താൾ:ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും.djvu/137

ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ബ്രഹ്മസ്ഫുട സിദ്ധാന്തം രചിച്ചത്. 24 അധ്യായങ്ങളിലായി 1008 ശ്ളോകങ്ങളുള്ള ഒരു ബൃഹത്കൃതിയാണത്. ആദ്യത്തെ പത്ത് അദ്ധ്യായങ്ങളിൽ മറ്റ് സിദ്ധാന്ത കൃതികളിൽ ചർച്ച ചെയ്യുന്ന കാര്യങ്ങൾ തന്നെയാണുള്ളത്. ബാക്കി 14 അധ്യായങ്ങൾ ബ്രഹ്മഗുപ്തന്റെ തനിമയും വിജ്ഞാനത്തിന്റെ ആഴവും പ്രകടമാക്കുന്നു. അങ്കഗണിതം, ബീജഗണിതം, വ്യാപ്തമാനം, വാനനിരീക്ഷണത്തിനുള്ള വൈവിധ്യമാർന്ന ഉപകരണങ്ങൾ തുടങ്ങിയ നിരവധി കാര്യങ്ങൾ അവയിൽ ചർച്ച ചെയ്യുന്നു. ഒരു ജ്യോതിശ്ശാസ്ത്രജ്ഞനെന്നതിലുപരി, ഇന്ത്യ കണ്ട ഏറ്റവും വലിയ ഗണിത ശാസ്ത്രജ്ഞരിൽ ഒരാളായിരുന്നു ബ്രഹ്മഗുപ്തൻ. സിദ്ധാന്തത്തോടൊപ്പം നേരിട്ടുള്ള നിരീക്ഷണത്തിന് അദ്ദേഹം കൽപ്പിച്ച പ്രധാന്യവും ശ്രദ്ധേയമാണ്.

അൽ-ബിറൂണി

1017 - 1030 കാലത്ത് ഇന്ത്യയിൽ വന്നു താമസിച്ച് ഇന്ത്യൻ ശാസ്ത്രങ്ങളും തത്ത്വശാസ്ത്രവും എല്ലാം ആഴത്തിൽ പഠിച്ച വ്യക്തിയാണ് അൽ-ബിറൂണി. അഫ്ഗാനിസ്ഥാനിലെ ഗാസയിൽ നിന്നാണദ്ദേഹം വന്നത്. അദ്ദേഹത്തിന്റെ 'താരിഖ് അൽ-ഹിന്ദ്' എന്ന കൃതി അക്കാലത്തെ ഇന്ത്യയെ മനസ്സിലാക്കാൻ നമ്മെ സഹായിക്കുന്ന വിലപ്പെട്ട രേഖയാണ്. അൽ-ബിറൂണിയുടെ അറിവിന്റെ ആഴവും നിഷ്കൃഷ്ടമായ വിമർശന ബുദ്ധിയും ആ കൃതി വെളിപ്പെടുത്തുന്നു.

ഇന്ത്യയിലെ മതങ്ങൾ ആചാരങ്ങൾ ഇന്ത്യാ ചരിത്രം ഇന്ത്യൻ സംഖ്യാവസ്ഥ (ദശാംശ രീതി) ഇവയെക്കുറിച്ചെല്ലാം അദ്ദേഹം അതിൽ ചർച്ച ചെയ്യുന്നുണ്ട്. ഒരു ശാസ്ത്രജ്ഞനെന്ന നിലയ്ക്കും അൽ-ബിറൂണി ശ്രദ്ധേയനായിരുന്നു. ഭൂമിയുടെ വലിപ്പവും ഭ്രമണ നിരക്കും അദ്ദേഹം കണക്കാക്കി. (ഇതിൽ ആര്യഭട സ്വാധീനം വ്യക്തമാണ്). നിരവധി തരം രത്നക്കല്ലുകളുടെയും ഖനിജങ്ങളുടെയും സാന്ദ്രത അളന്നു തിട്ടപ്പെടുത്തി. താൻ സഞ്ചരിച്ച പ്രധാന നഗരങ്ങളുടെയെല്ലാം അക്ഷാംശവും രേഖാംശവും തിട്ടപ്പെടുത്തി. ഇത്രയേറെ ശാസ്ത്രബോധം പ്രദർശിപ്പിച്ച ഒരു വ്യക്തിയെ മധ്യ കാലഘട്ടത്തിൽ കണ്ടെത്തുക പ്രയാസമാണ്.

