താൾ:ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും.djvu/113

ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സെ. എന്ന് അൽ-ബതാനി കണക്കാക്കി (ടോളമി വിഷുവസ്ഥാനം നിർണയിച്ചതിൽ വരുത്തിയ ഒരു ദിവസത്തിന്റെ പിശകു കാരണം 1 മി 58 സെ ന്റെ കുറവ് അതിൽ വന്നു പെട്ടു). ക്രാന്തിവൃത്തത്തിന്റെ ഉൽകേന്ദ്രത (eccentricity) 0.0346 എന്നു കൃത്യമായി കണക്കാക്കാനും അദ്ദേഹത്തിനു കഴിഞ്ഞു.

ആർമില്ലറി ഗോളം
ആൻഡ്രോമിഡ നെബുല. ആകാശഗംഗയേക്കാൾ വലിയ ഒരു ഗാലക്സി. ഭൂമിയുടെ വടക്കേ അർധഗോളത്തിൽ ഉള്ളവർക്കു നഗ്നദൃഷ്ടികൊണ്ടു കാണാവുന്ന ഏക ഗാലക്സിയും ഇതാണ്. ആകാശഗംഗയിൽ നിന്നു 18 ലക്ഷം പ്രകാശവർഷം അകലെ കിടക്കുന്നു. 20,000 കോടി നക്ഷത്രങ്ങൾ അതിലുണ്ടെന്നാണു കണക്കാക്കുന്നത്. വില്യം ഹെർഷലിന്റെ വമ്പൻ ടെലിസ്കോപ്പ് വരും വരെ അത് ആകാശഗംഗയിൽ തന്നെയുള്ള ഒരു നെബുല (വാതക പടലം) ആണെന്നായിരുന്നു ധാരണ.

താബിത് ബെൻഖുറാ ഗണിതത്തിലും ഭാഷാശാസ്ത്രത്തിലും കൂടി പ്രാവീണ്യമുള്ള വ്യക്തിയായിരുന്നു എലമെന്റ്സ്, സിൻടാക്സ് എന്നിവ കൂടാതെ അപ്പോളോണിയസ്, ആർക്കിമിഡിസ് തുടങ്ങിയവരുടെ ഗണിത ഗ്രന്ഥങ്ങളും അദ്ദേഹം മനോഹരമായി ഭാഷാന്തരം നടത്തി. അൽ-ബതാനിയും ബെൻഖുറായും ഇതോടൊപ്പം ജ്യോതിഷം പ്രാക്ടീസ് ചെയ്യുകയും നക്ഷത്രാരാധന നടത്തുന്നവരുടെ സംഘത്തിന് നേതൃത്വം നൽകുകയും ചെയ്തു.

അബ്ബാസിദ് ഖലീഫമാർക്കു ശേഷം അധികാരം പിടിച്ചെടുത്ത പേർഷ്യൻ സുൽത്താന്മാരുടെ കാലത്തും ജ്യോതിശാസ്ത്രം വളരുക തന്നെയായിരുന്നു. ബൊഖാറാ, സമർഖണ്ഡ്, ഖിവാ എന്നിവിടങ്ങളിൽ വാന നിരീക്ഷണ കേന്ദ്രങ്ങൾ ഉയർന്നു വന്നു. ഇന്ത്യയുമായുള്ള ബന്ധങ്ങളും വിജ്ഞാന വിനിമയവും വളരെയധികം വർധിച്ചു. ക്രി വ ആയിരത്തിനടുത്ത് അഫ്ഗാനിസ്ഥാനിലെ ഘാസയിൽ ജീവിച്ച മഹാപണ്ഡിതനും ഭിഷഗ്വരനും ജ്യോതിശ്ശാസ്ത്രജ്ഞനും സഞ്ചാരിയുമായിരുന്ന അൽ-ബിറൂണി ഭാരതത്തിൽ വന്ന് ഏറെക്കാലം താമസിക്കുകയും നമ്മുടെ രാജ്യത്തെക്കുറിച്ച് ആഴത്തിൽ പഠിക്കുകയും എഴുതുകയും ചെയ്തു. ഭാരതീയ ജ്യോതിശ്ശാസ്ത്രത്തിന്റെ ആരാധകനായിരുന്നു അദ്ദേഹം. ഒപ്പം പുതിയ ചിന്തകളെയെല്ലാം മുളയിലേ നുള്ളുന്ന പുരോഹിതാധിപത്യത്തിന്റെ കടുത്ത വിമർശകനുമായിരുന്നു.

അതേ കാലത്തു ജീവിച്ചിരുന്ന മറ്റൊരു ജ്യോതിശ്ശാസ്ത്രജ്ഞനായിരുന്നു ഒമർ ഖയാം. റായിയിലെ സുൽത്താൻ മാലിക് ഷാ ജലാൽ അൽ ദിനാറിന്റെ പ്രോത്സാഹനത്തിൽ അദ്ദേഹം മനോഹരമായ കവിതകൾ രചിക്കുകയും ആൾജിബ്രയിലും കലണ്ടർ പരിഷ്ക്കരണത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു. അദ്ദേഹം നിർമിച്ച കലണ്ടർ അഞ്ചു നൂറ്റാണ്ടുകൾക്കു ശേഷം വന്ന ഗ്രിഗേറിയൻ കലണ്ടറിനോടൊപ്പം മെച്ചമായിരുന്നുവെങ്കിലും അതു സ്വീകരിക്കാൻ സ്വാഭാവികമായും ഇസ്ലാമിക ലോകം കൂട്ടാക്കിയില്ല.

കാന്തിമാനം 3 വരെയുള്ള നക്ഷത്രങ്ങൾക്കെല്ലാം അറബികൾ പേരുകൾ നൽകി. ഇന്നു നാമുപയോഗിക്കുന്ന പല നക്ഷത്ര നാമങ്ങളും അവരുടെ സൃഷ്ടിയാണ്. ഇക്കാര്യത്തിൽ വലിയ പങ്കു വഹിച്ച വ്യക്തിയാണ് അൽ സൂഫി (വിജ്ഞൻ) എന്നറിയപ്പെട്ട