താൾ:ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും.djvu/122

ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

റിച്ച് ഇത്രയേറെ ചിന്തിയ്ക്കുകയും അത്ഭുതം കൂറുകയും ചെയ്ത വേറെ ഏതെങ്കിലും പ്രചീന ജനത ഉണ്ടോ എന്ന് സംശയമാണ്. എന്നാൽ ചിലർ പ്രചരിപ്പിക്കുന്നതുപോലെ പ്രപഞ്ചരഹസ്യങ്ങൾ മുഴുവൻ കണ്ടെത്തിയ ഋഷികളൊന്നും അന്നുണ്ടായിരുന്നില്ല എന്ന് വേദങ്ങൾ പരിശോധിച്ചാൽ തന്നെ കാണാം. ഭൂമി,വായു, ആകാശം ഇവ ചേർന്ന ഒരു കൊച്ചു പ്രപഞ്ചമാണ് ഋഗ്വേദത്തിൽ കാണുന്നത്. “വായു, ആകാശം, ഭൂമി ഇവയെ ആദിത്യൻ നിറയ്ക്കുന്നു. അല്ലയോ ദൈവങ്ങളേ! ആകാശത്തിന്റെ മൂന്ന് ജ്യോതിർഭാഗങ്ങളും വസതിയാക്കിയ ദൈവങ്ങളേ!“ എന്ന് തുടങ്ങുന്ന ഋഗ്വേദ സൂക്തം ഉദാഹരണം. ബ്രാഹ്മണങ്ങളിൽ കുറച്ചുകൂടി വികസിതമായ ഒരു പ്രപഞ്ച ചിത്രം കാണാം. ചിന്തയുടെ ആഴം കുടുതൽ ദൃശ്യമാകുന്നത് ഉപനിഷത്തുകളിലാണ്‌. ഋഗ്വേദത്തിലെ പത്ത് മണ്ഡലങ്ങളിൽ രണ്ട് മുതൽ ഏഴു വരെയുള്ളതിൽ കാർത്തിക, പുണർതം തുടങ്ങിയ ചില പ്രധാന നക്ഷത്രങ്ങളെക്കുറിച്ചുള്ള പരാമർശങ്ങൾ കാണാം. സുര്യ ചന്ദ്രന്മാരെക്കുറിച്ച് ധാരാളം സ്തോത്രങ്ങളുമുണ്ട്. ഋഗ്വേദം പറയുന്നുഃ “ചക്രം ഒന്ന്, വൃത്തഖണ്ഡങ്ങൾ 12, ചക്രനാഭി 3 ഇത് ഏത് മനുഷ്യൻ ഗ്രഹിച്ചു? ആരങ്ങൾ 360 ഘടിപ്പിച്ചിരിയ്ക്കുന്നു. അവയൊന്നുപോലും അഴിച്ചെടുക്കാൻ പറ്റില്ല“. 30 ദിവസം വീതമുള്ള 12 മാസങ്ങളും ഭൂമി കേന്ദ്രമാക്കി തിരിയുന്ന ചന്ദ്രനും സൂര്യനും ആകാശവും എല്ലാം ഈ രൂപകത്തിൽ കാണാം.

നല്ലൊരു
പഞ്ചാംഗം തേടി

പ്രാചീന ഭാരതത്തിലെ ഋഷി വര്യന്മാർ ദിവ്യദൃഷ്ടി കൊണ്ട് കണ്ടെത്തിയ പ്രപഞ്ചരഹസ്യങ്ങളാണ് ജ്യോതിഷം എന്നു വാദിക്കുന്നവരുണ്ട്. ഒരു നല്ല പഞ്ചാംഗം സൃഷ്ടിച്ചെടുക്കാൻ പ്രാചീനർ നടത്തിയ ശ്രമങ്ങളിലേക്ക് ഒന്ന് കണ്ണോടിച്ചാൽ മാത്രം മതി അതിന്റെ അർഥഹീനത ബോധ്യമാവാൻ. നിദാന സൂത്രങ്ങളും ലാത്യായന ശ്രൗത സൂത്രങ്ങളും അതിനു തെളിവാണ്. എന്തെല്ലാം തരം മാസങ്ങളും വർഷങ്ങളുമാണ് അവർ പരീക്ഷിച്ചത്! ചാന്ദ്ര സൗര ക്രമീകരണങ്ങൾ എത്രയൊക്കെ തരമാണ്! ഏറ്റവുമധികം പ്രചാരത്തിലുണ്ടായിരുന്ന നാലുതരം കാലഗണനകൾ നോക്കൂ:

