ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നികൃഷ്ടമല്ലാർക്കും ജന്മം; നിഷിദ്ധമല്ലേതും കർമ്മം
സുഖിക്കുവാനാർക്കുമുണ്ടു തുല്യാവകാശം.
ഭഗവതി! ഭാരതോർവി! ഭവതിയിൽ മാത്രമെന്തീ
വികൃതമാം വിധിവാക്യം, വിഷാദസ്ഥാനം?
അയിത്തമാണവിടുത്തേയഴലുകൾക്കാദിമൂല,-
മയൽവക്കക്കാർക്കശേഷമപസാസർഹം.
ഇപ്പഴങ്കൈവിലങ്ങമ്മയെത്രകാലം ചുമക്കേണ-
മിപ്പെരിയ ശാപത്തിന്നുമില്ലയോ മോക്ഷം?
ശ്രുതികളും സ്മൃതികളും ചികഞ്ഞു നോക്കുകിൽക്കാണാ-
മതിലെല്ലാമനുസ്യൂതമായൊരുതത്വം.
ഒരിക്കലുമസ്മൽപൂർവരിരുന്നവരല്ലന്നന്നു
പരിഷ്കരിച്ചിടാതെ തന്മതാചാരങ്ങൾ.
അല്ലയെങ്കിൽപ്പഴയോരീഹർമ്മ്യമെന്നേ കാലത്തിന്റെ
മല്ലുതട്ടിൽ മൺമറഞ്ഞുപോയിരുന്നേനേ.
നിയതം നാം നീളെ മേലും നിവസിക്കേണ്ടോരിസ്സൗധ-
മയിത്തപ്പാഴ്ചിതൽപ്പുറ്റായ്ക്കിടന്നുകൂടാ.
വളരെനാളായിപ്പോയി വലയടിക്കാതെ; വെള്ളം
തളിച്ചൊന്നു തറപോലും മെഴുകിടാതെ;
ഇളകിപ്പോയ് ചുവരിലെയിഷ്ടികകൾ; വിടവുക-
ള്ളകളായ്‌പ്പോ, യഹികൾക്കകത്തു നൂഴാൻ.
പറന്നുപോയ് പണ്ടു മേഞ്ഞ പഴയോല; നമ്മുടെയി-
ത്തറവാടു തകരാറായ്, തരിപ്പണമായ്.
ഉടനിതിൻ കേടുപാടു ശരിപ്പെടുത്താഞ്ഞാൽ മറി-
ഞ്ഞിടിഞ്ഞിതു വന്നുവീഴും തലയിൽത്തന്നെ.
സവർണ്ണർക്കു മാത്രമല്ല തമ്പുരാനും ജനകനു-
മവർണ്യവൈഭവനാമെന്നംഭോജനാഭൻ.
എന്തുകൊണ്ടീയഗതികൾ കൈതൊഴുവാൻ വരുമ്പോൾ നാം
ബന്ധനം ചെയ്തിരിക്കേണം ക്ഷേത്രകവാടം?
ആയവർ തൻ ഹൃദയത്തിൽ വാണരുളും ഹരിയെ നാം
ധീയകന്നു ചെറുക്കാമോ? ഹരി രണ്ടുണ്ടോ?
സ്നേഹബുദ്ധിയോടുകൂടിയാഗമിക്കും സഹജരിൽ
ദ്രോഹവൃത്തി തുടങ്ങുവോർ ദുഷ്ടരിൽ ദുഷ്ടർ.
ഹരിജനസേവനം താൻ ഹരിയുടെ സേവനമെ-
ന്നറിയുന്നു വേദശാസ്ത്രപുരാണവിജ്ഞർ.
കായനാശം മനുഷ്യർക്കു സാരമില്ല; കായമൊന്നു
പോയാൽ പോകും; വരും വീണ്ടും മറ്റൊരു കായം;
അഭിമാനഹാനിവന്നാലരുന്തുദമാമാവ്രണ-
മപവർഗംവരെ നിൽക്കുമന്തരംഗത്തിൽ

"https://ml.wikisource.org/w/index.php?title=താൾ:ചൈത്രപ്രഭാവം.djvu/8&oldid=173125" എന്ന താളിൽനിന്ന് ശേഖരിച്ചത്