താൾ:ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും.djvu/159

ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എണ്ണുന്നു ഓരോ ഭാവത്തിലും അപ്പപ്പോൾ നിൽക്കുന്ന ഗ്രഹങ്ങളെക്കൊണ്ടുവേണം ഫലം പറയാൻ. ഫലപ്രവചനം സാധാരണഗതിയിൽ ഒരു വർഷത്തേക്കായിരിക്കും. ഇതിലെ ഏറ്റവും വലിയ തമാശ, ജ്യോത്സ്യന് സൗകര്യം പോലെ പ്രവചനങ്ങൾ മാറ്റിമറിക്കാം എന്നതാണ്. ലഗ്നാലോ (അതായത് ഉദയരാശി വെച്ച്) ചന്ദ്രാലോ (ചന്ദ്രലഗ്നം വെച്ച്) ഫലപ്രവചനം നടത്താം. രണ്ടും ഒട്ടുമിക്കപ്പോഴും പൊരുത്തപ്പെടില്ല. അതായത് ഒരു ജാതകം തന്നെ പലവിധത്തിൽ വ്യാഖ്യാനിക്കാം എന്നർഥം. ജ്യോത്സ്യനെ കാണേണ്ടപോലെ കണ്ടാൽ ആഗ്രഹിച്ച ഫലപ്രവചനം കിട്ടുമാറാകും.

ഗ്രഹങ്ങളെല്ലാം ദേവന്മാരണല്ലോ. അവർ ഓരോ സമയത്തും കുളി, വസ്ത്രധാരണം, സുരപാനം, പൂജ, ധ്യാനം, അതിഥി സൽക്കാരം, സുരതം തുടങ്ങിയ 27 തരം കർമ്മങ്ങളിൽ വ്യാപൃതരായിരിക്കും. സൂര്യൻ മദ്യപാനം ചെയ്യുന്ന സമയത്ത് ജനിക്കുന്ന കുട്ടി സ്വാഭാവികമായും ദുർവൃത്തനായിരിക്കും.

ല2 ച7
ല1 ച4
ല12 ച10
ച1

ഏഴരശ്ശനിയും കണ്ടകശ്ശനിയും ശനി ലഗ്നാൽ 12,1,2 ഭാവങ്ങളിലൂടെ കടന്നുപോകുന്ന 7 ½ വർഷമാണ് ഏഴരശ്ശനികാലം.

ശനി ചന്ദ്രാൽ 4,7,10 ഭാവങ്ങളിലൂടെ കടന്നുപോകുന്ന കാലമാണ് കണ്ടകശ്ശനി കാലം.

ഗ്രഹവേധം

ജാതകത്തിൽ ചന്ദ്രാൽ ചില ഭാവങ്ങളിൽ നിൽക്കുന്ന ഗ്രഹങ്ങൾ ശുഭഫലങ്ങളോ ദോഷഫലങ്ങളോ ചെയ്യും എന്നാണല്ലോ വിശ്വാസം. എന്നാൽ ഭാവം മാത്രം അറിഞ്ഞതുകൊണ്ടായില്ല, വേധം കൂടി അറിയണം. വേധം എന്നാൽ അമ്പെയ്തു വീഴ്ത്തൽ തന്നെ. ഗോചരത്തിൽ ചില ഗ്രഹങ്ങൾ മറ്റുചിലതിനെ വേധം ചെയ്ത് ഫലദാന ശക്തി കെടുത്തുമത്രേ. ഉദാഹരണത്തിന്, ചന്ദ്രാൽ 3,6,10,11 ഭാവങ്ങളിൽ നിൽക്കുന്ന സൂര്യൻ ശുഭഫലദായകനാണ്. ഈ ഫലദായകത്വത്തെ 9,12,4,5 ഭാവങ്ങളിൽ നിൽക്കുന്ന ഗ്രഹങ്ങൾ വേധിക്കും. അതുപോലെ ചൊവ്വ, ശനി, രാഹു ഇവയ്‌ക്ക് 3,6,11 സ്ഥാനങ്ങൾ ശുഭങ്ങളും 12,9,5 വേധസ്ഥാനങ്ങളുമാണ്. ഇതു പോലെ മറ്റു ഗ്രഹങ്ങൾക്കും. രവിയും, ശനിയും, ചന്ദ്രനും, ബുധനും പരസ്പരം വേധിക്കില്ല.

ഏഴരശനിയും കണ്ടകശനിയും

ശനിയുടെ പ്രധാനപ്പെട്ട ഗോചരകാലങ്ങാളിവ. ശനി ഒരു രാശിയിലൂടെ സഞ്ചരിക്കാൻ 2½ വർഷം എടുക്കുമല്ലോ. 30 വർഷത്തിൽ ഒരു തവണ അത് എല്ലാ രാശികളിലൂടെയും പോകും. അതിൽ 7½ വർഷം തുടർച്ചയായി ലഗ്നത്തിനു മുമ്പുള്ള രാശി (12-ാം ഭാവം), ലഗ്നം (ഒന്നാം ഭാവം), ലഗ്നത്തിന് ശേഷമുള്ള രാശി (2-ം ഭാവം) ഇവയിലായിരിക്കുമല്ലോ. ഈ 7½ വർഷമാണ് ഏഴരശ്ശനി. അതുപോലെ ചന്ദ്രാൽ 4,7,10 ഭാവങ്ങളിലൂടെ ശനി സഞ്ചരിക്കുന്ന കാലത്തെ കണ്ടകശ്ശനി എന്നു പറയും. രണ്ടും മഹാ ചീത്തകാലമാണത്രേ. അലച്ചിൽ, അപമാനം, വിരഹം, പരദേശവാസം, സ്ഥാനചലനം, കേസുകൾ, ഗൃഹഛിദ്രം, ധനനാശം ഇങ്ങനെ പോകുന്നു കഷ്ട നഷ്ടങ്ങൾ. പാവം ശനി. ഓരോ മനുഷ്യന്റെയും ജീവിതത്തിൽ പകുതി (30 വർഷത്തിൽ 7½+7½ വർഷം വീതം) ജ്യോത്സ്യൻ ഇങ്ങനെ ദുരിതപൂർണമാക്കുന്ന കാര്യം അതറിയുന്നുണ്ടോ!