നേടി 1269-ൽ നിരീക്ഷണ ഫലങ്ങൾ ഒരു പുതിയ നക്ഷത്ര പട്ടികയുടെ രൂപത്തിൽ (ഇൽ-ഖാനിക് പട്ടിക) പുറത്തിറങ്ങി.
ചെങ്കിസ്ഖാന്റെ ആക്രമണത്തിനു് മുമ്പ് തന്നെ അറബ് സംസ്കാരത്തിന്റേയും ജ്യോതിശ്ശാസ്ത്രത്തിന്റേയും അധഃപതനം ആരംഭിച്ചിരുന്നു. ഇസ്ലാമിൽ തീവ്രവാദവും മൗലികവാദവും തലപൊക്കി തുടങ്ങിയിരുന്നു. ജീവിതത്തെ ആർജ്ജവത്തോടെയും ഊർജ്ജ്വസ്വലതയോടെയും സമീപിച്ച ഒരു ദർശനം എന്നതിൽ നിന്നു് മൃതമായ ആചാരങ്ങളും അനുഷ്ഠാനങ്ങളുമായി അതു് മാറിക്കഴിഞ്ഞിരുന്നു. ഈജിപ്തിലും സിറിയയിലും ഏഷ്യാ മൈനറിലും എല്ലാം തീവ്രവാദക്കൊലയാളി സംഘങ്ങൾ ഉയർന്നു് വന്നു. 1090ൽ ഹസ്സൻ ബെൻ സബാ (കുരിശുയുദ്ധരേഖകളിൽ മലങ്കിഴവൻ - Old Man of the Mountains എന്നു് വിശേഷിപ്പിക്കുന്ന വ്യക്തി) സ്ഥാപിച്ച സംഘം ആണിതിനു് നേതൃത്വം നൽകിയതു്. അലാമത് പർവ്വതത്തിലെ ഒളിപ്പോർ കേന്ദ്രത്തിലിരുന്നുകൊണ്ടു് ബെൻസബാ ചുറ്റുമുള്ള നാടുകളെ മുഴുവൻ വിറകൊള്ളിച്ചു. |
ജ്യോതിശാസ്ത്രത്തിൽ ഒടുവിലത്തെ പേർഷ്യൻ ശക്തി കേന്ദ്രം സമർഖണ്ഡ് ആയിരുന്നു. 14-ആം നൂറ്റാണ്ടിൽ തിമൂർ ലെങു് (അഥവാ ടാമർലെയ്ൻ) എന്ന മംഗോളിയൻ ചക്രവർത്തിയുടെ കീഴിൽ അവിടം അഭിവൃദ്ധി പ്രാപിച്ചു. ചക്രവർത്തിയുടെ പൗത്രനായ ഉലുഗ്ബേഗി (ജനനം 1394)ന്റെ നേതൃത്വത്തിൽ അവിടത്തെ വാനനിരീക്ഷണ കേന്ദ്രം പ്രശസ്തിയുടെ ഉന്നതിയിലെത്തി. നിരവധി പുതുമയുള്ള നിരീക്ഷണോപാധികളുമായി, കിഴക്കിന്റെ അത്ഭുതമായി, അതു് അറിയപ്പെട്ടു. 180 അടി ഉയരമുള്ള ഗ്നോമൺ (Gnomon - സൂര്യ ഘടികാരം) ഉപയോഗിച്ചു് സമയം മാത്രമല്ല സമർഖണ്ഡിന്റെ രേഖാംശവും കൃത്യമായി നിർണ്ണയിക്കാൻ കഴിഞ്ഞു. ക്രാന്തിവൃത്തത്തിന്റെ ചരിവു് കൃത്യമായി അളന്നു. വിഷുവബിന്ദുവിന്റെ പുരസ്സരണം 70 വർഷത്തിൽ ഒരു ഡിഗ്രി എന്നു് പുനർനിർണ്ണയിച്ചു. (അതിനു് മുമ്പു് 100 വർഷം മുതൽ 60 വർഷം വരേയുള്ള പല കണക്കുകളാണു് ഉണ്ടായിരുന്നതു്. ആധുനിക ഗണനമനുസരിച്ചു് 72 വർഷത്തിൽ ഒരു ഡിഗ്രിയാണു് പുരസ്സരണം) സൂര്യന്റെ ഓരോ സമയത്തേയും ഉന്നതി (altitude) അളക്കാൻ 120 അടി വ്യാസമുള്ള വമ്പൻ ക്വാഡ്രന്റു് ഉണ്ടായിരുന്നു. 1437-ൽ സിഗ് (Zig) എന്നറിയപ്പെടുന്ന നക്ഷത്ര പട്ടിക സമർഖണ്ഡിൽ നിന്നു് പുറത്തിറങ്ങി. പിന്നീടു്, 17-ആം നൂറ്റാണ്ടിന്റെ അന്ത്യം വരെ, യൂറോപ്പിൽ വ്യാപകമായുപയോഗിച്ചതു് ആ പട്ടികയാണു്. നക്ഷത്രങ്ങളുടേയും ഗ്രഹങ്ങളുടേയും സ്ഥാനങ്ങൾ മിനിട്ടുകളുടെ കൃത്യതയോടെ അതിൽ നിന്നു് ലഭിച്ചു. ടോളമിയെ കോപ്പിയടിക്കാത്ത കിഴക്കിന്റെ വാനനിരീക്ഷകൻ ആയാണു് ഉലുഗ് ബേഗ് അറിയപ്പെടുന്നതു്.
ഉലുഗ് ബേഗ് വലിയൊരു ജ്യോതിഷി കൂടിയായിരുന്നു. തന്റെ മക്കളുടെ ഗ്രഹനില നോക്കിയതിൽ നല്ല ഭാവി ഇളയമകനാണെന്നു് കണ്ടു് അധികാരം അയാൾക്കു് നൽകാൻ അദ്ദേഹം തീരു