  1. 342 ദിവസം ചേർന്ന നാക്ഷത്രചാന്ദ്രവർഷം: 27 ദിവസം വീതമുള്ള 12 മാസങ്ങൾ.
  2. 351 ദിവസം ചേർന്ന നാക്ഷത്രചാന്ദ്രവർഷം: 27 ദിവസം വീതമുള്ള 13 മാസങ്ങൾ.
  3. 354 ദിവസമുള്ള സംയുക്ത ചാന്ദ്രവർഷം: ഒന്നിടവിട്ട് 29, 30 വീതം ദിവസമുള്ള 12 ചാന്ദ്രമാസങ്ങൾ.
  4. 360 ദിവസമുള്ള സാവനവർഷം: 30 ദിവസം വീതമുള്ള 12 മാസങ്ങൾ.

ഇനിയുമുണ്ട് പലതരങ്ങൾ, ഇവയെല്ലാം ഋതു ചക്രവുമായി ഇണക്കിച്ചേർക്കാൻ അധികദിവസങ്ങളും അധികമാസങ്ങളും (അന്തർ നിഹിത ദിനങ്ങളും മാസങ്ങളും - intercalary days and months)- കൂട്ടിച്ചേർക്കുന്ന വൈവിധ്യമാർന്ന രീതികൾ സൂത്രങ്ങളിൽ കാണാം.

ഋഗ്വേദ രചനയ്ക്ക് ശേഷം ഏതാനും നൂറ്റാണ്ട് കൊണ്ട് വൈദിക ജനത ആര്യാവർത്തത്തിലേയ്ക്ക് (ഗംഗയുടെ തീരമായ മധ്യദേശം) വ്യാപിച്ചു. കൃഷിയായിരുന്നു മുഖ്യ ഉപജീവനമാർഗം. ബീഹാറിലും മറ്റും സുലഭമായി കിട്ടിയ ഇരുമ്പയിർ ഉപയോഗിച്ച് അവർ ആയുധങ്ങൾ ഉണ്ടാക്കി. നഗരങ്ങൾ പടുത്തുയർത്തി. അപ്പോൾ ജ്യോതി ശാസ്ത്രം അവർക്ക്‌ അനുപേക്ഷണീയമായി മാറി. അക്കാലത്തു രചിക്കപ്പെട്ട സാമ - അഥർവ - യജുർവേദങ്ങളിൽ ജ്യോതിഷ പരാമർശങ്ങൾ വളരെ കൂടുതൽ കാണാം .അഥർവ വേദത്തിൽ 27 നക്ഷത്രങ്ങളെയും അവയുടെ ഉദയാസ്തമയങ്ങളും വിവരിയ്ക്കുന്നുണ്ട്. ജ്യോതിഷവും വാനനിരീക്ഷണവും കുലത്തൊഴിലാക്കിയ ഋഷി കുലങ്ങൾ അപ്പോഴാക്കും ഉദയം ചെയ്തു കഴിഞ്ഞിരുന്നു. അത്രി - വിശ്വാമിത്ര - വസിഷ്ഠകുലങ്ങൾ അതിൽ പ്രസിദ്ധങ്ങളാണ്. അത്രിയെക്കുറിച്ചു പരാമർശിക്കാത്ത ഒരു ഗ്രഹണ വർണനയും കാണില്ല.

യജുർവേദ വ്യാഖ്യാനങ്ങളിൽ അഭിജിത്ത് ഉൾപ്പെടെ 28 നക്ഷത്രങ്ങൾ ആദ്യമായി പ്രത്യക്ഷപ്പെടുന്നു. ഒപ്പം അമാവാസി, പൗർണ്ണമി, ദിനബലികളുടെ വിശദാംശങ്ങൾ, ചാതുർമാസ്യ ബലികൾ, ഋതുക്കൾ, മാസങ്ങൾ തുടങ്ങിയ കാലയളവുകൾ ഇവയും കാണാം.