ഖലീഫ നിയോഗിച്ചു. തുടർന്ന് മറ്റനവധി ജ്യോതിശ്ശാസ്ത്രഗ്രന്ഥങ്ങളും ഗണിതഗ്രന്ഥങ്ങളും സംസ്കൃതത്തിൽ നിന്ന് പരിഭാഷ ചെയ്യപ്പെട്ടു. പൂജ്യത്തിന്റെ ഉപയോഗം ഭാരതത്തിൽ നിന്ന് അറബികൾ വഴി ലോകം അറിഞ്ഞു. കടലാസ് നിർമ്മാണ വിദ്യ അവർ ചൈനയിൽ നിന്നും വശമാക്കി. വ്യാപാരത്തിനും അറിവിന്റെ വ്യാപനത്തിനും ശാസ്ത്രപഠനങ്ങൾക്കും ഈ രണ്ട് അറിവുകൾ വലിയ പ്രചോദനമായി. റിക്കാർഡുകൾ എഴുതി സൂക്ഷിക്കാനായി കൊട്ടാരത്തിൽ കരുതിയിരുന്ന പാപ്പിറസ് ഇലകളുടെ ശേഖരം വിറ്റഴിച്ചുകൊണ്ടാണ് അൽ-മൻസൂർ കടലാസ് നിർമ്മാണം നിർബന്ധമാക്കിയതത്രെ.
തെക്കു പടിഞ്ഞാറൻ പേർഷ്യയിലെ ജുൻദിഷാപുർ മെഡിക്കൽ കോളേജിലെ ഭിഷഗ്വരനായിരുന്നു ഹുനയ്ൻ ഇബ്ൻ ഇഷാക്ക്. ഹറൂൺ റഷീദിന്റെ കലത്ത് അദ്ദേഹത്തെ ബാഗ്‌ദാദിലേക്കു ക്ഷണിച്ചു വരുത്തി. ടോളമിയുടെ 'സിൻടാക്‌സ്' പരിഭാഷപ്പെടുത്തുകയായിരുന്നു ഉദ്ദേശ്യം. പക്ഷെ ഹിപ്പോക്രാറ്റസിന്റെയും ഗാലന്റെയും വൈദ്യശാസ്ത്ര ഗ്രന്ഥങ്ങളാണ് അദ്ദേഹത്തെ കൂടുതൽ ആകർഷിച്ചത്. സ്വന്തമായ രചനകളും അദ്ദേഹം ധാരാളം നടത്തി. കണ്ണിന്റെ ഘടനയെയും കാഴ്ച എന്ന പ്രതിഭാസത്തെയും കുറിച്ചു ലഭ്യമായ ആദ്യ കൃതികളിലൊന്ന് ഇഷാക്കിന്റെതാണ്. ഇഷാക്കിന്റെ മകൻ 'ഇഷാക്ക് ഇബ്ൻ ഹുനയ്ൻ' ആണ് സിൻടാക്‌സിന്റെ പരിഭാഷ പൂർത്തിയാക്കിയത്. പരിഭാഷകളുടെ ആധിക്യം മൂലം സമർഖണ്ടിൽ സ്ഥാപിച്ച കടലാസുമിൽ മതിയാകാതെ വന്നതിനാൽ 793-ൽ ബാഗ്ദാദിലും ഒന്ന് സ്ഥാപിക്കാൻ ഖലീഫ തയ്യാറായി. |
അൽ-മൻസൂറിന്റെ പുത്രനായിരുന്ന ഹാറൂൺ-അൽ-റഷീദ് അദ്ദേഹത്തിന്റെ ഭരണകാലത്ത് അന്യഭാഷാ ഗ്രന്ഥങ്ങളുടെ പരിഭാഷ കൂടുതൽ ഊർജിതമാക്കി. യൂക്ലിഡിന്റെ 'എലമെന്റ്, ടോളമിയുടെ 'സിൻടാക്‌സ്' (അൽ മാജസ്റ്റ് - മഹത്തായത് - എന്നായിരുന്നു പരിഭാഷക്കു നൽകിയ പേർ) ഹിപ്പോക്രാറ്റസിന്റെയും ഗാലന്റെയും വൈദ്യശാസ്ത്ര ഗ്രന്ഥങ്ങൾ ഇവയെല്ലാം അതിൽപ്പെടും. യൂറോപ്പിൽ ഷാർലിമെയ്ൻ ചക്രവർത്തിയുമായി അദ്ദേഹം ബന്ധം സ്ഥാപിച്ചിരുന്ന കാര്യം മുമ്പേ സൂചിപ്പിച്ചിരുന്നുവല്ലോ.
ഏഴാമത്തെ അബ്ബാസിദ് ഖലീഫയായിരുന്ന അൽ-മാമുൻ (ഭരണകാലം 813-833) അറിയപ്പെടുന്നത് കിഴക്കിന്റെ ഷാർലിമെയ്ൻ എന്നാണ്. വിദ്വാന്മാർക്ക് അദ്ദേഹത്തിന്റെ കൊട്ടാരത്തിൽ എപ്പോഴും സ്വാഗതമായിരുന്നു. ബൈസാന്റിയത്തിലെ (കോൺസ്റ്റാന്റിനോപ്പിൾ കേന്ദ്രമാക്കി ഭരണം നടത്തിയ പൂർവ്വ റോമാ സാമ്രാജ്യം) ചക്രവർത്തി ലിയോയുടെ കൊട്ടാരത്തിലേക്ക് പ്രാചീന ഗ്രീക്കു ഗ്രന്ഥങ്ങൾക്കായി അദ്ദേഹം ഒരു ദൗത്യസംഘത്തെ അയയ്ക്കുകയുണ്ടായി. അദ്ദേഹം സ്ഥാപിച്ച ബൈത്-ഉൽ-ഹിക്മ (വിദ്യയുടെ ഭവനം) എന്ന അക്കാദമിയുടെ ഗ്രന്ഥാലയം അതി ബൃഹത്തായിരുന്നു. അതിനോട് ചേർന്ന് 829-ൽ ഒരു വാനനിരീക്ഷണ നിലയവും സ്ഥാപിതമായി നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളുടെയും സ്ഥാനം അളക്കാനുള്ള നിരവധി ഉപകരണങ്ങൾ അതിലുണ്ടായിരുന്നു. പേരുകേട്ട ഗണിതജ്ഞനും ജ്യോതിശ്ശാസ്ത്രജ്ഞനുമായ അൽ-ക്വാരിസ്മി (മുഴുവൻ പേര് മുഹമ്മദ്-ഇബ്ൻ മൂസാ അൽ-ക്വാരിസ്‌മി) അവിടെയും ദമാസ്കസ് നിലയത്തിലും നിരീക്ഷണങ്ങൾക്ക് നേതൃത്വം നൽകി. വിജ്ഞാനം തേടി പേർഷ്യ-അഫ്ഗാനിസ്ഥാൻ-ഇന്ത്യ വഴി അദ്ദേഹം നടത്തിയ തീർത്ഥാടനത്തിന്റെ ഓർമ്മക്കുറിപ്പുകൾ വിഖ്യാതമായ ചരിത്ര രേഖകളാണ്. തിരിച്ചു വന്ന് അക്കാദമിയുടെ ലൈബ്രേറിയൻ ആയി സ്ഥാനമേറ്റ അൽ-ക്വാരിസ്‌മി ഭാരതീയ സിദ്ധാന്തങ്ങൾ പഠിക്കുകയും ജ്യോതിശ്ശാസ്ത്രത്തിലും ട്രിഗനോ