താൾ:ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും.djvu/106

ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വലിയ പങ്ക് അതിൽ വഹിച്ചു. ജ്യോതിഷം ക്രിസ്തീയ പാതിരിമാരിൽ പോലും എത്രമാത്രം ആഴത്തിൽ വേരൂന്നിയിരുന്നു എന്ന് പണ്ഡിതനായ ജസ്യൂട്ട് ഫാദർ അതാസ്യുസ് കിർച്ചറുടെ മുണ്ടസ് സബ്ടെറാനിയസ്' എന്ന കൃതിയിലെ താഴെപ്പറയുന്ന വിവരണത്തിൽ നിന്നും വ്യക്തമാകും. 1664-ൽ ടെലിസ്കോപ്പിലൂടെ ചൊവ്വയെ നിരീക്ഷിച്ച ശേഷം അദ്ദേഹം എഴുതി: " ...പ്രതലം അതികഠിനവും പരുക്കനും കരിയും ഗന്ധകവും നിറഞ്ഞതുമാണ്. പക്ഷെ അത് ജ്വലിക്കുന്നില്ല. ആവി ഉതിർക്കുന്ന ടാറും നാഫ്തയും അതിനു മീതെ വിഷബാഷ്പങ്ങളുമാണ്. പർവതഗർത്തങ്ങളിൽ നിന്ന് വല്ലാത്ത നാറ്റമുള്ള ജ്വാലകൾ വമിച്ചുകൊണ്ടിരിക്കുന്നു. കടലുകൾ ഉരുകിയ ഗന്ധകം കൊണ്ടു നിറഞ്ഞിരിക്കുന്നു." ടെലസ്കോപ്പിലൂടെ നാറ്റം എങ്ങനെ അറിയാൻ കഴിഞ്ഞു എന്ന് ആരെങ്കിലും അദ്ദേഹത്തോടു ചോദിച്ചോ എന്നറിയില്ല. എന്തായാലും യുദ്ധദേവനായ ചൊവ്വയ്ക്ക് പറ്റിയ രൂപം തന്നെയാണ് കിർച്ചർ കണ്ടതെന്നതിൽ സംശയമില്ല. ഗന്ധകവും ജ്വാലയും പോയിട്ട് ഇളം ചൂടുപോലുമില്ലാത്ത, വളരെ നേർത്ത അന്തരീക്ഷമുള്ള, ഒരു കൊച്ചുഗോളം മാത്രമാണ് ചൊവ്വയെന്ന് അദ്ദേഹത്തിന് അന്ന് അറിയാൻ കഴിയുമായിരുന്നില്ല.

അലക്സാൻഡ്രിയാ നിരീക്ഷണ നിലയത്തിലെ ജ്യോതിശ്ശാസ്ത്രജ്ഞരിൽ ഒടുവിലത്തെ ആളും റോമൻ കാലഘട്ടത്തിലെ ഏറ്റവും പ്രമുഖനും ആയിരുന്നു ക്ലോഡിയസ് ടോളമി (ക്രി.വ 70-161). നൈൽ അഴിമുഖത്തിനടുത്ത് പെലൂസ്യം എന്ന സ്ഥലത്താണ് ജനനം. ഹിപ്പാർക്കസ്സിന്റെ നക്ഷത്രമാപ്പും ഗ്രീക്കു ഗണിത-ജ്യോതിശ്ശാസ്ത്ര ഗ്രന്ഥങ്ങളും അയാൾ കുട്ടിക്കാലത്തേ ഹൃദിസ്ഥമാക്കി. 'ഭൂമിക്കു ചുറ്റും' ഗ്രഹങ്ങൾക്കു വൃത്തപഥം നൽകാനായി ജോമട്രി കൊണ്ട് ടോളമി സൃഷ്ടിച്ച ജാലവിദ്യ അത്ഭുതകരമാണ്. കോപ്പർ നിക്കസ്സിന്റെ കാലം വരെ യൂറോപ്പിൽ ടോളമിയെ ചോദ്യം ചെയ്യാൻ ആരും ഉണ്ടായില്ല. ഫലഭാഗ്യ ജ്യോതിഷത്തിലും ടോളമി ആചാര്യനായാണ് പരിഗണിക്കപ്പെടുന്നത്. നക്ഷത്രങ്ങൾക്ക് അറബി നാമങ്ങൾ വന്നു ചേർ‌ന്നതിൽ പ്രധാന പങ്ക് ടോളമിക്കാണ്. അദ്ദേഹത്തിന്റെ പ്രശസ്ത ജ്യോതിശ്ശാസ്ത്ര ഗ്രന്ഥമാണ് ടെട്രാബിബ്ലോസ്ക്വാ ഡ്രിപാർടിറ്റം

ജ്യോതിഷത്തോട് ആഭിമുഖ്യം കാട്ടുമ്പോൾ തന്നെ ജ്യോതിശ്ശാസ്ത്രത്തെ പള്ളി സമീപിച്ചത് സൗഹൃദത്തോടെയല്ല എന്നും ഓർക്കണം. ക്രിസ്തിയ പണ്ഡിതനായ ഫാ ആബോസ് പറഞ്ഞത് "നമ്മുടെ പരലോക ജീവിതത്തെ ഒരു വിധത്തിലും സഹായിക്കാത്തതിനാൽ ഭൂമിയുടെ രൂപത്തെയും സ്ഥാനത്തെയും കുറിച്ചുള്ള ചർച്ച തന്നെ അസ്ഥാനത്താണ് എന്നാണ്. ഭൂമി ഉരുണ്ടതോ പരന്നതോ ആകട്ടെ. ഭൂമി സൂര്യനെ ചുറ്റുകയോ സൂര്യൻ ഭൂമിയെ ചുറ്റുകയോ ചെയ്യട്ടെ, നമുക്കെന്തു കാര്യം എന്നുസാരം. എന്നാൽ ഇത്രപോലും വിശാലത മതനേതൃത്വം കാണിച്ചില്ല. ഭൂമി സൂര്യനെയാണ് ചുറ്റുന്നത് എന്നു പറഞ്ഞതിന് ഗലീലിയോ തുറുങ്കിലടയ്ക്കപ്പെട്ടു. എങ്കിലും, ക്രിസ്തുമതത്തെയും യൂറോപ്പിനെയും ജ്യോതിഷത്തിന്റെ പിടിയിൽ നിന്ന് ഒടുവിൽ മോചിപ്പിച്ചതിനുള്ള ക്രെഡിറ്റ് മുഴുവൻ ഗലീലിയോയ്ക്ക് തന്നെയാണ്.


4.2 ഇസ്ലാമും ജ്യോതിശ്ശാസ്ത്രവും

ആകാശദൈവങ്ങളെ തള്ളിപ്പറഞ്ഞുകൊണ്ട് ഏകദൈവവിശ്വാസവുമായി മുന്നേറിയ യഹൂദമതവും അതിൽ നിന് ഉയിർക്കൊണ്ട ക്രിസ്തുമതവും മെല്ലെമെല്ലെ, ആകാശത്തിൽ സന്ദേശങ്ങൾ വായിക്കാനും ഗ്രഹയോഗങ്ങളെയും ഗ്രഹണങ്ങളെയും ധൂമകേതുക്കളെയും പേടിക്കാനും ജ്യോതിഷത്തിനു അടിമപ്പെടാനും തയ്യാറായി എന്ന് ചരിത്രം നമ്മോടു പറയുന്നു. എന്നാൽ ജ്യോതിഷത്തിന് ഒരിക്കലും പൂർണമായി കീഴടങ്ങാൻ