താൾ:ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും.djvu/139

ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കാരണം രാഹുവല്ല ഗ്രഹണമുണ്ടാക്കുന്നതെങ്കിൽ ബ്രാഹ്മണർ ആ സമയത്ത് ചെയ്യുന്ന കർമ്മങ്ങളെല്ലാം വൃഥാവിലാവില്ലേ? അത് അനുവദനീയമല്ല"

പ്രകൃതി പ്രതിഭാസങ്ങളുടെ കാരണം തേടുമ്പോൾ മതിയായത്ര നിരീക്ഷണ ഫലങ്ങളും അറിവും ഉണ്ടെങ്കിൽ നാം എത്തിച്ചേരുക ശാസ്ത്രീയ നിഗമനങ്ങളിലാണ്. വിവരവും നിരീക്ഷണവും പരിമിതമാകുമ്പോൾ വിശ്വാസങ്ങളും ആരാധനാ കർമ്മങ്ങളും ജനിക്കുന്നു. കർമ്മങ്ങളെ അനുഷ്ടിക്കാൻ പുരോഹിതർ ഉണ്ടാകുന്നു. പിന്നെ വിശ്വാസത്തെ കാത്തു രക്ഷിക്കേണ്ടത് അവരുടെ സ്ഥാപിത താൽപര്യമായി മാറുന്നു. പുതിയ അറിവുകളും നിരീക്ഷണ ഫലങ്ങളും എത്ര തന്നെ വന്നു ചേർന്നാലും പുതിയ ശാസ്ത്രീയ നിഗമനങ്ങളെ ആവിഷ്കരിക്കുക എളുപ്പമല്ലാതാകുന്നു. പൗരോഹിത്യം ശാസ്ത്ര വിരുദ്ധമാകുന്നതങ്ങനെയാണ് ?. സൂര്യാരാധനയും അഗ്നി പൂജയും ഗ്രഹണ പരിഹാര കർമ്മങ്ങളുമെല്ലാം ഇന്നും തുടരുന്നത് പൗരോഹിത്യത്തിന്റെ താത്പര്യം കൊണ്ടാണ്..

ബ്രഹ്മഗുപ്തന് അഭിമുഖീകരിക്കേണ്ടി വന്ന സമ്മർദ്ദങ്ങളെ അൽ ബിറൂണി ശരിക്കും മനസ്സിലാക്കുന്നുണ്ട്. അതുകൊണ്ട് അദ്ദേഹം പറയുന്നു: "നമ്മൾ ബ്രഹ്മഗുപ്തനോട് തർക്കിക്കാൻ പോകുന്നില്ല, ചെവിയിൽ ഇങ്ങനെ മന്ത്രിക്കുക മാത്രം ചെയ്യുന്നു. എന്തിന് അങ്ങ് മറ്റുള്ളവരോട് വിശ്വാസികളായിരിക്കാൻ ആവശ്യപ്പെടുകയും സ്വയം അങ്ങനെ അല്ലാതെയിരിക്കുകയും ചെയ്യുന്നു? എന്തിന് ഇതൊക്കെ പറഞ്ഞ ശേഷം താങ്കൾ സൂര്യഗ്രഹണം വിശദമാക്കാൻ ചന്ദ്രന്റെ വ്യാസം കണക്കാക്കുകയും ചന്ദ്രഗ്രഹണം വിവരിക്കാൻ ഭൂനിഴലിന്റെ വ്യാസം കണക്കാക്കുകയും ചെയ്യുന്നു? മുൻ പറഞ്ഞ ആചാര വിരുദ്ധരോട് (ആര്യഭടനോടും മറ്റും) യോജിക്കും വിധം എന്തിനു രണ്ട് രണ്ടു ഗ്രഹണങ്ങളും ഗ്രഹിക്കുകയും താങ്ങൾക്കു കൂടുതൽ യോജിപ്പുള്ളവരുടെ രീതി സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നു? ഞാൻ വിശ്വസിക്കുന്നത് ബ്രഹ്മഗുപ്തനെക്കൊണ്ട് ഈ വിധം പറയാൻ ഇടയാക്കുന്നത് (അത് മനസ്സാക്ഷിക്കെതിരായ പാപമാണ്) ഒരു വലിയ ദുരന്തമാണ്, സോക്രട്ടീസിനു നേരിടേണ്ടി വന്നതു പോലുള്ള ഒരു ദുരന്തം അപാരമായ അറിവും കൂർമ്മബുദ്ധിയും യുവത്വത്തിന്റെ തുടിപ്പും (ബ്രഹ്മസ്ഫുട സിദ്ധാന്തം എഴുതുമ്പോൾ അദ്ദേഹത്തിന് മുപ്പതു വയസ്സേ പ്രായമുള്ളൂ) എല്ലാം ഉണ്ടായിട്ടു പോലും അദ്ദേഹത്തിന് അതിന് വഴങ്ങേണ്ടി വന്നു. ഇതാണ് ന്യായീകരണമെങ്കിൽ നമുക്കതു സ്വീകരിച്ച്, ആ വിഷയം ഇവിടെ അവസാനിപ്പിക്കാം"

യാഥാസ്ഥിതികത്വം ഒരു രാജ്യത്തെ എവിടെ എത്തിച്ചിരിക്കുന്നു എന്ന് എത്ര കൃത്യതയോടെയാണ് അൽ - ബിറൂണി വിലയിരുത്തിയിരിക്കുന്നത്.


5.9 ജ്യോതിശ്ശാസ്ത്രം ബ്രഹ്മഗുപ്തനു ശേഷം

ബ്രഹ്മഗുപ്തനു ശേഷം ജ്യോതിശ്ശാസ്ത്രം ഇന്ത്യയിൽ പടർന്നു പന്തലിക്കുക തന്നെ ചെയ്തു. രാജ്യത്തിന്റെ എല്ലാ ഭാഗത്തും പുതിയ ജ്യോതിശ്ശാസ്ത്രജ്ഞർ ഉയർന്നു വന്നു. എന്നാൽ മൗലിക സംഭാവനകൾ നൽകാൻ കഴിഞ്ഞവർ ഏറെയുണ്ടാവില്ല. 'വാതേശ്വര സിദ്ധാന്തത്തിന്റെ' രചയിതാവായ വടേശ്വരൻ അഥവാ വാതേശ്വരൻ(ജനനം 880), 'ലഘുമാനസത്തിന്റെ ' കർത്താവായ മജ്ഞുളാചാര്യർ(932), 'ആര്യസിദ്ധാന്തം' രചിച്ച ആര്യഭടൻ രണ്ടാമൻ(950), 'ധീകോടി', 'സിദ്ധാന്തശേഖരം', 'ഗണിതതിലകം' എന്നിവയുടെ കർത്താവായ ശ്രീപതി(999) 'ഭാസ്വതി' രചിച്ച ശതാനന്ദൻ(11 ആം നൂറ്റാണ്ട്) എന്നിവരാണ് കുറെയെങ്കിലും മൗലിക സംഭാവന നൽകിയവരിൽ പ്രമുഖർ