താൾ:ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും.djvu/114

ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അബ്ദുൽ റഹിമാൻ ഇബ് ൻ ഉമർ (മരണം 986) അദ്ദേഹത്തിന്റെ ' സുസ്ഥിര നക്ഷത്രങ്ങളുടെ വിവരണം ' (Description of the fixed Stars ) എന്ന ഗ്രന്ഥം അറേബ്യൻ ജ്യോതിശാസ്ത്രത്തിലെ ഏറ്റവും മികച്ച ഗ്രന്ഥങ്ങളിലൊന്നാണ് നക്ഷത്രങ്ങളുടെ പേരുകൾ, കാന്തിമാനം , നക്ഷത്രരാശികൾ തുടങ്ങിയവയെല്ലാം അതിൽ പട്ടികപ്പെടുത്തിയിട്ടുണ്ട്.ആൻഡ്രോമിഡാ നെബുലയെക്കുറിച്ചുള്ള പരാമർശവും അതിൽ കാണാം. ടോളമി പട്ടികപ്പെടുത്തിയിരുന്ന 1018 നക്ഷത്രങ്ങളുടെ കാന്തിമാനം പുനർനിർണ്ണയിച്ചു നല്കിയശേഷം അതിലുൾപ്പെടാത്ത അനേകായിരം നക്ഷത്രങ്ങളെക്കുറിച്ചും അൽ-സൂഫി പ്രസ്താവിയ്ക്കുന്നുണ്ട്. നക്ഷത്രങ്ങൾക്കു നൽകിയിരിയ്ക്കുന്ന പേരുകളിൽ ചിലത് രസാവഹമാണ്. തിരുവാതിര ‘മങ്കിബ് അൽ ദ് ജൗസ' യും (രാക്ഷസന്റെ പാദം) വീഗ ‘അൽ നാസ്‌ർ അൽ വകി’ യും(പതിയ്ക്കുന്ന ഗരുഢൻ) ധ്രുവൻ ‘അൽ റുക്കാബ’ യും (രഥയാത്രികൻ) ആണ് അറബിയിൽ. ഇന്ന് യൂറോപ്പിൽ ഉപയോഗിയ്ക്കുന്ന പല നക്ഷത്രനാമങ്ങളും അറബി ഭാഷയിൽ നിന്ന് ചെറിയ മാറ്റത്തോടെ സ്വീകരിച്ചവയാണ്. ആൾട്ടേർ (അൽ-നസ്‌ർ അൽ‌-ടയർ = പറക്കുന്ന കഴുകൻ) അൽഗോൾ(അൽ-ഗുൾ = പിശാച്) ഫൊമൽ ഹോട്ട് (ഫും-അൽഹോട്ട് = ദക്ഷിണ മത്സ്യത്തിന്റെ വായ) എന്നിവ ഉദാഹരണങ്ങൾ.

കാന്തിമാനം

നക്ഷത്രങ്ങളുടെ ശോഭ താരതമ്യം ചെയ്യാനുപയോഗിയ്ക്കുന്ന മാത്രയാണ് ദൃശ്യകാന്തിമാനം(Visual magnitude). ഗ്രീസിൽ ഹിപ്പാർക്കസ് ആണിതിനു തുടക്കം കുറിച്ചത്. ഏറ്റവും അധികം ശോഭയുള്ള നക്ഷത്രങ്ങളെ ഒന്നാം കാന്തിമാന നക്ഷത്രങ്ങളെന്നും കഷ്ടിച്ചു മാത്രം കാണാൻ കഴിയുന്ന നക്ഷത്രങ്ങളെ ആറാം കാന്തിമാന നക്ഷത്രങ്ങളെന്നും അദ്ദേഹം വിളിച്ചു. ഇവയ്ക്കിടയിൽ വരുന്ന നക്ഷത്രങ്ങളെയും ശോഭയുടെ അടിസ്ഥാനത്തിൽ 2 മുതൽ 5 വരെ കാന്തിമാനങ്ങളായി വർഗ്ഗീകരിച്ചു. അതായത് ശോഭ കുറയുന്നതിനനുസരിച്ച് കാന്തിമാനം കൂടുന്നു. 1080 നക്ഷത്രങ്ങളെ ഈ വിധം വർഗീകരിച്ച് ക്രിസ്തുവിന് മുമ്പ് 129 ഓടെ അദ്ദേഹം പട്ടികപ്പെടുത്തി. അവയെ 48 രാശികളാക്കി തിരിച്ച് പേർ നൽ‌കി. ഒരു രാശിയിൽ‌പ്പെട്ട ഏറ്റവും ശോഭയുള്ള നക്ഷത്രത്തിന് ആ രാ‍ശിയിലെ ആൽ‌ഫാ നക്ഷത്രമെന്നും ശോഭയിൽ രണ്ടാം സ്ഥാനത്തു നിൽക്കുന്ന നക്ഷത്രത്തിന് ബീറ്റാ നക്ഷത്രമെന്നും മറ്റുള്ളവയ്ക്ക് അതേ രീതിയിൽ ഗാമാ, ഡെൽറ്റാ എന്നിങ്ങനെ ഗ്രീക്ക് അക്ഷരമാലാ ക്രമത്തിലും പേര് നൽ‌കി. ഉദാഹരണത്തിന് സെന്റാറസ് ഗണത്തിലെ ഏറ്റവും ശോഭയുള്ള നക്ഷത്രം ആൽ‌ഫാ സെന്റോറി, അടുത്തത് ബീറ്റാ സെന്റോറി എന്നിങ്ങനെ. ഓറിയൺ ഗണത്തിലെ ശോഭയുള്ള നക്ഷത്രമായി അന്നു തോന്നിയത് തിരുവാതിരയായതുകൊണ്ട് അത് ആൽ‌ഫാ ഓറിയോണിസ് ആണ്.

പിൽ‌ക്കാലത്ത് കൂടുതൽ സൂക്ഷ്മമായ നിരീക്ഷണത്തിൽ ഒന്നാം കാന്തിമാനത്തിൽ ഉൾപ്പെടുത്തിയ നക്ഷത്രങ്ങൾക്കെല്ലാം ഒരേ ശോഭയല്ലെന്ന് ബോധ്യമായി.റീഗൽ, സിറിയസ്, കനോപ്പസ് തുടങ്ങിയ നക്ഷത്രങ്ങൾക്ക് ശോഭ വളരെ കൂടുതലാണെന്ന് ബോധ്യമായപ്പോൾ അവയെ സൂചിപ്പിയ്ക്കാൻ ഒന്നിലും കുറഞ്ഞ കാന്തിമാന സംഖ്യകൾ ഉപയോഗിയ്ക്കാൻ ജ്യോതിശാസ്ത്രജ്ഞർ നിർബന്ധിതരായി. സിറിയസിന്റെ കാന്തിമാനം -1.37ഉം കനോപ്പസിന്റേത് -0.72ഉം റീഗലിന്റേത് 0.11 ഉം ആണെന്ന് ഇപ്പോൾ കണക്കാക്കുന്നു.