ഗുപ്‌തൻ, അസിത ദേവാളൻ, ഋഷി പുത്രൻ, ഭൃഗു, മയൻ, ബാദരായണൻ, നഗ്നജിത് തുടങ്ങിയവർ ഭാരതീയ പൈതൃകത്തിൽ തന്നെ തുടർന്നവരാണെന്ന് തോന്നുന്നു. ഇവരുടെ കൃതികളൊന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. വരാഹ വ്യാഖ്യാതാവായ ഉല്പാദൻ ചിലരുടെ കൃതികളിൽ നിന്ന് ഉദ്ധരിച്ചിട്ടുള്ള ഭാഗങ്ങളേ നമുക്കറിയൂ. വരാഹൻ സൂചിപ്പിക്കുന്ന ഗാർഗൻ, പരാശരൻ, പൌലീശൻ, രോമകൻ (ലോമകൻ) എന്നിവർ ഗ്രീക്ക് ജ്യോതിഷത്തിന്റെ വക്താക്കളാണ്. ഗാർഗന്റെയും പരാശരന്റേയും സംഹിതകൾ ലഭ്യമാണ്. പൗലീശൻ ‘പൗലസ് അലക്സാണ്ഡ്രിനസ്‘ എന്ന ഗ്രീക്കു ജ്യോതിഷി തന്നെ ആണെന്നു കരുതപ്പെടുന്നു. രോമകൻ റോമൻ ജ്യോതിഷത്തിന്റെ പ്രതിനിധിയും ആകാം. പിതാമഹൻ, സൂര്യൻ, വസിഷ്ഠൻ, പൗലീശൻ, രോമകൻ ഇവരുടെ ജ്യോതിശാസ്ത്രതത്വങ്ങളാണ് പഞ്ചസിദ്ധാന്തികയിൽ സംക്ഷേപിച്ചിട്ടുള്ളത്.
സ്യൂസും മനാസിലും
ഭാരതീയർക്ക് 27 നക്ഷത്രങ്ങളും ബാബിലോണിയർക്ക് 36 ഡക്കാനലുകളും ഉണ്ടായിരുന്നതുപോലെ മറ്റു പല രാജ്യങ്ങൾക്കും സമയം അളക്കാനും ഋതുമാറ്റം പ്രവചിക്കാനും പറ്റിയ നക്ഷത്ര വ്യവസ്ഥകൾ ഉണ്ടായിരുന്നു. ചൈനക്കാരുടെ സ്യൂസ് അത്തരമൊന്നാണ്. 28 സ്യൂ നക്ഷത്രങ്ങളുടെ പട്ടിക പൂർണ്ണമായി പ്രത്യക്ഷപ്പെടുന്നത് ക്രി.മു. 160-150 കാലത്ത്, ഹ്വെനാൻത്‌സുവിൽ ആണ്. സ്യൂകളിൽ പലതും നമ്മുടെ ‘നക്ഷത്ര’ങ്ങളിൽ നിന്നു ഭിന്നമാണ്. 9 എണ്ണമേ പൊതുവായുള്ളു. 11 എണ്ണം കുറെയൊക്കെ യോജിക്കുന്നുണ്ട് (ഒരേ നക്ഷത്രഗണത്തിൽ പെടും). എന്നാൽ എട്ടെണ്ണം തികച്ചും ഭിന്നങ്ങളാണ്. 28 നക്ഷത്രങ്ങളുള്ള അറബികളുടെ മനാസിൽ ഏതാണ്ട് നമ്മുടെ ചാന്ദ്ര സൗധങ്ങൾ തന്നെയാണ്. ഒന്നാം മനാസിലായ ‘അഷ് ശരഠാൻ’ നമ്മുടെ അശ്വതി തന്നെ. ഇതുപോലെ വേറെയും 18 എണ്ണം ഒന്നുതന്നെ. തിരുവാതിര, അത്തം, ചോതി, അഭിജിത്, ഓണം, അവിട്ടം, രേവതി ഇവ മാത്രം പൊരുത്തപ്പെടുന്നില്ല. |
5.4 ജൈനരും ബൗദ്ധരും
ജ്യോതിഷത്തിൽ അതീവ താല്പര്യം പ്രകടിപ്പിച്ചവരാണ് ജൈനമതക്കാർ . ശാന്തിചന്ദ്രഗണൻ എഴുതിയ ജംബുദ്യൂപപ്രജ്ഞപ്തി വ്യാഖ്യാനത്തിന്റെ മുഖവുരയിൽ ജൈന പുരോഹിതർ നിർബന്ധമായും ജ്യോതിഷം അറിഞ്ഞിരിക്കണം എന്നു പറയുന്നുണ്ട്. എങ്കിൽ മാത്രമേ മതചടങ്ങുകൾ സ്ഥലവും കാലവും തെറ്റിക്കാതെ അനുഷ്ഠിക്കാനാവൂ. ജൈനർ വേദാംഗജ്യോതിഷത്തിൽ അനുയോജ്യമായ മാറ്റങ്ങൾ വരുത്തി സ്വീകരിക്കുകയാണ് ചെയ്തത്.
ജൈന ജ്യോതിശാസ്ത്രത്തിന്റെ പ്രധാന സ്രോതഗ്രന്ഥം സൂര്യപ്രജ്ഞപ്തിയാണ്. പ്രാകൃത ഭാഷയിലാണ് അതിന്റെര രചന. അതിനു മലയഗിരിയുടെ വിസ്തൃത വ്യാഖ്യാനവുമുണ്ട്. ജൈന ജ്യോതിഷത്തിൽ യവന സ്വാധീനം തീരെയില്ല. സൂര്യപ്രജ്ഞപ്തിക്ക് മറ്റൊരു വ്യാഖ്യാനം രചിച്ചിട്ടുള്ളത് ക്രി.മു. മൂന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഭദ്രബാഹുവാണ്. അതു കൂടാതെ സ്വന്തമായൊരു ജ്യോതിശാസ്ത്ര സംഹിതയും അദ്ദേഹത്തിന്റേതായുണ്ട്.
ജൈന ജ്യോതിശാസ്ത്രത്തിൽ വിചിത്രമായ ചില ആശയങ്ങളുണ്ട്. രണ്ട് സൂര്യന്മാരും രണ്ട് സെറ്റ് നക്ഷത്രങ്ങളും ഉണ്ടെങ്കിലേ കാര്യം നടക്കൂ. പ്രപഞ്ചത്തെക്കുറിച്ച് മഹാവീരൻ അവതരിപ്പിച്ച സങ്കല്പമാണിതിനു കാരണം. അതനുസരിച്ച് പ്രപഞ്ചം ഒന്നിനു പുറത്ത് ഒന്നായി കുറെ വലയങ്ങളാണ്. വലയങ്ങൾ കടലുകളാൽ വേർതിരിക്കപ്പെട്ടിട്ടുണ്ട്. കേന്ദ്രവൃത്തം ജംബുദ്യൂപമാണ്. അതിന്റെ മധ്യത്തിൽ സുദർശനമേരു എന്ന പർവതമുണ്ട്. ജംബുദ്യൂപത്തിനു ചുറ്റും ലവണ സമുദ്രമാണ്. അതിനപ്പുറം