ധാതുകീദ്യൂപം; പുറത്ത് കാളോദധി എന്ന സമുദ്രം; പിന്നെ പുഷ്‌കര ദ്യൂപം; പുഷ്‌കരദ്യൂപത്തിന്റെ വക്കത്ത് മാനുഷോത്തരം എന്ന വമ്പൻ പർവതനിരകൾ. ജംബുദ്യൂപത്തെ നാലു വൃത്തപാദങ്ങളാക്കി തിരിച്ചിരിക്കുന്നു. സുദർശനമേരുവിന്റെ തെക്കേ ഭാഗത്ത് ഒന്നാംപാദം ഭാരത വർഷമാണ്. അവിടെ ഭാരതമെന്ന സൂര്യൻ പകൽ സൃഷ്‌ടിച്ചുകൊണ്ട് സഞ്ചരിക്കുന്നു. (ദിവസത്തിന്റെ ആദ്യപാതി ഒന്നാം പാദമായ ഭാരതത്തിലും രണ്ടാം പാതി രണ്ടാം പാദത്തിലും) വടക്കു ഭാഗത്ത് അപ്പോൾ ഐരാവതം എന്ന സൂര്യൻ (മുന്നാം പാദം ഐരാവത ദേശമാണ്) സഞ്ചരിക്കുകയാവും. രണ്ടാം ദിവസം സ്വാഭാവികമായും ഭാരത വർഷത്തിൽ ഐരാവതവും ഐരാവത ദേശത്ത് ഭാരതവും ആവും ഉദിക്കുക. (ആദ്യദിവസം അവ ഓരോ അർധവൃത്തമേ പൂർത്തിയാക്കിയിട്ടുള്ളു എന്നോർക്കുക) ഒട്ടേറെ വിമർശനങ്ങൾക്കും പരിഹാസത്തിനും ജൈനജ്യോതിശ്ശാസ്ത്രം വിധേയമായി. എങ്കിലും പ്രായോഗികതലത്തിൽ നിരീക്ഷണങ്ങളേയും പുതിയ ആശയങ്ങളേയും പ്രോത്സാഹിപ്പിക്കാനും നിത്യജീവിതത്തിൽ പ്രയോജനപ്പെടുത്താനും ജൈനജ്യോതിഷം പ്രേരകമായി.
ജൈന-ബുദ്ധകാലമായപ്പോഴേക്കും വൈദിക ജനത ഇന്ത്യയുടെ മധ്യ-പൂർവ്വഭാഗങ്ങളിൽ സ്ഥിരവാസമുറപ്പിച്ചു കഴിഞ്ഞിരുന്നു. കൃഷി മുഖ്യ ജീവിതത്തൊഴിലായി മാറി. ജാതി വ്യവസ്ഥ ഉറച്ചു. നിരവധി നഗരങ്ങൾ ഉയർന്നു വന്നതോടെ വ്യാപാരവും കൈത്തൊഴിലുകളും പ്രാമുഖ്യം നേടി. 60 ഓളം നഗരങ്ങൾ ക്രി.മു. 300 നകം വളർച്ച പ്രാപിച്ചു കഴിഞ്ഞിരുന്നു. ബുദ്ധൻ സഞ്ചരിച്ചതായി പറയുന്ന 20 വൻ നഗരങ്ങളിൽ ശ്രാവസ്‌തി, ചമ്പ, (ഇന്നത്തെ ഭഗൽപുർ) രാജഗൃഹം (രാജ്ഗർ), സാകേതം ( കിഴക്കൻ യു.പി) കൗഷാംബി, കാശി മുതലായവ ഉൾപ്പെടുന്നു. നഗരവൽക്കരണവും അവിടെ ഉയർന്നു വന്ന |
ജൈനരെ അപേക്ഷിച്ച് ബൗദ്ധർ ജ്യോതിഷത്തെ അവഗണിക്കുകയാണ് ചെയ്‌തത്. ജ്യോതിഷവും പൗരോഹിത്യ ചൂഷണവും തമ്മിൽ വളർന്നു വന്ന അവിശുദ്ധബന്ധമാകാം ഒരുപക്ഷേ അതിനു കാരണം. മൃഗബലിയ്ക്കും ഹോമങ്ങൾക്കും എതിരേയുള്ള പ്രസ്ഥാനവുമായാണല്ലോ ബുദ്ധൻ രംഗത്തു വന്നത്. ഇത്തരം കർമങ്ങളും ജ്യോതിഷവുമായി അഭേദ്യമായ ബന്ധമാണുള്ളത്. ജ്യോതിഷത്തെ തരംതാഴ്ന്ന ഒരു കലയായി ബുദ്ധൻ വിലയിരുത്തുകയും ബുദ്ധ ഭിക്ഷുക്കൾ അത് പഠിയ്ക്കരുതെന്ന് ഉപദേശിക്കുകയും ചെയ്തു. എന്നാൽ 'വനത്തിൽ വസിക്കുന്ന ഭിക്ഷുക്കൾക്ക് പഠിയ്ക്കാം' എന്നാക്കി.
ബുദ്ധൻ നിരുത്സാഹപ്പെടുത്തിയെങ്കിലും നിരവധി ബുദ്ധഭിക്ഷുക്കൾ പിൽക്കാലത്ത് ജ്യോതിശ്ശാസ്ത്രത്തിൽ പ്രാവീണ്യം നേടുകയും ഗ്രന്ഥങ്ങൾ രചിക്കുകയും ചെയ്തു. ചൈനീസ് രേഖകളിൽ നിന്നാണ് അവയിൽ ചിലതിനെക്കുറിച്ച് നാമറിയുന്നത്. 7-ാം നൂറ്റാണ്ടിൽ ചാങ്-നാൻ എന്ന സ്ഥനത്തു നടന്ന ജ്യോതിശ്ശാസ്ത്ര സഭയിൽ ഗൗതമ, കാശ്യപകുമാര തുടങ്ങിയ പേരുകളിലുള്ള സിദ്ധാന്തങ്ങൾ പഠിപ്പിച്ചിരുന്നുവത്രെ. താങ് രാജസദസ്സിലെ ചൂ-താൻസി-താ (അർഥം ഗൗതമസിദ്ധൻ) എന്ന ഒരു ജ്യോതിശ്ശാസ്ത്രജ്ഞൻ ഭാരതീയ കലണ്ടർ "ച്യൂ-ചി-ലി" എന്ന പേരിൽ പരിഭാഷപ്പെടുത്തിയതായും കാണുന്നു. നമ്മുടെ രാഹുവും കേതുവും വ്യാളികളായി ചൈനയിൽ പ്രത്യക്ഷപ്പെട്ടതും ബുദ്ധ സന്യാസികൾ വഴിയാണെന്നു കരുതപ്പെടുന്നു.