്ലേ നമ്മെപ്പോലെ-
യിവരെയും സൃഷ്ടിച്ചതീശ്വരനല്ലേ?
പാമ്പിനേയും കാവിൽവെച്ചു കൈതൊഴുന്നു കേരളീയർ;
പാമ്പിനെക്കാൾപ്പതിതനോ പാവം മനുഷ്യൻ?"
മറുപടിയതിന്നോതും മനസ്വിനി മഹാറാണി:
"പരമാർത്ഥം നമുക്കിവർ ഭ്രാതാക്കൾതന്നെ
ഹിന്ദുധർമ്മം ചരിക്കുവോർ; ഹിന്ദുനാമം ധരിക്കുവോർ,-
എന്തുചെയ്യാ,മനുല്ലംഘ്യമന്ധവിശ്വാസം!

"https://ml.wikisource.org/w/index.php?title=താൾ:ചൈത്രപ്രഭാവം.djvu/6&oldid=173123" എന്ന താളിൽനിന്ന് ശേഖരിച്ചത്