പക്ഷെ പ്രശ്നമതല്ല; ശാസ്ത്രത്തേയും ശാസ്ത്രബോധത്തേയും പലപ്പോഴും ശാസ്ത്രത്തിന്റെ ഉല്പന്നമായ സാങ്കേതിക വിദ്യകളുമായി നാം കൂട്ടിക്കുഴയ്ക്കുന്നു. ഒരു കവിത മൂളുകയോ രചിക്കുകയോ ചെയ്യുംപോലെ, ഒരു പൂവിന്റെ നിറവും ഗന്ധവും ആസ്വദിക്കുംപോലുള്ള ഒരു സർഗ്ഗാത്മക പ്രവർത്തനമാണ് ചുറ്റും കാണുന്ന പ്രകൃതി പ്രതിഭാസങ്ങളുടെ കാരണം തേടലും. ഈ കാര്യകാരണബോധമാകട്ടെ ശാസ്ത്രകാര്യവിചാരത്തിന് മാത്രമുള്ളതല്ല. എല്ലാ പ്രശ്നങ്ങളോടുമുള്ള ഒരു സമീപനരീതി തന്നെയാണത്. പ്രകൃതിപ്രതിഭാസങ്ങൾ മനസ്സിലാക്കാൻ അതല്ലാതെ നമുക്കെപ്പോഴും ആശ്രയിക്കാവുന്ന വേറെന്തു സമീപനമാണുള്ളത്? മനുഷ്യന് ഉൾക്കാഴ്ചകളുണ്ടെന്നത് നേരാണ്. അത് ചിലർക്ക് ഇമ്മിണി കൂടുതൽ ഉണ്ടായെന്നും വരാം. പക്ഷെ അതു തികച്ചും ഭൗതികേതരമായ ഒരു പ്രതിഭാസമാണെന്ന് തോന്നുന്നില്ല. ഒരു വിഷയത്തെക്കുറിച്ച് നിരന്തരം ചിന്തിക്കുകയും അന്വേഷിക്കുകയും വേവലാതിപ്പെടുകയും ചെയ്യുന്നവർക്കേ ഉൾക്കാഴ്ചയും ഉണ്ടാകാറുള്ളു. നമ്മുടെ കാലഘട്ടത്തിൽ തന്നെ ഗാന്ധിജിയും വിവേകാനന്ദനും ഐൻസ്റ്റൈനും ബോസും കാറൽമാർക്സും എല്ലാം ഇത്തരം ഉൾക്കാഴ്ചകൾ പ്രകടിപ്പിച്ചിട്ടുള്ള വ്യക്തികളാണ്. അത്തരം വ്യക്തികളെയാകാം പണ്ടുകാലത്ത് മഹർഷിമാർ എന്ന് വിളിച്ചതും. നാമറിയാതെ നമ്മുടെ ഉള്ളിൽ നടക്കുന്ന ഒരു മനനപ്രക്രിയയുടെ ഫലമാകണം ഇത്തരം ഉൾക്കാഴ്ചകളെല്ലാം എന്ന് തോന്നുന്നു. ഉൾക്കാഴ്ചകളുടെയെല്ലാം സ്വീകാര്യതയുടെ ഉരകല്ല് നമ്മുടെ കാര്യകാരണബോധം ആയിരിക്കുകയും വേണം. അല്ലെങ്കിൽ തെറ്റ് പറ്റും.
"ചിങ്ങനക്ഷത്ര സമൂഹത്തിൽ അനേക കോടി ബ്ലാക്ക് ഹോളുകൾ ഉള്ളതായി ഈയ്യിടെ തെളിയുകയുണ്ടായി. മകം, പൂരം, ഉത്രം കാൽ ഭാഗം ഉൾപ്പെട്ട ചിങ്ങം നക്ഷത്ര സമൂഹത്തിൽ ജനിച്ചവരെ പഠിച്ചു നോക്കൂ. അവർ ഉൾക്കളങ്കമുള്ളവരാണെന്ന് ബോധ്യമാകും" (മാതൃഭൂമി ആഴ്ചപ്പതിപ്പ് 2001 ആഗസ്റ്റ് 19-വായനക്കാർ എഴുതുന്നു) പ്രസ്താവനയും. (അനേക കോടി ബ്ലാക്ക് ഹോളുകൾ) അതിൽ നിന്നെത്തിയ നിഗമനവും (ജാതകന്റെ ഉൾക്കളങ്കം) ശുദ്ധമായ അസംബന്ധമാണ്. ആകാശഗംഗയിൽപോലും ഒരു ബ്ലാക്ക് ഹോൾ സാന്നിദ്ധ്യം സംശയാതീതമായി തെളിയിക്കാൻ കഴിഞ്ഞിട്ടില്ല. എന്നിട്ടല്ലേ ലിയോക്ലസ്റ്ററിൽ! |
നമ്മുടെ അതിർത്തി കാക്കുന്ന ജവാന്മാരുടെ, ചുരുങ്ങിയത് സൈനിക ഓഫീസർമാരുടെയെങ്കിലും ജാതകങ്ങൾ ഒന്നു പരിശോധിക്കാൻ ജ്യോത്സ്യന്മാർ തയ്യാറാവണം. അവരുടെ ശൂരതയ്ക്ക് കാരണമായ ചൊവ്വയുടെയും മറ്റും സ്ഥാനം ഒന്നു പരിശോധിക്കണം. പ്രേമത്തിന്റെയും കലകളുടേയും സൗന്ദര്യത്തിന്റെയും കാരകനായ ശുക്രന്റെ സ്ഥിതിയും ഒപ്പം നോക്കാം. |
ഉൾക്കാഴ്ച എന്നത് ദിവ്യദൃഷ്ടിയോ ദിവ്യമായ ജ്ഞാനമോ ആണെങ്കിൽ അതിൽ തെറ്റുവരാൻ പാടില്ലല്ല്ലോ. ഒരു മഹർഷിയുടെ കണ്ടെത്തലും മറ്റൊരു മഹർഷിയുടെ കണ്ടത്തലും തമ്മിൽ വൈരുധ്യവും ഉണ്ടാകാൻ പാടില്ല. പക്ഷേ കാര്യങ്ങളങ്ങനെയല്ല. കണാദനും ചാർവാകനും ബൃഹസ്പതിയും (ലോകായത ദർശനത്തിന്റെ ഉപജ്ഞാതാവ്) പതഞ്ജലിയും കപിലനും (സാംഖ്യദർശനത്തിന്റെ ഉപജ്ഞാതാവ്) വൈശേഷികകാരനും അനേക വിഭാഗത്തിൽപ്പെട്ട വേദാന്തികളും പ്രപഞ്ചത്തെയും ജീവിതത്തെയും ദർശിച്ചത് ഒരേരീതിയിലല്ലല്ലോ. അക്കാലത്തെ അറിവുകളുടെ പരിമിതി അവരുടെ ഉൾക്കാഴ്ചകളെയും ബാധച്ചതായി നാം കാണുന്നു. ജ്യോതിഷികളായ വസിഷ്ഠനും, അത്രിയും, ഭൃഗുവും, പരാശരനും എല്ലാം മുനികളായിരുന്നല്ലോ. സ്വർഭാനു എന്ന അസുരൻ സൂര്യനെ തന്റെ മായാശക്തികൊണ്ട് നിർവീര്യനാക്കുക മുലമാണ് സൂര്യഗ്രഹണമുണ്ടാകുന്നതെന്ന്