താൾ:ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും.djvu/152

ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

"വൃശ്ചികത്തിൽ കുജനോടുകൂടി ശുക്രൻ നിന്നാൽ വൃദ്ധകളുമായി രമിക്കാൻ ആഗ്രഹിക്കുന്നവനാകും. വൃശ്ചികത്തിൽ സൂര്യനോടുകൂടി ശുക്രൻ നിന്നാൽ ഭാര്യ പ്രസവിക്കാത്തവളായി തീരും." (ജ്യോത്സ്യം പൊതുവിൽ പുരുഷമേധാവിത്വപരമാണെന്ന കാര്യം ശ്രദ്ധിക്കുക. സ്ത്രീ പ്രസവിക്കുമോ ഇല്ലയോ എന്ന കാര്യം പോലും പുരുഷജാതകമാണ് തീരുമാനിക്കുന്നത്).

വസ്ത്രം വാങ്ങുമ്പോൾ ശ്രദ്ധിക്കുക: മേടക്കൂറിൽ ജനിച്ചവർക്ക് ഉത്തമം ചുവപ്പും സ്വർണനിറവും ചാരനിറവുമാണ്. ഇടവക്കാർക്ക് ഇളം ചുവപ്പും പച്ചയും വെള്ളയും. ഇങ്ങനെ മറ്റു കൂറുകാർക്കും. ഇതൊന്നും നോക്കാതെ തന്നിഷ്ടത്തിനു വസ്ത്രമെടുത്താൽ സംഗതി കുഴപ്പമാകും.

ഇതുകൂടാതെ സ്ഥാനഭേദമനുസരിച്ച് ചില സ്പെഷൽ ബന്ധുത്വവുമുണ്ട്. ഉദാ: സൂര്യന് താൻ നിൽക്കുന്ന രാശിയിൽ നിന്ന് 6-‌ആം ഭാവത്തിൽ നിൽക്കുന്ന ശനിയും 7-ലെ ചൊവ്വയും 9-ലെ വ്യാഴവും അനുകൂലികളും 11-ലെ ശുക്രൻ പ്രതികൂലിയുമാണ്. ഇതുപോലെ മറ്റു ഗ്രഹങ്ങൾക്കും സ്ഥാനമനുസരിച്ച് പ്രത്യേക ആനുകൂല്യവും പ്രാതികൂല്യവുമുണ്ട്.

ഗ്രഹങ്ങളുടെ ജന്മദേശം

സൂര്യൻ കലിംഗത്തിലും, ചൊവ്വ അവന്തിയിലും, ബുധൻ മഗധത്തിലും ഒക്കെയാണ് ജനിച്ചത് എന്ന് ജ്യോതിഷം പറയുന്നു. ഭൂമിയുടെ 1300 ഇരട്ടിയുള്ള വ്യാഴം ജനിച്ചപ്പോൾ ചെറുതായിരുന്നിരിക്കും എന്നാശ്വസിക്കാം!

ഗ്രഹയുദ്ധം

ബുധൻ, ശുക്രൻ, ചൊവ്വ, വ്യാഴം, ശനി എന്നീ താരഗ്രഹങ്ങളിൽ ഒന്നിലധികം എണ്ണം ഒരേ രാശിയിൽ, അവ തമ്മിലുള്ള അകലം 3 ഡിഗ്രി 20 മിനുട്ടിൽ (ഒരു നവാംശകത്തിൽ) കുറഞ്ഞു നിന്നാൽ ഗ്രഹയുദ്ധമുണ്ടാകും. അടുത്ത രാശിയിലേക്ക് ആദ്യം കടക്കുന്ന ഗ്രഹമാണതിൽ വിജയിക്കുക. അവനായിരിക്കും ബലം കൂടുതൽ. പക്ഷെ, ശുക്രൻ എവിടെ നിന്നാലും ജയിക്കും (ഇതിൽ പക്ഷാന്തരമുണ്ട്). സൂര്യചന്ദ്രന്മാർ തമ്മിൽ യുദ്ധമില്ലാ കരാർ ഒപ്പിട്ടിട്ടുണ്ട്.

ചേഷ്ടാബലം

സൂര്യനും ചന്ദ്രനും ഉത്തരായനകാലത്തും ചന്ദ്രന് പൗർണമിനാളിലും മറ്റുഗ്രഹങ്ങൾക്കു ചന്ദ്രനോടുകൂടി നിൽക്കുമ്പോഴും, വക്രത്തിലും ബലം കൂടും.

നിസർഗബലം

ഗ്രഹങ്ങളിൽ ഏറ്റവും ബലവാൻ സൂര്യനാണ്. പിന്നെ ചന്ദ്രൻ, ശുക്രൻ, വ്യാഴം, ബുധൻ, ചൊവ്വ, ശനി എന്ന ക്രമത്തിൽ.

ദൃഷ്ടി ബലം

ജ്യോതിഷഫലചിന്തയിൽ വളരെ പ്രധാനമാണ് ഗ്രഹദൃഷ്ടി. ഓരോ ഗ്രഹത്തിനും അതു നിൽക്കുന്ന രാശിയിൽ നിന്ന് ഏഴാം രാശിയിലേക്ക് പൂർണദൃഷ്ടിയും 4-ലും 8-ലും ¾ ദൃഷ്ടിയും 5-ലും 9-ലും ½ ദൃഷ്ടിയും 3-ലും 10-ലും ¼ ദൃഷ്ടിയും ഉണ്ട്. ലഗ്നത്തിലെ വ്യാഴത്തിന് ഏഴാംഭാവത്തിലെ ചൊവ്വയുടെ ദോഷം ദൃഷ്ടികൊണ്ട് പരിഹരിക്കാനാകും എന്നർഥം. ശനിക്ക് അതിന്റെ ¼ ദൃഷ്ടിസ്ഥാനവും വ്യാഴത്തിന് ½ ദൃഷ്ടിസ്ഥാനവും ചൊവ്വക്ക് ¾ ദൃഷ്ടിസ്ഥാനവും പൂർണദൃഷ്ടി സ്ഥാനങ്ങൾക്ക് തുല്യമാണ് (അതായത് അവയ്‌ക്കെല്ലാം 3 പൂർണദൃഷ്ടി സ്ഥാനങ്ങളുണ്ട്).