താൾ:ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും.djvu/12

ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

- പരീക്ഷണങ്ങളുടെ അടിത്തറയോ ശരീരപരിശോധനാ രീതികളോ അത്യാവശ്യമല്ല. അങ്ങനെയാണ് 'നാട്യശാസ്ത്ര'വും 'കാമശാസ്ത്ര'വും എല്ലാം ശാസ്ത്രമാകുന്നത്. ജ്യോതിഷവും ആ അർഥത്തിൽ ഒരു ശാസ്ത്രമാണ്. എന്നാൽ 'സയൻസ്' എന്ന അർഥത്തിൽ ശാസ്ത്രമല്ല 'ഒട്ടൊക്കും ഒട്ടൊക്കില്ല' എന്നതാണ് പ്രവചനങ്ങളെ സംബന്ധിച്ച അതിന്റെ നിലപാടുതന്നെ. അതെങ്ങനെ സയൻസ് ആകും?

ചുരുക്കത്തിൽ ജ്യോതിഷത്തിന്റെ ഫലഭാഗത്തോട് നമുക്ക് വിയോജിപ്പുണ്ട്. അത് അശാസ്ത്രീയമാണ്. കുറച്ചുപേർ വയറ്റിപ്പിഴപ്പിന്നായി അതുപയോഗിക്കുന്നതിൽ വിരോധമുണ്ടായിട്ടല്ല. അതു സമൂഹത്തിൽ സ്വതന്ത്ര ചിന്തക്കും ശാസ്ത്രബോധത്തിനും കൂച്ചുവിലങ്ങിടുകയും വിധിവിശ്വാസം പ്രചരിപ്പിക്കുകയും ചെയ്യുന്നു എന്നതുകൊണ്ടാണ് നാമതിനെ എതിർക്കേണ്ടത്. അതുകൊണ്ടുതന്നെ സർക്കാർ ചെലവിൽ അതു പഠിപ്പിക്കാനുള്ള നീക്കത്തേയും എതിർത്തേ മതിയാകൂ. ശാസ്ത്രബോധമുള്ള സമൂഹത്തെ വളർത്താൻ ശ്രമിക്കും എന്ന ഭരണഘടനാവാഗ്ദാനത്തിന്റെ ലംഘനമാണത്.

ജ്യോതിഷ സംബന്ധിയും ജ്യോതിശാസ്ത്ര സംബന്ധിയുമായ പുസ്തകങ്ങൾ മലയാളത്തിൽ ധാരാളം ഉണ്ടായിട്ടുണ്ടെങ്കിലും രണ്ടിനേയും തമ്മിൽ യുക്തിസഹമായി ബന്ധിപ്പിക്കുന്ന ഒരു കൃതിയുടെ അഭാവം നന്നായി അനുഭവപ്പെട്ടിട്ടുണ്ട്. അതു പരിഹരിക്കാനുള്ള ഒരു ശ്രമത്തിന്റെ തുടക്കമായി ഈ പുസ്തകത്തെ കരുതാം. കേരളീയർ പൊതുവെ മുഴുത്ത ജ്യോതിഷ വിശ്വാസികളോ കടുത്ത ജ്യോതിഷ വിരോധികളോ അല്ല. വിവാഹം, ഗൃഹപ്രവേശം, ശിശുജനനം തുടങ്ങിയ പ്രധാന സംഭവങ്ങളോടനുബന്ധിച്ചുള്ള ചില ചടങ്ങുകൾക്ക് ഭൂരിഭാഗംപേരും വിധേയരാകും എന്നുമാത്രം. എന്തിന് എതിർത്തു വേണ്ടാത്ത വിമർശനങ്ങളും അതൃപ്തിയും വിളിച്ചുവരുത്തുന്നു എന്നതാണ് മിക്കവരുടേയും നിലപാട്. ഒരു വേള ജ്യോതിഷപ്രവചനങ്ങൾ ശരിയായെങ്കിലോ എന്നു ചിന്തിക്കുന്നവരുമുണ്ട്. ഫലചിന്തയുടെ ശാസ്ത്രീയതയേയോ, സാമൂഹ്യ ഫലത്തേയോ കുറിച്ച് അവർ വേവലാതിപ്പെടുന്നില്ല. അതിന്നാവശ്യമായ അടിസ്ഥാന വിവരങ്ങൾ അവർക്കു ലഭ്യമല്ല എന്നത് ഇതിനൊരു കാരണമാവാം. ഈ ഒരു കുറവു നികത്തുക എന്നതാണ് ഈ പുസ്തകത്തിന്റെ ലക്ഷ്യം. അതിൽ എത്രമാത്രം വിജയിക്കാൻ കഴിഞ്ഞു എന്നു വായനക്കാർ വേണം തീരുമാനിക്കാൻ. അവർക്കു മുന്നിൽ വിമർശനങ്ങൾക്കും ചർച്ചകൾക്കം നിർദ്ദേശങ്ങൾക്കുമായി ഈ പുസ്തകം സമർപ്പിക്കുന്നു.


കെ.പാപ്പുട്ടി

12