ബ്രഹ്മഗുപ്തൻ തന്റെ മുൻഗാമികളെ, പ്രത്യേകിച്ച് ആര്യഭടനെ, കിട്ടുന്നിടത്ത് വെച്ചൊക്കെ നിശിതമായി വിമർശിക്കുന്നതു കാണാം. ആര്യഭടരീതിയനുസരിച്ചു കിട്ടുന്ന ഗണന ഫലവും നേരിട്ടുള്ള നിരീക്ഷണഫലവും തമ്മിലുള്ള അന്തരമാകാം ഇതിന് പ്രേരിപ്പിച്ചത്. "ആര്യഭടന്റെ കുറവുകൾ എണ്ണിപ്പറയുക സാധ്യമല്ല" എന്നാണദ്ദേഹം പറയുന്നത്. (ബ്രഹ്മ.സി 11,42 - 43). ഭൂമിയുടെ ഭ്രമണം കൊണ്ടാണ് ഗ്രഹങ്ങളും നക്ഷത്രങ്ങളും ഉദിച്ച് അസ്തമിക്കുന്നതായി നമുക്ക് തോന്നുന്നത് എന്ന ആര്യഭടന്റെ നിഗമനത്തെ ബ്രഹ്മഗുപ്തൻ വല്ലാതെ പരിഹസിക്കുന്നുണ്ട്. "എങ്കിൽ കൂട്ടിൽ നിന്നു പറന്നു പോയ പക്ഷികൾ എങ്ങനെ കൂട്ടിൽ തിരിച്ചെത്തും? ഭൂമി തലകുത്തനെയാകുമ്പോൾ വീടുകളുടെ മേൽക്കൂരയും കുന്നുകളും താഴോട്ടു വീഴില്ലേ?" എന്നാണദ്ദേഹം ചോദിക്കുന്നത്.(ജഡത്വ നിയമവും ഗുരുത്വാകർഷണ നിയമവും വശമില്ലാതിരുന്ന കാലത്ത് ഈ ചോദ്യങ്ങളെ അശാസ്ത്രീയമായി കരുതുക വയ്യ എന്നോർക്കണം).

ഗണിതത്തിലും ഗണിത ജ്യോതിശ്ശാസ്ത്രത്തിലും ബ്രഹ്മഗുപ്തനെ വെല്ലുന്ന ആരെങ്കിലും ഇന്ത്യയിൽ ജീവിച്ചിരുന്നോ എന്നു സംശയമാണ്.


5.8 അൽ-ബിറൂണിയുടെ പരിഹാസം

അൽ-ബിറൂണി വരാഹമിഹിരന്റെയും ബ്രഹ്മഗുപ്തന്റെയും ഒരു ആരാധകനായിരുന്നു. ബ്രഹ്മഗുപ്തനെ ഇന്ത്യ കണ്ട ഏറ്റവും വലിയ ജ്യോതിശ്ശാസ്ത്രജ്ഞനും ഗണിതജ്ഞനുമായാണദ്ദേഹം വിലയിരുത്തിയത്. എങ്കിലും പുരോഹിത നേതൃത്വത്തെ തൃപ്തിപ്പെടുത്താൻ രണ്ടുപേർക്കും നടത്തേണ്ടി വന്ന വിട്ടു വീഴ്ചകളെ പരിഹസിക്കാൻ അദ്ദേഹം ഒട്ടും മടിച്ചില്ല. അൽ ബിറൂണിയുടെ വിമർശനങ്ങൾ ഇന്നും നമ്മുടെ സമൂഹത്തിൽ പ്രസക്തമാണ്.

അൽ-ബിറൂണി പറയുന്നു: "ഹിന്ദു ജ്യോതിഷികൾക്കറിയാം